എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, സ്വാതന്ത്ര്യദിനത്തിന്റെ ഈ മഹനീയ അവസരത്തില്‍ ഞാന്‍ നിങ്ങള്‍ക്ക് ശുഭാശംസകള്‍ നേരുന്നു. ഇന്ന് രാജ്യം ആത്മവിശ്വാസത്താല്‍ നിറഞ്ഞുതുളുമ്പുകയാണ്. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള ദൃഢനിശ്ചയവുമായി, കഠിന പ്രയത്നത്തിലൂടെ രാജ്യം ഇന്ന് പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണ്. ഇന്നത്തെ പ്രഭാതം പുതിയ പ്രസരിപ്പും പുതിയ ഉന്മേഷവും, പുതിയ ഉല്‍സാഹവും പുതിയ ഊര്‍ജ്ജവും ഒപ്പം കൊണ്ടുവന്നിട്ടുണ്ട്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമ്മുടെ രാജ്യത്ത് 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി പൂക്കളുണ്ട്. നമ്മുടെ സ്വാതന്ത്ര്യദിനത്തില്‍, ത്രിവര്‍ണ്ണപതാകയിലെ അശോകചക്രത്തെപ്പോലെ ഈ വര്‍ഷം തെക്കന്‍ നീലഗിരികുന്നുകളില് നീലക്കൂറിഞ്ഞികള് സമ്പൂര്‍ണ്ണമായി പുഷ്പ്പിച്ചുനില്‍ക്കുകയാണ്.
എന്റെ പ്രിയപ്പെട്ട രാജ്യനിവാസികളേ, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, മണിപ്പൂര്‍, തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള നമ്മുടെ പെണ്‍കുട്ടികള്‍ ഏഴു സമുദ്രവും ചുറ്റിക്കറങ്ങി മടങ്ങിയെത്തിയ സമയത്താണ് നാം ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ഏഴു സമുദ്രങ്ങളിലും ത്രിവര്‍ണ്ണപതാക പാറിച്ച്, ഏഴുസമുദ്രത്തിലെയും ജലത്തിന് നമ്മുടെ ത്രിവര്‍ണ്ണപതാകയുടെ നിറം പകര്‍ന്നാണ് അവര്‍ മടങ്ങിവന്നിരിക്കുന്നത്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, എവറസ്റ്റ് കൊടുമുടി പല തവണ കീഴടക്കിയ നമ്മുടെ നിരവധി ധൈര്യശാലികള്‍, നമ്മുടെ നിരവധി പെണ്മക്കള്, എവറസ്റ്റ് കൊടുമുടിയില്‍ ത്രിവര്‍ണ്ണപതാക പാറിച്ച സമയത്താണ് സ്വാതന്ത്ര്യത്തിന്റെ ഈ ഉത്സവം നാം ആഘോഷിക്കുന്നത്. ദേശീയപതാകയുടെ പ്രഭ കൂടുതല്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് നമ്മുടെ വിദൂര വനമേഖലകളില്‍ നിന്നുള്ള ഗോത്രവിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ എവറസ്റ്റ് കൊടുമുടിയില്‍ ത്രിവര്‍ണ്ണപതാക പാറിച്ചത് ഞാന്‍ ഓര്‍ക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ലോക്സഭയുടെയും രാജ്യസഭയുടെ സമ്മേളനം അടുത്തിടെയാണ് സമാപിച്ചത്. സമ്മേളനത്തിന്റെ നടപടിക്രമങ്ങള്‍ വളരെ ചിട്ടയായ രീതിയിലാണ് നടത്തിയതെന്ന് നിങ്ങള്‍ കണ്ടിരിക്കും. ഒരു തരത്തില്‍ അത് മുഴുവനും സാമൂഹികനീതിക്കുവേണ്ടി സമര്‍പ്പിക്കുകയായിരുന്നു.
സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങളെ-അത് ദളിതുകളോ, ദാരിദ്ര്യം അനുഭവിക്കുന്നവരോ, ചൂഷണം ചെയ്യപ്പെടുന്ന വ്യക്തികളോ, സ്ത്രീകളോ ആയിക്കോട്ടെ അവരുടെ താല്പര്യം സംരംക്ഷിക്കുന്നതിന്, അവര്‍ക്ക് വേണ്ട സാമൂഹികക്ഷേമ ചട്ടക്കൂട് കൂടുതല്‍ ശക്തമാക്കുന്നതിന് നമ്മുടെ പാര്‍ലമെന്റ് അങ്ങേയറ്റത്തെ സംവേദാത്മകതയും ജാഗ്രതയും പ്രകടിപ്പിച്ചു.
ഒ.ബി.സി കമ്മിഷന് ഭരണഘടനാപദവി നല്‍കണമെന്ന ആവശ്യം വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. ഇക്കുറി നമ്മുടെ പാര്‍ലമെന്റ് ഈ കമ്മിഷന് ഭരണഘടനാ പദവി അനുവദിച്ചു. പിന്നോക്കകാരുടെയും അങ്ങേയറ്റം പിന്നോക്കമായിട്ടുള്ളവരുടെയും താല്പര്യങ്ങള് സംരക്ഷിക്കുന്നതിനുള്ള പ്രയത്നമായിരുന്നു ആ നടപടി.
ഇന്ന്, നമ്മുടെ രാജ്യത്ത് വാര്‍ത്തകള്‍ പുതിയ അവബോധം കൊണ്ടുവന്ന സമയത്താണ് നാം സ്വാതന്ത്ര്യത്തിന്റെ ഉത്സവം ആഘോഷിക്കുന്നത്. ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും താമസിക്കുന്ന എല്ലാ ഇന്ത്യാക്കാരും ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്ഘടനയായി മാറിയെന്നതില്‍ അഭിമാനം കൊള്ളുന്നവരാണ്. സകാരാത്മകമായ അന്തരീക്ഷത്തില്‍, ഏറെ അനുകുലമായ സംഭവ ശൃംഖലയ്ക്കിടയിലാണ് നാം ഇക്കുറി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.
ആദരണീയനായ ബാപ്പുവിന്റെ നേതൃത്വത്തില്‍ നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ലക്ഷക്കണക്കിനാളുകള്‍ ജീവത്യാഗം ചെയ്യുകയും തങ്ങളുടെ യുവത്വം ജയിലില്‍ ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി വിപ്ലവകാരികള്‍ ധീരതയോടെ കഴുമരം വരിച്ചു. ഇന്ന് എന്റെ നാട്ടുകാര്‍ക്കുവേണ്ടി ആ സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അവരെ വന്ദിക്കുകയും ചെയ്യുന്നു. ജീവിതത്തിലും മരണത്തിലും നമ്മുടെ തല ഉയര്‍ത്തിപ്പിടിക്കുന്നതിന് നമുക്ക് പ്രചോദനമാകുന്ന ത്രിവര്‍ണ്ണപതാകയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിന് നമ്മുടെ സൈനികരും അര്‍ദ്ധസൈനിക വിഭാഗങ്ങളും ജീവന് തന്നെ അര്‍പ്പിച്ചിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നമ്മുടെ പോലീസ് സേനകള്‍ രാവും പകലും രാജ്യസേവനം നടത്തുകയാണ്.
രാജ്യത്തിന് വേണ്ടി അര്‍പ്പണ മനോഭാവത്തോടെ നടത്തുന്ന സേവനത്തിനും ധീരതയോടെയുള്ള കഠിനപ്രയത്നത്തിനും സൈനികരെ, അര്‍ദ്ധസൈനികവിഭാഗത്തെ, പോലീസ് സേനയെ ഞാന്‍ ഈ ചുവപ്പ് കോട്ടയുടെ കൊത്തളത്തില്‍ നിന്ന്, ത്രിവര്‍ണ്ണപതാകയെ സാക്ഷിനിര്‍ത്തിക്കൊണ്ട് വന്ദിക്കുന്നു.
ഇക്കൊല്ലം നല്ല മഴ ലഭിക്കുന്നതായും അതോടൊപ്പം രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകുന്നതായും നമുക്ക് വാര്‍ത്തകള്‍ ലഭിക്കുന്നുണ്ട്. ദുരന്തത്തിന്റെ ഈ സമയത്ത് പ്രതിസന്ധിഘട്ടം മറികടക്കുന്നതിനായി രാജ്യം നിങ്ങളോടൊപ്പമുണ്ടെന്ന് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കും ദുരിതത്തിലകപ്പെട്ടവര്‍ക്കും ആവര്‍ത്തിച്ച് ഉറപ്പുനല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. പ്രകൃതിദുരന്തത്തില്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ,
അടുത്തവര്‍ഷം ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വര്‍ഷമാണ്. അതിക്രമങ്ങള്‍ എല്ലാ പരിധിയും വിട്ട സമയത്ത് നമ്മുടെ ബഹുജനങ്ങള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന് ത്യജിച്ചു. ജാലിയന്‍വാലാബാഗ് സംഭവം നമ്മുടെ ധീരന്മാരുടെ ത്യാഗത്തെ ഓര്‍മ്മിപ്പിക്കുകയും അത് നമ്മെ പ്രചോദിതരാക്കുകയും ചെയ്യുന്നു. എല്ലാ ധീരന്മാരെയും എന്റെ ഹൃദയത്തിന്റെ ആഴത്തില്‍ നിന്ന് ഞാന്‍ വന്ദിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ,
നമ്മുടെ സ്വാതന്ത്ര്യത്തിന് വലിയ വില നല്‍കേണ്ടിവന്നിട്ടുണ്ട്. ബാപ്പുവിന്റെയും വിപ്ലവകാരികളുടെയും നേതൃത്വത്തില്‍ നിരവധി നായകരും സത്യഗ്രഹികളും ധീര പുരുഷന്മാരും സ്ത്രീകളും യുവാക്കളും രാജ്യത്തിന്റെ സ്വാതന്ത്ര്യസമരപോരാട്ടത്തില്‍ പങ്കാളികളായി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പരിശ്രമിക്കുന്നവേളയില്‍ അവര്‍ തടവനുഭവിക്കുകയും യുവത്വത്തിന്റെ പ്രധാനഭാഗം ജയിലുകളില്‍ കഴിയുകയും ചെയ്തു. ഈ കഷ്ടതകള്‍ക്കിടയിലും അവര്‍ മഹത്തരമായ ഇന്ത്യ എന്ന സ്വപ്നത്തെ താലോലിച്ച് പരിപോഷിപ്പിച്ചു.
നിരവധി വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്നാട്ടില്‍ നിന്നുള്ള ദേശീയ കവി സുബ്രഹ്മണ്യഭാരതി, രാജ്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണം വാക്കുകളിലൂടെ അവതരിപ്പിച്ചു.
“एल्लारुम् अमरनिलई आईडुमनान
मुरईअई इंदिया उलागिरिक्कु अलिक्कुम”.
('' എല്ലാരും അമരനില്ലൈ ആടുംനാന്‍
മുറൈ ഇന്ത്യ ഉലകിരിക്കു അലിക്കും'').
സ്വാതന്ത്ര്യത്തിന് ശേഷം അദ്ദേഹം വിഭാവനം ചെയ്ത സ്വപ്നമെന്തായിരുന്നു? എല്ലാ ബന്ധനങ്ങളില്‍ നിന്നും മോചനം നേടാന്‍ ലോകത്തിനാകെ ഇന്ത്യ വഴികാട്ടുമെന്നാണ് സുബ്രഹ്മണ്യഭാരതി പറഞ്ഞത്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ,
ഇത്തരത്തിലുള്ള മഹദ്വ്യക്തികളുടെ സ്വപ്നം സാക്ഷാത്കരിക്കാനും സ്വാതന്ത്ര്യസമരസേനാനികളുടെയും രാജ്യത്തെ പൗരന്മാരുടെയും ആശയും പ്രതീക്ഷകളും പൂര്‍ത്തീകരിക്കാനുമായി സ്വാതന്ത്ര്യത്തിന് ശേഷം ബഹുമാന്യനായ ബാബാസാഹിബ് അംബേദ്കര്‍ജിയുടെ നേതൃത്വത്തില്‍ എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ഭരണഘടനയ്ക്ക് ഇന്ത്യ രൂപം നല്കി. ഈ ഭരണഘടന നവ ഇന്ത്യയെ സൃഷ്ടിക്കുകയെന്ന നമ്മുടെ പ്രതിജ്ഞയുടെ മുന്ഗാമിയായിരുന്നു. അത് നമുക്ക് ചില ഉത്തരവാദിത്തങ്ങള്‍ കൊണ്ടുവരികയും നമുക്ക് ചില അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കുകയും ചെയ്തു. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും ഇന്ത്യയിലെ എല്ലാ ഭൂമിശാസ്ത്രമേഖലകള്‍ക്കും മുന്നോട്ടുള്ള പ്രയാണത്തിന് തുല്യ അവസരങ്ങള്‍ ലഭിക്കണമെന്ന് പറഞ്ഞുകൊണ്ട് നമ്മുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് നമ്മെ നയിക്കുന്ന ശക്തിയാണ് നമ്മുടെ ഭരണഘടന.
പ്രിയപ്പെട്ട സഹോദരീ, സഹോദരന്മാരെ,
നമ്മുടെ ത്രിവര്‍ണ്ണപതാകയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നതിനും നമ്മുടെ ഭരണഘടന നമുക്ക് മാര്‍ഗ്ഗദര്‍ശനം നല്കുന്നു. പാവപ്പെട്ടവര്‍ക്ക് നീതിയും മുമ്പോട്ടുപോകുന്നതിന് എല്ലാവര്ക്കും തുല്യ അവസരങ്ങളും ഉറപ്പാക്കണമെന്നും, നമ്മുടെ സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍, ഇടത്തരക്കാര്‍, ഉയര്‍ന്ന ഇടത്തര വിഭാഗങ്ങള്‍ എന്നിവര്‍ വളര്‍ച്ചയില്‍ തടസം അഭിമുഖീകരിക്കരുതെന്നും, ഗവണ്മെന്റ് അവരുടെ വഴികളില്‍ വരരുതെന്നും അവരുടെ സ്വപ്നങ്ങളെ സാമൂഹികക്രമങ്ങള്‍ ഞെരിച്ചുകളയരുതെന്നും ഭരണഘടന സൂചിപ്പിക്കുന്നു.
അവര്‍ക്ക് വളരാനും പുഷ്പിക്കാനും, പരിമിതികളിലില്ലാതെ പുഷ്ടിപ്പെടുന്നതിനും വേണ്ട സാഹചര്യം നാം സൃഷ്ടിക്കണം.
നമ്മുടെ മുതിര്‍ന്ന പൗരന്മാരോ, അംഗപരിമിതരോ, നമ്മുടെ സ്ത്രീകളോ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോ, ദാരിദ്ര്യം അനുഭവിക്കുന്ന ജനങ്ങളോ, അല്ലെങ്കില്‍ വനത്തില്‍ താമസിക്കുന്ന നമ്മുടെ ആദിവാസി സഹോദരങ്ങളോ ആയിക്കോട്ടെ, എല്ലാവര്ക്കും അവരുടെ ആശയ്ക്കും അഭിലാഷത്തിനുമനുസരിച്ച് വളരാനുള്ള അവസരം ലഭിക്കണം. ശക്തവും സ്വയം പര്യാപ്തവുമായ ഒരു ഇന്ത്യ, സ്ഥിരമായ പുരോഗതി കൈവരിക്കുന്ന ഒരു രാജ്യം, പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്ന ഇന്ത്യ, ലോകത്താകമാനം സദ്കീര്‍ത്തി ലഭിക്കുന്ന ഒരു ഇന്ത്യ എന്നതാണ് നാം ആഗ്രഹിക്കുന്നത്. അത് മാത്രമല്ല, ഇന്ത്യ ലോകത്താകെ തിളങ്ങി നില്‍ക്കണമെന്നും നാം ആഗ്രഹിക്കുന്നു. അത്തരത്തിലൊരു ഇന്ത്യയെയാണ് നാം നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നത്.
പ്രിയപ്പെട്ട നാട്ടുകാരെ, ടീം ഇന്ത്യയെകുറിച്ചുള്ള എന്റെ വീക്ഷണം ഞാന്‍ നേരത്തേയും പറഞ്ഞിട്ടുള്ളതാണ്. 125 കോടി ജനങ്ങള്‍ പങ്കാളികളാകുമ്പോള്‍, ഓരോ പൗരനും രാജ്യത്തിന്റെ വികസനത്തില്‍ പങ്കുചേരും. 125 കോടി സ്വപ്നങ്ങളും, 125 കോടി പ്രതിജ്ഞകളും, 125 കോടി പ്രയത്നങ്ങളും ആഗ്രഹിക്കുന്ന ലക്ഷ്യം നേടാന്‍ ശരിയായ ദിശയില്‍ മുന്നേറിയാല്‍ നേടാനാകാത്തതായി ഒന്നുമുണ്ടാവില്ല.
പ്രിയപ്പെട്ട സഹോദരീ, സഹോദരന്മാരെ, അങ്ങേയറ്റത്തെ വിനയത്തോടെയും ബഹുമാനത്തോടെയും ഞാന്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. 2014ല്‍ ഗവണ്മെന്റിന് വേണ്ടി വോട്ടുചെയ്ത ശേഷം 125 കോടി പൗരന്മാര് വിശ്രമിച്ചിട്ടില്ല. ഒരു ഗവണ്മെന്റ് രൂപീകരണത്തോടെ പൗരന്മാര് അടങ്ങിയിരുന്നില്ല, അവര്‍ ഒരു രാജ്യം നിര്‍മ്മിക്കുന്നതിന് വേണ്ടി പരിശ്രമിച്ചു. അവര്‍ ഒന്നിച്ചുവന്നു, ഒന്നിച്ചുനിന്നു, ഇനിയും ഒന്നിച്ചുതന്നെ തുടരും. 6 ലക്ഷത്തില്‍പരം ഗ്രാമങ്ങളില്‍ നിന്നുള്ള ഈ 125 കോടി ജനങ്ങളുടെ ഒരുമയാണ് നമ്മുടെ രാജ്യത്തിന്റെ യഥാര്‍ത്ഥ ശക്തി. ഇന്ന് ശ്രീ അരബിന്ദോയുടെ ജന്മവാര്‍ഷികം നാം ആഘോഷിക്കുകയാണ്. അദ്ദേഹം വളരെ പ്രസക്തമായ ചിലത് പറഞ്ഞിട്ടുണ്ട്- എന്താണ് ഒരു രാജ്യം? എന്താണ് നമ്മുടെ മാതൃഭൂമി? അത് വെറും ഒരു തുണ്ട് ഭൂമി മാത്രമല്ല, വെറും ഒരു തിരിച്ചറിയല്‍ മാത്രവുമല്ല, അതുമല്ലെങ്കില്‍ അത് ഭാവനയുടെ സങ്കല്പ്പ സൃഷ്ടിയല്ല. ഒരു രാജ്യം എന്നത് അതിന് മൂര്‍ത്തമായ ഒരു ഘടന നല്‍കുന്നതിന് നിരവധി സംഘടിതവിഭാഗങ്ങളാല്‍ രൂപീകരിക്കപ്പെട്ട വലിയ ചിന്തകളുടെ കലവറയാണ്. അരബിന്ദോയുടെ ഈ ചിന്തയാണ് രാജ്യത്തെ ഒന്നിപ്പിച്ച് നിര്‍ത്തുന്നതും മുന്നോട്ടു നയിക്കുന്നതും. നാം എവിടെ നിന്നാണ് ആരംഭിച്ചത് എന്നറിയാതെ നാം ശരിയായി മുന്നോട്ടുപോകുന്നുവെന്നത് ഗ്രഹിക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ട്. നമ്മള് എവിടെ നിന്നാണോ യാത്ര തുടങ്ങിയത് എന്നത് നോക്കാതെ നാം എത്ര ദൂരം കടന്നുവെന്ന് വിലയിരുത്തുക അസാദ്ധ്യമാണ്. ആ വസ്തുതയുടെ സൂക്ഷ്മതയ്ക്കായി, നാം 2013 നെ അടിസ്ഥാനവര്‍ഷമായി പരിഗണിക്കുകയും കഴിഞ്ഞ നാലുവര്‍ഷം ചെയ്ത പ്രവര്‍ത്തികള്‍ കണക്കാക്കുകയും ചെയ്താല്‍, രാജ്യം സഞ്ചരിക്കുന്ന വേഗതയിലും പുരോഗതി കൈവരിക്കുന്ന ഗതിവേഗത്തിലും നിങ്ങള്‍ ആശ്ചര്യപ്പെടും. ശുചിമുറികളുടെ കാര്യമെടുക്കുക. ശുചിമുറികള്‍ നിര്‍മ്മിക്കുന്നതില്‍ 2013ലെ അതേ വേഗം തുടര്‍ന്നിരുന്നുവെങ്കില്‍ അത് ലക്ഷ്യമിട്ട 100% കൈവരിക്കാന്‍ പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വരുമായിരുന്നു.
ഗ്രാമങ്ങളില്‍ വൈദ്യുതി നല്‍കുന്നതിനെക്കുറിച്ച് 2013ലെ പ്രവൃത്തിയുടെ അടിസ്ഥാനത്തില്‍ സംസാരിക്കുകയാണെങ്കില്‍ ആ പ്രവൃത്തി പൂര്‍ത്തിയാകാന്‍ രണ്ടു ദശകങ്ങളെങ്കിലും കൂടി വേണ്ടി വരുമായിരുന്നു. പുകരഹിത എല്‍.പി.ജി കണക്ഷന് പാവപ്പെട്ടവര്‍ക്ക്, പാവപ്പെട്ട അമ്മമാര്‍ക്ക് നല്കുന്നതിനെക്കുറിച്ചാണ് പറയുന്നതെങ്കില്‍, 2013ല്‍ അത് ചെയ്തിരുന്ന വേഗതയുടെ അടിസ്ഥാനത്തിലാണെങ്കില്‍ 100 വര്‍ഷമായാല്‍ പോലും അത് പൂര്‍ത്തിയാകില്ലായിരുന്നു. ഗ്രാമങ്ങളില്‍ ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖല ഇടുന്നതിന് നാം 2013ലെ വേഗതയാണ് സ്വീകരിച്ചിരുന്നെങ്കില്‍ തലമുറകള്‍ കഴിഞ്ഞാലും നമുക്ക് അത് പൂര്‍ത്തിയാക്കാന്‍ കഴിയില്ലായിരുന്നു. വികസനത്തിന് ഇതേ വേഗത തന്നെ നിലനില്‍ത്തിക്കൊണ്ടു പോകുന്നതിന് ഞങ്ങള്‍ പരിശ്രമിക്കും.
സഹോദരീ, സഹോദരന്മാരെ, രാജ്യത്തിന് വലിയ പ്രതീക്ഷകളുണ്ട്, രാജ്യത്തിന് നിരവധി ആവശ്യങ്ങളുണ്ട്. അവ പൂര്‍ത്തീകരിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകള് സ്ഥിരോത്സാഹത്തോടെയും നിരന്തരമായും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. രാജ്യം മുമ്പുള്ളതുതന്നെയാണെങ്കിലും മണ്ണ് അതുതന്നെയാണെങ്കിലും കാറ്റ് അതുതന്നെയാണെങ്കിലും ആകാശവും സമുദ്രങ്ങളും അവ തന്നെയാണെങ്കിലും ഗവണ്മെന്റ് ഓഫീസുകള്‍ അവ തന്നെയാണെങ്കിലും ഫയലുകള്‍ അവ തന്നെയാണെങ്കിലും തീരുമാനം എടുക്കുന്നതിനുള്ള നടപടിക്രമങ്ങളും അതുതന്നെയാണ് എങ്കിലും രാജ്യത്താകമാനം ഇന്ന് ഒരു വലിയ മാറ്റം നമുക്ക് കാണാനാകും. എന്തായാലും കഴിഞ്ഞ നാലുവര്‍ഷമായി രാജ്യം വലിയ മാറ്റം അനുഭവിക്കുകയാണ്. ഒരു പുതിയ ഉന്മേഷം, പുതിയ ഊര്‍ജ്ജം, പുതിയ പ്രതിജ്ഞ, പുതിയ നിശ്ചയദാര്‍ഢ്യം, പുതിയ പ്രചോദനങ്ങള്‍, ഇവ എല്ലാമാണ് രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. അതുകൊണ്ടാണ് രാജ്യം ഹൈവേ നിര്‍മ്മാണത്തിന്റെ വേഗത ഇരട്ടിയാക്കിയത്. ഗ്രാമങ്ങളില്‍ പുതിയ വീടുകളുടെ നിര്‍മ്മാണം നാലിരട്ടിയായി. രാജ്യത്തെ ഭക്ഷ്യോല്‍പ്പാദനം ഇന്ന് എക്കാലത്തേയും ഉയരത്തിലാണ്. മൊബൈല്‍ ഫോണുകളുടെ റെക്കോര്‍ഡ് ഉല്‍പ്പാദനമാണുണ്ടായിട്ടുള്ളത്. ട്രാക്ടറുകളുടെ വില്‍പ്പന പുതിയ ഉയരങ്ങള്‍ തൊട്ടു. ഒരുവശത്ത് കര്‍ഷകര്‍ ഇന്ന് വാങ്ങുന്ന ട്രാക്ടറുകളുടെ എണ്ണത്തില്‍ റെക്കാര്‍ഡ് സൃഷ്ടിക്കുമ്പോള്‍, അതേസമയം തന്നെ സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം വാങ്ങുന്ന വിമാനങ്ങളുടെ എണ്ണത്തിലെ റെക്കോര്‍ഡിനും സാക്ഷ്യം വഹിക്കുകയാണ്. സ്കൂളുകളില്‍ ശുചിമുറികള്‍ നിര്‍മ്മിക്കുകയാണ്. പുതിയ ഐ.ഐ.എമ്മുകള്‍, ഐ.ഐ.ടികള്‍, എയിംസുകള്‍ എന്നിവയൊക്കെ ആരംഭിക്കുന്നു. നൈപുണ്യവികസന ദൗത്യത്തിന് ഗതിവേഗം നല്‍കിക്കൊണ്ട് രാജ്യം ചെറിയ നഗരങ്ങളില്‍ പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കുകയാണ്. അതേസമയം നമ്മുടെ ടയര്‍-2, ടയര്‍-3 നഗരങ്ങളില്‍ സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങളുടെ പ്രളയമാണ്.
സഹോദരീ, സഹോദരന്മാരെ, ഡിജിറ്റല്‍ ഇന്ത്യ ഇപ്പോള്‍ നമ്മുടെ ഗ്രാമങ്ങളിലും കടന്നുചെന്നുതുടങ്ങിയിരിക്കുന്നു. ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കുന്ന ഒരു ഗവണ്മെന്റ് എന്ന നിലയില്‍ ഡിജിറ്റല്‍ ഇന്ത്യ സാക്ഷാത്കരിക്കുന്നതിനുള്ള പ്രയത്നങ്ങള്‍ നടത്തുകയാണ്. അതേസമയം എന്റെ അംഗപരിമിതരായ സഹോദരീ, സഹോദരന്മാര്ക്ക് വേണ്ട പൊതുചിഹ്നങ്ങളും നിഘണ്ടുവും പൂര്‍ത്തിയാക്കുന്നതിന് അതേ അര്‍പ്പണത്തോടെയുള്ള പ്രവര്‍ത്തനം നടക്കുകയുമാണ്. ഒരു വശത്ത് നമ്മുടെ കര്‍ഷകര്‍ ആധുനിക ജലസേചന സാങ്കേതിക വിദ്യകളായ മൈക്രോ ഇറിഗേഷന്‍, ഡ്രിപ്പ് ഇറിഗേഷന്‍, സ്പ്രിംഗ്ളേഴ്സ് എന്നിവ ഉപയോഗിക്കുമ്പോള്‍, മറുവശത്ത് നിര്‍ത്തലാക്കിയ 99 വന്‍ ജലസേചന പദ്ധതികള്‍ പുനരുദ്ധരിച്ചു. പ്രകൃതിദുരന്തസമയത്ത് ആശ്വാസവും രക്ഷാപ്രവര്‍ത്തനങ്ങളും ലഭ്യമാക്കുന്നതിനായി നമ്മുടെ സൈനികര്‍ എത്തിച്ചേരുന്നുണ്ട്. പ്രതിസന്ധിയിലായിരിക്കുന്ന ജനങ്ങളെ രക്ഷിക്കുന്നതിന് അസാമാന്യ ധൈര്യം കാട്ടുന്ന നമ്മുടെ സൈനികര്‍, മിന്നലാക്രമണം നടത്തുന്നതിനും ശത്രുക്കളെ പരാജയപ്പെടുത്തുന്നതിനും ദൃഢനിശ്ചയം പ്രകടമാക്കുന്നു.
നമ്മുടെ രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നടന്ന വികസനത്തിന്റെ കാന്‍വാസില്‍ ഒന്ന് കണ്ണോടിച്ചാല്‍, ഒരാള്‍ക്ക് പുതിയ ഊര്‍ജ്ജവും ആവേശവുമായി മുന്നോട്ടുപോകുന്ന രാജ്യത്തുണ്ടായ പുരോഗതി കണ്ടറിയാനാകും. ഞാന്‍ ഗുജറാത്തില്‍ നിന്നാണ് വരുന്നത്. 'നിഷാന്‍ ചുക്ക് മാഫ് ലേക്കിന് നഹിം മാഫ് നിച്ചു നിഷാന്‍' എന്ന് ഗുജറാത്തില്‍ ഒരു ചൊല്ലുണ്ട്, അത് അര്‍ത്ഥമാക്കുന്നത് ഇതാണ്- ഒരാള്‍ക്ക് വലിയ ലക്ഷ്യങ്ങളും സ്വപ്നങ്ങളുമുണ്ട്. എന്നാല്‍ അതിന് വേണ്ടി ഒരാള്‍ കഠിനമായി പ്രയത്നിക്കുകയും ഉത്തരം പറയുകയും ചെയ്യണം. എന്നാല്‍ ലക്ഷ്യം വലുതല്ലെങ്കില്‍ ലക്ഷ്യത്തിന് ദീര്‍ഘവീക്ഷണമില്ലെങ്കില്‍ തീരുമാനങ്ങള്‍ എടുക്കില്ല. വികസനം നിശ്ചലമാകും. അതാണ് എന്റെ പ്രിയ സഹോദരീ, സഹോദരന്മാരെ വലിയ ലക്ഷ്യങ്ങളും പ്രതിജ്ഞകളുമായി നമുക്ക് മുന്നോട്ടുപോകേണ്ടത് അനിവാര്യമാക്കുന്നത്. ലക്ഷ്യങ്ങളെക്കുറിച്ച് തിട്ടമില്ലെങ്കില്‍, ഉത്സാഹം അത്ര ശക്തമല്ലെങ്കില്‍, നമ്മുടെ സാമൂഹികജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങളും വര്‍ഷങ്ങളോളം തടഞ്ഞുവയ്ക്കപ്പെടും. കുറഞ്ഞ താങ്ങുവിലയുടെ (എം.എസ്.പി) കാര്യം എടുക്കുക- സാമ്പത്തികവിദഗ്ധര്‍, കര്‍ഷക സംഘടനകള്‍, കര്‍ഷകര്‍, എന്തിനേറെ രാഷ്ട്രീയപാര്‍ട്ടികള്‍ വരെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പാദന ചെലവിന്റെ ഒന്നര ഇരട്ടി കുറഞ്ഞ താങ്ങുവില ലഭിക്കണമെന്ന് ആവശ്യപ്പെടുന്നു. ഇക്കാര്യം വര്‍ഷങ്ങളായി ചര്‍ച്ചചെയ്യുന്നു, ഫയല്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നു, എന്നാല്‍ എവിടെയെങ്കിലും കുടുങ്ങികിടക്കുന്നു. അവസാനം ഞങ്ങള്‍ ആ തീരുമാനം എടുത്തു. കര്‍ഷകര്‍ക്ക് അവരുടെ നിക്ഷേപത്തിന്റെ ഒന്നര ഇരട്ടി എം.എസ്.പി നല്‍കുന്നതിനുള്ള ശക്തമായ തീരുമാനം ഞങ്ങള്‍ എടുത്തു.
ജി.എസ്.ടിയില്‍ ഏകാഭിപ്രായമുണ്ട്. എല്ലാവര്ക്കും ജി.എസ്.ടി വേണം. എന്നാല്‍ നിക്ഷിപ്തതാല്പര്യങ്ങളുടെയും ഇത് തെരഞ്ഞെടുപ്പില്‍ പ്രയോജനം ചെയ്യുമോ എന്ന ചിന്തയുടേയും അടിസ്ഥാനത്തില്‍ അവര്‍ക്ക് ഒരു തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞില്ല. ഇന്ന് ചെറുകിട വ്യാപാരികളുടെ സഹായത്തോടെ, അവരുടെ തുറന്ന മനസോടെ, പുതുമയെ സ്വീകരിക്കാനുള്ള സന്നദ്ധതയോടെ രാജ്യം ജി.എസ്.ടി നടപ്പാക്കി. വ്യാപാരസമൂഹത്തില്‍ ഒരു പുതിയ വിശ്വാസം ഉടലെടുത്തു. ജി.എസ്.ടിയെ ഉള്‍ക്കൊള്ളുന്നതില്‍ പ്രാരംഭ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്ന ചെറുകിട സംരംഭകര്‍, ചെറുകിട വ്യാപാരികള്‍ എന്നിവരെല്ലാം തന്നെ പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായി. അങ്ങനെ രാജ്യം മുന്നോട്ടു നീങ്ങുകയാണ്.
ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്തുന്നതിന് ഇന്ന് നാം ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്റപ്പന്‍സി നിയമം കൊണ്ടുവന്നു. ആരാണ് മുന്‍കാലത്ത് അതിനെ എതിര്‍ത്തിരുന്നത്? തീരുമാനം എടുക്കുന്നതിന് ദൃഢവിശ്വാസവും ശക്തിയും നിശ്ചയദാര്‍ഢ്യവും സാധാരണക്കാരുടെ നന്മയ്ക്ക് വേണ്ടിയുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണവും ആവശ്യമാണ്. എന്തുകൊണ്ടാണ് ബിനാമി സ്വത്തവകാശനിയമം മുമ്പ് കൊണ്ടുവരാത്തത്? രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ധൈര്യവും നിശ്ചയദാര്‍ഢ്യവുമുള്ളപ്പോള്‍ മാത്രമേ ബിനാമി സ്വത്തവകാശ നിയമം നടപ്പാക്കാനാകൂ. നിരവധി വര്‍ഷങ്ങളായി നമ്മുടെ സൈനികര്‍ ഒരു റാങ്ക് ഒരു പെന്ഷന് എന്ന ആവശ്യം ഉന്നയിക്കുന്നു. അവര്‍ അച്ചടക്കമുള്ളവരായതുകൊണ്ട് പ്രക്ഷോഭങ്ങളിലേക്ക് പോയില്ല, എന്നാല്‍ ആരും അവരുടെ ശബ്ദത്തിന് ചെവികൊടുത്തില്ല. ഇക്കാര്യത്തില്‍ ആരെങ്കിലും തീരുമാനം എടുക്കേണ്ടതുണ്ടായിരുന്നു. ആ തീരുമാനം എടുക്കാനുള്ള ഉത്തരവാദിത്തം നിങ്ങള്‍ ഞങ്ങള്‍ക്ക് നല്കി, ഞങ്ങള്‍ അത് ഗുണപരമായി തന്നെ പൂര്‍ത്തിയാക്കി.
എന്റെ പ്രിയപ്പെട്ട സഹോദരീ, സഹോദരന്മാരെ,
പാര്‍ട്ടിയുടെ താല്പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന തരത്തിലുള്ള ആള്‍ക്കാരല്ല ഞങ്ങള്‍. വളരെ കഠിനമായ തീരുമാനങ്ങള്‍ എടുക്കാനും കഴിവുള്ളവരാണ് ഞങ്ങള്‍, എന്തെന്നാല്‍ ദേശീയതാല്‍പര്യമാണ് നമ്മുടെ മുന്‍ഗണന.
എന്റെ പ്രിയപ്പെട്ട സഹോദരീ, സഹോദരന്മാരെ,
ആഗോള സമ്പദ്ഘടനയുടെ ഈ കാലഘട്ടത്തില്‍ ലോകമാകെ ഇന്ത്യയിലെ ഓരോ വികസനത്തെയും ഉറ്റുനോക്കുകയാണ്-അത് വലുതോ ചെറുതോ ആയിക്കോട്ടെ, അവര്‍ വളരെയധികം ശ്രദ്ധയും പ്രതീക്ഷയും പുലര്‍ത്തുന്നു. ലോകത്തെ പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍, മുന്‍നിര സാമ്പത്തിക വിദഗ്ധര്‍, ഈ വിഷയത്തില്‍ ആധികാരികമായി എന്ന് വിലയിരുത്തുന്ന വ്യക്തികള്‍ ഒക്കെ 2014ന് മുമ്പ് ഇന്ത്യയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ പുനരാലോലിച്ചുനോക്കുക. വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇന്ത്യന്‍ സമ്പദ്ഘടന അപകടരമായ സ്ഥിതിയിലിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഞങ്ങളുടെ പരിഷ്ക്കരണ ചലനാത്മകത നമ്മുടെ സാമ്പത്തിക അടിത്തറയെ ശക്തിപ്പെടുത്തിയതുകൊണ്ട് അതേ വിദഗ്ധരും സ്ഥാപനങ്ങളും തന്നെ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നു. എങ്ങനെയാണ് കാര്യങ്ങള്‍ മാറിയത്? ഇന്ത്യയിലെ ചുവപ്പ് നാടയെക്കുറിച്ച് ലോകം പരിഹസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു, ഇന്ന് അവര്‍ ചുവപ്പ് പരവതാനിയെക്കുറിച്ചാണ് സംസാരിക്കുന്നത്. വ്യാപാരം സുഗമമാക്കുന്നതില്‍ നമ്മള് നൂറാം സ്ഥാനത്ത് എത്തി. ഇന്ന് നാം കൈവരിച്ച ഈ നേട്ടത്തെ ലോകമാകെ അഭിമാനത്തോടെയാണ് നോക്കുന്നത്. 'സ്തംഭന നയങ്ങ'ളുടേയും 'വൈകുന്ന പരിഷ്കരണങ്ങ'ളുടെയും പേരിലാണ് ഒരുകാലത്ത് ലോകം ഇന്ത്യയെ നോക്കിക്കണ്ടിരുന്നത്. പഴയ വര്‍ത്തമാനപത്ര ക്ലിപ്പിങുകള് ഈ വീക്ഷണം ശരിവയ്ക്കുന്നുമുണ്ട്. എന്നാല്‍ ഇന്ന് ഇന്ത്യയെ സംബന്ധിച്ചുള്ള ലോകത്തിന്റെ അഭിപ്രായം മാറി, അവര്‍ പരിഷ്ക്കരണം, പ്രകടനം, പരിവര്‍ത്തനം എന്നിയിലുള്ള നമ്മുടെ ശ്രദ്ധയെക്കുറിച്ചാണ് സംസാരിക്കുന്നത്. സമയബന്ധിതമായ നയതീരുമാനങ്ങളുടെ ഒരു ശൃംഖലയുടെ തുടര്‍ച്ചയായിരുന്നു ഇത്. ഇന്ത്യയെ 'ദുര്‍ബല അഞ്ചി'ല്‍ ഒന്നായി ലോകം കണക്കുകൂട്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ത്യ ലോക സമ്പദ്ഘടനയെ താഴേക്ക് വലിക്കുന്നുവെന്ന ആശങ്ക അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യ ഒരു ബഹു-ട്രില്യന്‍ ഡോളര്‍ നിക്ഷേപ കേന്ദ്രമായി മാറിയതോടെ അവരുടെ സ്വരവും മാറിയിരിക്കുന്നു.
എന്റെ പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ,
ഇന്ത്യയുമായി ബന്ധപ്പെടുന്ന നിക്ഷേപകര്‍ അടിസ്ഥാനസൗകര്യത്തിന്റെ അപര്യാപ്തതയേയും വൈദ്യുതിയുടെ കുറവുകൊണ്ട് ഇരുട്ടിനെ വരിക്കേണ്ടിവരുന്നതിനെയും കുപ്പിക്കഴുത്തിനെയും കുറിച്ചൊക്കെ വിലപിച്ചിരുന്നു. ഇന്ത്യയെ ഒരുകാലത്ത് 'ഉറങ്ങുന്ന ആന'യെന്ന് പരിഹസിച്ചിരുന്ന അതേ വിദഗ്ധര്‍ തന്നെ ഉറങ്ങുന്ന ആന ഉണര്‍ന്ന് ഓടാന്‍ തുടങ്ങിയെന്ന് ഇന്ന് പറഞ്ഞു തുടങ്ങിയിരിക്കുന്നു. അടുത്ത മൂന്നു ദശകങ്ങളില്‍ ലോകത്തിന്റെ സമ്പദ്ഘടനയ്ക്ക് ചലനാത്മകത നല്‍കുന്നതും ലോകത്തിന്റെ വളര്‍ച്ചയ്ക്ക് പ്രേരണയാകുകയും ചെയ്യുന്നത് ഇന്ത്യയായിരിക്കുമെന്നാണ് സാമ്പത്തികവിദഗ്ധരും അന്താരാഷ്ട്ര സ്ഥാപനങ്ങളും പറയുന്നത്.
ഇന്ന് അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ ഔന്നിത്യം വളരെയധികം ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യ അംഗമായിട്ടുള്ള ഏത് സംഘടനയിലും ഇന്ന് ഇന്ത്യയുടെ ശബ്ദം കേള്‍ക്കുന്നു. ചര്‍ച്ചകള്‍ക്ക് രൂപം നല്‍കുന്നതിനും ഈ സംഘടനകള്‍ക്ക് നേതൃത്വം നല്‍കുന്നതിനും ഇന്ത്യ ഒരു സുപ്രധാന പങ്കാണ് വഹിക്കുന്നത്. നാം നമ്മുടെ ശബ്ദം അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ത്തുകയാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ചില അന്താരാഷ്ട്ര സംഘടനകളില്‍ അംഗത്വത്തിനായി നാം വര്‍ഷങ്ങളായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് നമ്മുടെ രാജ്യം എണ്ണിയാലൊടുങ്ങാത്ത സംഘടനകളില്‍ അംഗമായിരിക്കുകയാണ്. പാരിസ്ഥിതിക പ്രശ്നങ്ങളിലും ആഗോളതാപനത്തിലും ആകുലരായിട്ടുള്ളവര്‍ക്ക് ഇന്ന് ഇന്ത്യ പ്രതീക്ഷയുടെ രശ്മി വാഗ്ദാനം ചെയ്യുകയാണ്. ഇന്ന് അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തിന്റെ പതാകാവാഹകരാണ് ഇന്ത്യ. തങ്ങളുടെ രാജ്യത്ത് എത്തുന്ന ഏതൊരു ഇന്ത്യക്കാരനേയും സ്വീകരിക്കാന്‍ ലോകത്തെ ഏതൊരു രാജ്യവും തയ്യാറാവുകയാണ്. അവര്‍ ഒരു ഇന്ത്യാക്കാരനെ നോക്കിയാല്‍ ഇന്ന് ഒരു പുതിയ അവബോധം അവന്റെ കണ്ണുകളില്‍ കാണാന്‍ കഴിയും. ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ ശക്തി ഇപ്പോള്‍ വര്‍ദ്ധിച്ചു. ഇത് പുത്തന്‍ പ്രതീക്ഷകളുമായി മുന്നോട്ടുനീങ്ങുന്ന ഓരോ ഇന്ത്യക്കാരനുള്ളിലും ഒരു പുതിയ ആത്മവിശ്വാസവും, പുതിയ ഊര്‍ജ്ജവും, പുതിയ ദൃഢനിശ്ചയവും പ്രോജ്ജ്വലിപ്പിച്ചു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ലോകത്തിന്റെ ഏത് ഭാഗത്തായാലും ഇന്ന് ഒരു ഇന്ത്യാക്കാരന് കുഴപ്പത്തിലോ കഷ്ടതയിലോ ആണെങ്കില്‍, ഓരോ ചുവടുവയ്പ്പിലും അവന്റെ രാജ്യം ഒപ്പമുണ്ടെന്ന് അവന് ഉറപ്പിക്കാം. അടുത്തിടെയുള്ള നിരവധി സംഭവങ്ങള്‍ ഈ വസ്തുതയ്ക്ക് സാക്ഷ്യങ്ങളാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ലോകത്തിന് ഇന്ത്യയോടുള്ള വീക്ഷണം പരിവര്‍ത്തനപ്പെട്ടതുപോലെ, ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗത്തുനിന്നുവരുന്ന വാര്‍ത്തകള്‍ മൂലം, തങ്ങള്‍ അവിടെയാകാതിരിക്കണമേയെന്ന് ഓരോരുത്തരും ചിന്തിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് എന്റെ പ്രിയപ്പെട്ട സഹോദരീ, സഹോദരന്മാരെ, വടക്കുകിഴക്കന്‍ മേഖല സകാരാത്മകമായ, പ്രചോദനം നല്കുന്ന വാര്‍ത്തകളുമായി വരികയാണ്. കായികമേഖലയില്‍ വടക്കുകിഴക്ക് ഇന്ന് തിളങ്ങുകയാണ്.
എന്റെ പ്രിയപ്പെട്ട സഹോദരീ, സഹോദരന്മാരെ, വടക്കുകിഴക്ക് നിന്ന് ഇന്ന് നമുക്ക് ലഭിക്കുന്ന വാര്‍ത്തകള്‍, അവിടുത്തെ അവസാനത്ത ഗ്രാമവും വൈദ്യുതീകരിച്ചുവെന്നും ഗ്രാമം ഒന്നാകെ രാത്രി മുഴുവന്‍ നൃത്തം ചെയ്തുവെന്നുമാണ്. സമാനമായ രീതിയില്‍ ഹൈവേകള്‍, റെയില്‍വേകള്‍, വ്യോമപാതകള്‍, ജലപാതകള്‍, വിവരപാതകള്(ഐ-വേകള്‍, ഇന്‍ഫര്‍മേഷന്‍ വേകള്‍) എന്നിവയൊക്കെ ആ മേഖലകളില്‍ വരുന്നുവെന്ന വാര്‍ത്തകളാണ് നാം കേള്‍ക്കുന്നത്. വടക്കുകിഴക്കന്‍ മേഖലയില്‍ അങ്ങോളമിങ്ങോളം വൈദ്യുതി പ്രസരണ ലൈനുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഇന്ന് വടക്കുകിഴക്കന്‍ മേഖലയില്‍നിന്നുള്ള യുവാക്കള്‍ ഈ മേഖലകളില്‍ ബി.പി.ഒകള്‍ ആരംഭിക്കുകയാണ്. പുതിയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇവിടെ തിടങ്ങുകയാണ്. ജൈവകൃഷിയുടെ കേന്ദ്രമായി വടക്കുകിഴക്കന്‍ ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. കായിക സര്‍വകലാശാലയുടെ ആസ്ഥാനവും വടക്കുകിഴക്കാണ്.
സഹോദരീ, സഹോദരന്മാരെ, ഡല്‍ഹി വളരെ അകലെയാണെന്ന് വടക്കുകിഴക്കുള്ളവര്‍ വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. നാലുവര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ ഡല്‍ഹിയെ വടക്കുകിഴക്കിന്റെ പടിവാതില്ക്കല് കൊണ്ടെത്തിച്ചു.
സഹോദരീ, സഹോദരന്മാരെ, ഇന്ന് രാജ്യത്തിന്റെ ജനസംഖ്യയിലെ 65%വും 35 വയസിന് താഴെയുള്ളവരാണ്. നമ്മുടെ രാജ്യത്തെ യുവതയില്‍ നാം അഭിമാനിക്കുന്നു. നമ്മുടെ രാജ്യത്തിലെ യുവാക്കള്‍ സമ്പദ്ഘടനയുടെ എല്ലാ നിലവാരത്തേയും പരിപൂര്‍ണ്ണമായി പരിവര്‍ത്തനപ്പെടുത്തിക്കഴിഞ്ഞു. രാജ്യത്തിന്റെ പുരോഗതിയുടെ നിലവാരത്തില്‍ അവര്‍ പുതിയ വര്‍ണ്ണങ്ങള്‍ ഉള്‍ക്കൊള്ളിച്ചു. പൊതുജനശ്രദ്ധനേടുന്ന കാര്യങ്ങളെല്ലാം വന്‍ നഗരങ്ങള്‍ ആവശ്യത്തില്‍ കൂടുതല്‍ ഉപയോഗിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് നമ്മുടെ രാജ്യം ടയര്‍-2, ടയര്‍-3 നഗരങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്, ഗ്രാമീണ മേഖലകളില്‍ ആധുനിക കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുവാക്കളെയാണ് ശ്രദ്ധിക്കുന്നത്. നമ്മുടെ രാജ്യത്തെ യുവത തൊഴിലിന്റെ സ്വഭാവത്തെ പരിപൂര്‍ണ്ണമായി പരിവര്‍ത്തനപ്പെടുത്തി. സ്റ്റാര്‍ട്ട് അപ്പുകള്‍, ബി.പി.ഒകള്‍, ഇ-കോമേഴ്സ്, മൊബിലിറ്റി തുടങ്ങിയ പുതിയ മേഖലകളുമായി ബന്ധപ്പെടുകയും അവയുടെ സാദ്ധ്യതകള്‍ പരീക്ഷിക്കുകയും ചെയ്തുകൊണ്ട് നമ്മുടെ രാജ്യത്തെ യുവാക്കള്‍ രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുകയാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 13 കോടി മുദ്രാ വായ്പകള്‍ ഒരു വലിയ നേട്ടമാണ്. സ്വന്തം കാലില്‍ നില്‍ക്കാനും സ്വയംതൊഴില്‍ പ്രോത്സാഹിപ്പിക്കാനുമുള്ള അഭിലാഷവുമായി ആദ്യമായി വായ്പയെടുക്കുന്ന നാലുകോടി യുവാക്കള്‍ കൂടി ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് വരുമ്പോഴാണ് ഇത് കൂടുതല്‍ വലിയ നേട്ടമാകുന്നത്. ഇതുതന്നെ ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റത്തിന്റെ മഹത്തായ ഉദാഹരണമാണ്. ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുളള കഠിനപ്രയത്നത്തില്‍ ഇന്ന് 3 ലക്ഷം ഗ്രാമങ്ങളില്‍ നിരവധി പൊതുസേവന കേന്ദ്രങ്ങള്‍ പരിപാലിക്കുന്നത് യുവാക്കളും യുവതികളുമാണ്. വിവരസാങ്കേതികവിദ്യയുടെ ഇഷ്ടാനുസരണമുള്ള ഉപയോഗത്തിലൂടെ ഗ്രാമങ്ങളിലെ എല്ലാ പൗരന്മാര്ക്കും ഈ കേന്ദ്രങ്ങള്‍ '' ഒരൊറ്റ ക്ലിക്കിലൂടെ ആഗോള ബന്ധിപ്പിക്കല്‍''/ '' ഏത് സമയത്തും എവിടെയും ബന്ധിപ്പിക്കല്‍'' സേവനം നല്കുന്നു.
അടിസ്ഥാനസൗകര്യ വികസനത്തെക്കുറിച്ച് പറയുമ്പോള്‍ റെയില്‍പാതകളുടെ, റോഡുകളുടെ, ഐ-വേകളുടെ, ഹൈവേകളുടെ അല്ലെങ്കില്‍ പുതിയ വിമാനത്താവളങ്ങളുടെ വേഗതയാകട്ടെ, നമ്മുടെ രാജ്യം അതിവേഗ വികസനത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.
സഹോദരീ, സഹോദരന്മാരെ, രാജ്യത്തിന് അതിയായ മഹത്വം കൊണ്ടുവരുന്നതിനുള്ള ഒരു അവസരവും നമ്മുടെ രാജ്യത്തെ ശാസ്ത്രജ്ഞരും വിട്ടുകളയുന്നുമില്ല. ആഗോള തലത്തിലും, രാജ്യത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും, ഒറ്റ കുതിപ്പില്‍ നൂറിലധികം ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത് നമുക്ക് ഏറെ അഭിമാനിക്കാവുന്നതാണ്. അത് ലോകത്തെയാകെ അതിശയിപ്പിച്ചു. ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ കഴിവിനെയാണ് ലോകമാകെ എഴുന്നേറ്റ് നിന്ന് അഭിനന്ദിച്ച് കൈയടിച്ചത്. ആദ്യ പരിശ്രമത്തില്‍ മംഗള്യാന് വിജയകരമായി വിക്ഷേപിച്ചത് തന്നെ നമ്മുടെ ശാസ്ത്രജ്ഞരുടെ വൈദഗ്ധ്യത്തിനും കഠിന പ്രയ്തനത്തിനുമുള്ള സാക്ഷ്യമായി നിലകൊള്ളുകയാണ്. മംഗള്‍യാനെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചത് നമ്മുടെ ശാസ്ത്രജ്ഞരുടെ കഴിവുകളെക്കുറിച്ച് വലുതായി സംസാരിക്കുന്നുണ്ട്. നമ്മുടെ ശാസ്ത്രജ്ഞരുടെ ഭാവിവീക്ഷണവും, നൂതനാശങ്ങളും സൃഷ്ടിപരതയുമാണ് വരുംദിവസങ്ങളില്‍ ആദ്യത്തെ ആഭ്യന്തര ഇന്ത്യന്‍ മേഖലാ ഗതിനിര്‍ണ്ണയ ഉപഗ്രഹസംവിധാനം (ഐ.ആര്.എന്‍.എസ്.എസ്) ആയ നാവികിന്റെ വിക്ഷേപണത്തിന് ആത്മവിശ്വാസം നല്‍കുന്നത്. നമ്മുടെ മത്സ്യത്തൊഴിലാളികളെയും മറ്റ് പൗരന്മാരെയും ഉപഗ്രഹ സിഗ്നലുകളിലൂടെ ഈ ഗതിനിര്‍ണ്ണയ സംവിധാനം വഴികാട്ടും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ഇന്ന് ചുവപ്പ് കോട്ടയുടെ കൊത്തളത്തില്‍ നിന്ന് ഒരു നല്ല വാര്‍ത്ത പങ്കുവയ്ക്കുന്നതില്‍ ഞാന്‍ അതിയായി ആഹ്ളാദിക്കുന്നു. നമ്മുടെ രാജ്യം ബഹിരാകാശദൗത്യങ്ങളില്‍ അതിവേഗം പുരോഗമിക്കുന്നുവെന്നതില്‍ ഒരു സംശയവുമില്ല. എന്നാല്‍ നമുക്ക് ഒരു സ്വപ്നമുണ്ട്, നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് ഒരു സ്വപ്നമുണ്ട്. ഇന്ത്യ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2022 ഓടെ അല്ലെങ്കില്‍ അതിനും മുമ്പ് നമ്മുടെ ചില യുവാക്കളും യുവതികളും ബഹിരാകാശത്ത് ഇന്ത്യന്‍ പതാക പറപ്പിക്കണമെന്ന് നാമൊരു പ്രതിജ്ഞയെടുത്തിട്ടുണ്ട്. മംഗള്യാനോടുകൂടി നമ്മുടെ ശാസ്ത്രജ്ഞര്‍ അവരുടെ കഴിവുകള്‍ തെളിയിച്ചുകഴിഞ്ഞു. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി നാം വളരെ വേഗം തന്നെ ഒരു ഇന്ത്യാക്കാരനെ ബഹിരാകാശത്തേക്കയക്കുമെന്ന് പ്രഖ്യാപിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. നമ്മുടെ ബഹുമാന്യരായ ശാസ്ത്രജ്ഞരുടെ ഉദ്യമങ്ങളിലൂടെയായിരിക്കും ഇത് നിര്‍വ്വഹിക്കപ്പെടുക. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാജ്യമായി നാം മാറുമെന്നത് നമുക്ക് ഏറെ അഭിമാനിക്കാവുന്നതുമാണ്.
പ്രിയപ്പെട്ട സഹോദരീ, സഹോദരന്മാരെ, അത്തരമൊരു മഹത്തായ നേട്ടത്തിന് ഞാന്‍ എന്റെ ശാസ്ത്രജ്ഞരെയും സാങ്കേതികവിദഗ്ധരെയും അഭിനന്ദിക്കുകയാണ്. ഇന്ന് നമ്മുടെ ധാന്യപ്പുരകളെല്ലാം ഭക്ഷ്യധാന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഹരിത വിപ്ലവത്തെ ദശകങ്ങളായി വിജയകരമായി നയിക്കുന്നതില്‍ നമ്മുടെ കാര്‍ഷിക ശാസ്ത്രജ്ഞര്‍, കര്‍ഷകര്‍ എന്നിവരുടെ പങ്കിനെ ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു.
പക്ഷേ, എന്റെ സഹോദരീ സഹോദരന്മാരേ, ഇന്ന് കാലം മാറിയിരിക്കുന്നു. നമ്മുടെ കര്‍ഷകര്‍ക്കും കാര്‍ഷിക വിപണികള്‍ക്കും ആഗോള വെല്ലുവിളികളും മല്‍സരങ്ങളും നേരിടേണ്ടതുണ്ട്. ജനസംഖ്യ വര്‍ദ്ധിക്കുമ്പോള്‍ ഭൂമി കുറയുന്നു. നമ്മുടെ കാര്‍ഷിക രീതികള്‍ കൂടുതല്‍ ആധുനികവും കൂടുതല്‍ ശാസ്ത്രീയവുമായി മാറണമെന്നാണ് മാറുന്ന കാലം ആവശ്യപ്പെടുന്നത്. ഈ പ്രക്രിയയെ സാങ്കേതിക വിദ്യയ്്ക്കൊപ്പം മുന്നോട്ടു കൊണ്ടുപോകണം. കൃത്യമായും ഇതിനു വേണ്ടി നാം മാറ്റത്തില്‍ ഊന്നുകയും കാര്‍ഷിക മേഖലയില്‍ ആധുനിക രീതികള്‍ കൊണ്ടുവരികയും ചെയ്യുകയാണ്.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികമാകുമ്പോഴേയ്ക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള ഒരു കാഴ്ചപ്പാട് നമുക്കുണ്ട്. ചിലയാളുകള്‍ക്ക് സംശയമാണ്, അതാകട്ടെ തികച്ചും സ്വാഭാവികവുമാണ്. പക്ഷേ, നാം ദൃഢചിത്തരാണ്. നാം വാഗ്ദാനങ്ങള്‍ വെറുംവാക്കായല്ല നല്‍കുന്നത്, പാലിക്കാന്‍ ഉറപ്പിച്ചുതന്നെയാണ് പറയുന്നത്. വാക്കു പാലിക്കാന്‍ നാം കഠിനാധ്വാനം ചെയ്യണം. നാം ആസൂത്രണം ചെയ്യുകയും നമ്മുടെ ഹൃദയവും മനസ്സും അതിലേക്ക് പൂര്‍ണമായി സമര്‍പ്പിക്കുകയും വേണം. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തില്‍ കര്‍ഷകരോടുള്ള വാക്ക് പാലിക്കാന്‍ കഴിയണമെങ്കില്‍ കാര്‍ഷിക മേഖലയില്‍ ആധുനികവല്‍ക്കരണവും വൈവിധ്യവല്‍ക്കരണവും നടപ്പാക്കിക്കൊണ്ട് നാം കര്‍ഷകരുടെ കൂടെ മുന്നേറണം. വിത്തു മുതല്‍ വിപണനം വരെ നാം മൂല്യവര്‍ധന കൊണ്ടുവരണം. ആധുനികവല്‍ക്കരണം വേണം നമുക്ക്. ചില പുതിയ ധാന്യങ്ങള്‍ വന്‍തോതിലുള്ള വരുമാനമാണ് നല്‍കുന്നത്. ഇതാദ്യമായി നാം കാര്‍ഷിക കയറ്റുമതി നയം നടപ്പാക്കിയതുകൊണ്ട് നമ്മുടെ കര്‍ഷകര്‍ക്ക് ആത്മവിശ്വാസത്തോടെ ആഗോള മല്‍സരത്തെ നേരിടാം. ഇന്നു നമുക്ക് പുതിയ ഒരു കാര്‍ഷിക വിപ്ലവം കാണാം. ജൈവ കൃഷി, നീല വിപ്ലവം, മധുര വിപ്ലവം, സൗരോര്‍ജ്ജ കൃഷി എന്നിവ പുതിയ ചക്രവാളങ്ങള്‍ തുറക്കുന്നു.
നമ്മുടെ രാജ്യം ഇപ്പോള്‍ ലോകത്തിലെ രണ്ടാമത്തെ വലിയ മത്സ്യോല്‍പ്പാദകരാണ് എന്നതും ഒന്നാം സ്ഥാനത്തിന്റെ തൊട്ടരികിലാണ് എന്നതും വലിയ സംതൃപ്തി നല്കുന്ന കാര്യങ്ങളാണ്. തേന്‍ കയറ്റുമതി ഇരട്ടിയായി. എഥനോള്‍ ഉല്‍പ്പാദനം മൂന്നിരട്ടിയായതില്‍ കരിമ്പു കര്‍ഷകര്‍ സന്തുഷ്ടരാണ്. അതായത്, കൃഷിയുമായി ബന്ധപ്പെട്ട മറ്റു വ്യവസായങ്ങള്‍ ഗ്രാമീണ സമ്പദ്ഘടനയ്ക്ക് കൃഷിയെപ്പോലെതന്നെ പ്രധാനമാണ്. സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങളിലൂടെ കോടിക്കണക്കിനു രൂപ ചെലവിട്ട് നാം ഗ്രാമീണ വിഭവങ്ങള്‍ വികസിപ്പിക്കുന്നു.
ആദരണീയനായ ബാപ്പുവിന്റെ പേരുമായി ബന്ധപ്പെട്ടതാണ് ഖാദി. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഖാദിയുടെ വില്‍പ്പന ഇപ്പോള്‍ രണ്ടിരട്ടിയായിരിക്കുന്നു എന്ന് വിനയത്തോടെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് പാവപ്പെട്ടവരുടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും.
എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, എന്റെ രാജ്യത്തെ കര്‍ഷകര്‍ ഇപ്പോള്‍ സൗരോര്‍ജ്ജ കാര്‍ഷികവൃത്തിയില്‍ ഊന്നല്‍ നല്‍കുകയാണ്. കൃഷിക്കു പുറമേ സൗരോര്‍ജ്ജ കൃഷിയിലൂടെ വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് അവര്‍ പണം സമ്പാദിക്കുകയും ചെയ്യുന്നു. ചര്‍ക്ക കറക്കുന്നവരും കൈത്തറിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവരും പണം സമ്പാദിക്കുന്നു.
എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, നമ്മുടെ രാജ്യത്തെ സാമ്പത്തിക വികസനം പ്രധാനമാണ്. പക്ഷേ, എല്ലാത്തിനും അപ്പുറം മനുഷ്യന്റെ അന്തസ്സാണ് പരമോന്നതം. മനുഷ്യന്റെ അന്തസ്സിന്റെ അഭാവത്തില്‍ ഒരു രാജ്യത്തിനും സമതുലിതാവസ്ഥയുടെ പാതയില്‍ മുന്നേറാന്‍ കഴിയില്ല. അതുകൊണ്ട് മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കാന്‍ ജനങ്ങള്‍ക്ക് അന്തസ്സാര്‍ന്ന ജീവിതം ഉറപ്പാക്കുന്ന പദ്ധതികളുമായി നാം മുന്നോട്ടു പോകണം. സാധാരണക്കാര്‍ക്ക്, പാവപ്പെട്ടവരിലും പാവപ്പെട്ടവര്‍ക്കുള്‍പ്പെടെ തുല്യ അന്തസ്സോടെ ജീവിക്കാന്‍ അവസരം നല്കുന്ന നയങ്ങളും പാരമ്പര്യങ്ങളും ലക്ഷ്യങ്ങളുമാണ് നടപ്പാക്കേണ്ടത്.
അതുകൊണ്ട് ഉജ്ജ്വല യോജനയിലൂടെ പാവപ്പെട്ടവര്‍ക്ക് പാചകവാതകം നല്കി. സൗഭാഗ്യ യോജനയിലൂടെ നാം പാവപ്പെട്ടവര്‍ക്ക് വൈദ്യുതി നല്കി. 'ശ്രമേവ ജയതേ' എന്ന സങ്കല്പ്പത്തിലൂടെ മുന്നോട്ടു പോകുന്നതിന് നാം ഊന്നല്‍ നല്കുന്നു.
ഇന്നലെ നാം രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം കേട്ടതേയുള്ളു. ഗ്രാമസ്വരാജ് അഭിയാനെക്കുറിച്ച് അദ്ദേഹം വിശദമായി പറഞ്ഞു. എപ്പോഴൊക്കെ ഗവണ്മെന്റിനെക്കുറിച്ച് സംസാരമുണ്ടാകുമ്പോഴും പറഞ്ഞുകേള്‍ക്കുന്നത്് നയങ്ങള്‍ രൂപപ്പെടുത്തുമെങ്കിലും അവസാനം അതൊന്നും നടപ്പാകാറില്ല എന്നതാണല്ലോ. ഡല്‍ഹിയില്‍ തുടങ്ങി അഭിലാഷോന്‍മുഖ ജില്ലകളിലെ 65000 ഗ്രാമങ്ങളില്‍ ഈ പ്രചാരണ പരിപാടി എങ്ങനെ നടപ്പാക്കി എന്ന് രാഷ്ട്രപതി വിശദീകരിച്ചു. പാവങ്ങളുടെ കുടിലുകളിലേക്ക്; പിന്നാക്ക ഗ്രാമങ്ങളിലേക്ക് എങ്ങനെ അത് എത്തിക്കും എന്ന്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 2014ല്‍ ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍നിന്ന് ഞാന്‍ ശുചിത്വത്തേക്കുറിച്ച് പറഞ്ഞപ്പോള്‍ ചിലയാളുകള്‍ അത് തമാശയാക്കി. ഗവണ്മെന്റി്ന് എന്തൊക്കെ ചെയ്യാനുണ്ട്, പിന്നെന്തിന് ശുചിത്വം പോലെയൊരു കാര്യത്തിനു വേണ്ടി ഊര്‍ജ്ജം നഷ്ടപ്പെടുത്തുന്നു എന്ന് അവരില്‍ ചിലര്‍ പറയുക പോലും ചെയ്തു. പക്ഷേ, പ്രിയ സഹോദരീ സഹോദരന്മാരേ, ശുചിത്വ പ്രചാരണ പരിപാടികൊണ്ട് മൂന്നു ലക്ഷം കുട്ടികളുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞു എന്നാണ് സമീപകാലത്ത് ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ പ്രചാരണ പരിപാടിയുടെ ഭാഗമായി മാറിയ മുഴുവന്‍ ഇന്ത്യക്കാര്‍ക്കുമാണ് മൂന്ന് ലക്ഷം കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞതിന്റെ യശസ്സ്. പാവപ്പെട്ട മൂന്ന് ലക്ഷം കുഞ്ഞുങ്ങളുടെ ജീവന് രക്ഷിക്കാനായത് ഉറപ്പായും ഒരു മാനുഷിക പ്രവൃത്തിയാണ്. അത് ആഗോള സംഘടനകള്‍ അംഗീകരിക്കുകയും ചെയ്തിരിക്കുന്നു.
സഹോദരീ സഹോദരന്മാരേ, മഹാത്മാ ഗാന്ധിയുടെ നൂറ്റി അന്‍പതാമത് ജന്മ വാര്‍ഷികം അടുത്ത വര്‍ഷമാണ്. ബാപ്പു അദ്ദേഹത്തിന്റെ ജീവിതകാലത്ത് സ്വാതന്ത്ര്യത്തേക്കാളുമധികം പ്രാധാന്യം ശുചിത്വത്തിനു നല്‍കിയിരുന്നു. നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത് സത്യഗ്രഹികളും ശുചിത്വവാദികളും കാരണമാണെന്നും അത് വന്നത് സ്വച്ഛഗ്രഹികളില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗാന്ധിജി സത്യഗ്രഹികളെ പരിശീലിപ്പിച്ചു. അത് നമ്മെ സ്വച്ഛഗ്രഹികളെ തയ്യാറാക്കാന്‍ പ്രചോദിപ്പിച്ചു. വരുംദിവസങ്ങളില്‍, നാം ഗാന്ധിജിയുടെ നൂറ്റിയന്പതാം ജന്മ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കോടിക്കണക്കിന് സ്വച്ഛഗ്രഹികള്‍ ബാപ്പുവിന്റെ സ്മരണയില്‍ കാര്യാഞ്ജലി (പ്രവൃത്തി ചെയ്യല്‍) വാഗ്ദാനം ചെയ്യും. ഒരര്‍ത്ഥത്തില്‍ നമ്മളിപ്പോള്‍ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ അവര്‍ പൂര്‍ത്തീകരിക്കുകയാണ്.
എന്റെ സഹോദരീ സഹോദരന്മാരേ, ശുചിത്വം മൂലം മൂന്നു ലക്ഷം കുഞ്ഞുങ്ങള്‍ രക്ഷപ്പെട്ടു എന്നത് സത്യമാണ്. പക്ഷേ, ഒരു മധ്യവര്‍ഗ്ഗ കുടുംബം അതെത്രത്തോളം നന്നായി ജീവിക്കുന്നതോ പാവപ്പെട്ടതോ ആയാലും, കുടുംബാംഗങ്ങള്‍ക്ക് രോഗം വന്നാല്‍ മുഴുവന്‍ കുടുംബവും സഹിക്കേണ്ടി വരുമ്പോള്‍ സന്തോഷമേ ഉണ്ടാകില്ല. ചിലപ്പോള്‍ തലമുറകള്‍തന്നെ രോഗത്തിന്റെ കെടുതി അനുഭവിക്കുന്നു.
പാവപ്പെട്ടവര്‍ക്ക്, സാധാരണക്കാര്‍ക്ക് ഗുരുതര രോഗങ്ങള്‍ക്ക് സൗജന്യ ചികില്‍സ ലഭിക്കുകയും വലിയ ആശുപത്രിയില്‍ ചെലവില്ലാതെ പ്രവേശനം നേടാന്‍ സഹായിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി ജന്‍ ആരോഗ്യ അഭിയാന് നടപ്പാക്കാന്‍ ഗവണ്മെന്റ് തീരുമാനിച്ചു. പ്രധാനമന്ത്രി ജന്‍ ആരോഗ്യ അഭിയാനും ആയുഷ്മാന്‍ ഭാരത് യോജനയും രാജ്യത്തെ പത്ത് കോടി കുടുംബങ്ങളിലെത്തും. ഈ രണ്ട് പരിപാടികള്‍ വഴി സമീപ ദിനങ്ങളില്‍ മധ്യവര്‍ഗ്ഗക്കാരില്‍ തന്നെ താഴെത്തട്ടിലുള്ളവര്‍ക്കും മധ്യവര്‍ഗ്ഗക്കാര്‍ക്കും ഉയര്‍ന്ന മധ്യവര്‍ഗ്ഗക്കാര്‍ക്കും ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ പ്രാപ്യമാകും. ഓരോ കുടുംബത്തിനും പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ ആരോഗ്യ ഇന്‍ഷുറന്‍സ് നല്കാന് അതില്‍ വ്യവസ്ഥയുണ്ട്. അതായത് പത്ത് കോടി കുടുംബങ്ങളിലായി ഏകദേശം 50 കോടി ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇത് സുതാര്യമായി, സാങ്കേതിക വിദ്യയിലൂടെ നടപ്പാക്കുന്ന സംവിധാനമാണ്. സാങ്കേതികവിദ്യയും ഈ ആവശ്യത്തിനു വേണ്ടി ഉണ്ടാക്കിയ സാങ്കേതികവിദ്യാ ഉപകരണങ്ങളും ഉള്ളതുകൊണ്ട് സാധാരണ പൗരന് ഒരു ബുദ്ധിമുട്ടും നേരിടേണ്ടി വരില്ല.
അടുത്ത നാലോ അഞ്ചോ ആറോ ആഴ്ചകള്‍കൊണ്ട് രാജ്യവ്യാപകമായി ഈ സാങ്കേതികവിദ്യ പൂര്‍ണമായും ഫലവത്താണോ എന്ന് പരിശോധിച്ച് ഉറപ്പാക്കും. പണ്ഡിറ്റ് ദീന് ദയാല്‍ ഉപാധ്യായയുടെ ജന്മ വാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 25ന് പ്രധാനമന്ത്രി ജന്‍ ആരോഗ്യ അഭിയാന് രാജ്യവ്യാപകമായി നടപ്പാക്കും. രോഗത്തെ നേരിടുന്നതില്‍ രാജ്യത്തെ ഒരു പാവപ്പെട്ട വ്യക്തിക്കും ബുദ്ധിമുട്ട് വരാന്‍ പാടില്ല. അവരിലൊരാള്‍ക്കും കൊള്ളപ്പലിശക്കാരില്‍ നിന്നു പണം വാങ്ങി ചികില്‍സിക്കേണ്ടി വരരുത്. അയാളുടെ കുടുംബം തകരാന്‍ പാടില്ല. മാത്രമല്ല, ഇതുവഴി മധ്യവര്‍ഗ്ഗ കുടുംബങ്ങളിലെ യുവജനങ്ങള്‍ക്ക് ആരോഗ്യ മേഖലയില്‍ തൊഴിലവസരങ്ങളുടെ പുതിയ വാതായനങ്ങള്‍ തുറന്നുകൊടുക്കുകയും ചെയ്യും. ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ പുതിയ ആശുപത്രികള്‍ നിര്‍മ്മിക്കപ്പെടും. അവര്‍ക്ക് വന്‍തോതില്‍ ജീവനക്കാരെ ആവശ്യം വരും. നിരവധി തൊഴിലവസരങ്ങള്‍ ഉണ്ടാവുകയും ചെയ്യും.
സഹോദരീ സഹോദരന്മാരേ, ദാരിദ്ര്യം നിറഞ്ഞ ജീവിതം നയിക്കാന്‍ പാവപ്പെട്ട ഒരാളും ആഗ്രഹിക്കില്ല. പാവപ്പെട്ട ഒരാളും പാവപ്പെട്ടവനായി മരിക്കാന്‍ ആഗ്രഹിക്കില്ല. പാവപ്പെട്ട ഒരാളും തന്റൈ മക്കള്‍ക്ക് അത് പൈതൃകമായി കൈമാറാന്‍ ആഗ്രഹിക്കില്ല. ജീവിതത്തിലുടനീളം ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുവരാന്‍ അയാള്‍ പൊരുതിക്കൊണ്ടേയിരിക്കും. ഈ പ്രശ്നം പരിഹരിക്കാന്‍ ഒരൊറ്റ വഴിയേയുള്ളു - പാവപ്പെട്ടവരുടെ ശാക്തീകരണം.
കഴിഞ്ഞ നാല് വര്‍ഷം പാവപ്പെട്ടവരുടെ ശാക്തീകരണത്തിനു നാം അടിത്തറയിട്ടു. ഇത് പാവപ്പെട്ടവരെ ശാക്തീകരിക്കാനുള്ള നമ്മുടെ കഠിനാധ്വാനമാണ്. സമീപകാലത്ത് ഒരു അന്താരാഷ്ട്ര സംഘടന വളരെ നല്ല ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷംകൊണ്ട് ഇന്ത്യയിലെ അഞ്ച് കോടി ആളുകള്‍ ദാരിദ്ര്യ രേഖ കടന്നതായി ആ റിപ്പോര്‍ട്ടില്‍ പറയുന്നു.
സഹോദരീ സഹോദരന്മാരേ, പാവപ്പെട്ടവരെ ശാക്തീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നാം നടത്തുമ്പോള്‍, ഞാന്‍ ആയുഷ്മാന്‍ ഭാരത് പരിപാടിയേക്കുറിച്ച് സംസാരിക്കുമ്പോള്‍, 50 കോടി ആളുകള്‍ ഉള്‍പ്പെടുന്ന പത്ത് കോടി കുടുംബങ്ങള്‍ക്ക് ഫലം കിട്ടുന്ന വന്‍ പദ്ധതിയേക്കുറിച്ച് കുറച്ചാളുകള്‍ മാത്രമേ തിരിച്ചറിയുന്നുള്ളു. എന്താണ് ഉദ്ദേശിക്കുന്നതെന്ന് കുറച്ചാളുകള്‍ക്കു മാത്രമേ ഉള്‍ക്കൊള്ളാന്‍ കഴിയുന്നുള്ളു. അമേരിക്ക (യുഎസ്എ), കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലെ ആകെ ജനസംഖ്യയുടെ അത്രത്തോളം ആളുകള്‍ നമ്മുടെ ആയുഷ്മാന്‍ ഭാരത് പരിപാടിയുടെ ഗുണഭോക്താക്കളായുണ്ട്. യൂറോപ്പിലെ മൊത്തം ജനസംഖ്യയുടെ അത്രയും ആളുകള്‍ ആയുഷ്മാന്‍ ഭാരത് പരിപാടിയുടെ ഗുണഭോക്താക്കളായുണ്ട്.
സഹോദരീ സഹോദരന്മാരേ, പാവപ്പെട്ടവരെ ശാക്തീകരിക്കാന്‍ നാം നിരവധി പദ്ധതികള്‍ രൂപീകരിച്ചിരിക്കുന്നു. മുന്‍കാലങ്ങളില്‍ ഇത്തരം പദ്ധതികള്‍ രൂപീകരിച്ചിട്ടുള്ളപ്പോഴൊക്കെ ഇടനിലക്കാര്‍ ആ പദ്ധതിയുടെ പ്രധാനഭാഗം കവര്‍ന്നെടുക്കുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. യഥാര്‍ത്ഥത്തില്‍ തങ്ങള്‍ക്കു ലഭിക്കേണ്ടതിനേക്കുറിച്ചു പാവപ്പെട്ട ആളുകള്‍ക്ക് ശരിയായ അറിവില്ല. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം അനുവദിക്കുന്നു, പദ്ധതി കടലാസില്‍ ഒതുങ്ങുന്നു, രാജ്യം തുടര്‍ച്ചയായി കൊള്ളയടിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഗവണ്മെന്റിന് കണ്ണും പൂട്ടി ഇരിക്കാന്‍ സാധിക്കില്ല. ഇത്തരം കാര്യങ്ങളോട് കുറഞ്ഞ പക്ഷം എനിക്കെങ്കിലും കണ്ണുകള്‍ അടച്ച് ഇരിക്കാനാകില്ല.
സഹോദരീ സഹോദരന്മാരേ, നമ്മുടെ വ്യവസ്ഥിതിയുടെ വൈകല്യങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്തുകൊണ്ട് സാധാരണ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുക എന്നത് അത്യന്തം അനിവാര്യമാണ്. കേന്ദ്രമാകട്ടെ സംസ്ഥാന ഗവണ്മെന്റുകളോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ആകട്ടെ നമുക്കൊരുമിച്ചു പ്രവര്‍ത്തിക്കണം. നാം ഇത് ഏറ്റെടുത്ത് മുന്നോട്ടു പോവുകതന്നെ ചെയ്യണം. ഈ സംവിധാനത്തെ വെടിപ്പാക്കാനുള്ള പ്രചാരണം നാം നടത്തിക്കൊണ്ടിരിക്കുമ്പോള്‍, ചോര്‍ച്ചകള്‍ അടയ്ക്കാന്‍ ശ്രമിക്കുമ്പോള്‍, ഇതുവരെ ജനിച്ചിട്ടില്ലാത്തവരും ഒരിക്കലും ഭൂമിയില്‍ ഉണ്ടായിട്ടില്ലാത്തവരുമായ ആറ് കോടി വ്യാജ ഗുണഭോക്താക്കളെ കണ്ടെത്തി എന്ന് അറിയുമ്പോള്‍ നിങ്ങള്‍ അമ്പരക്കും. അവരുടെ പേരില്‍ പണം അയയ്ക്കുന്നുണ്ട്. ചിലര്‍ ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കള്‍, പാചകവാതക കണക്ഷന്റെ ചില ഗുണഭോക്താക്കള്‍ക്ക് വേറെ വ്യാജ കണക്ഷന്; ചിലര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത് വ്യാജ റേഷന്‍ കാര്‍ഡുകള്‍ വഴി; ചിലര്‍ സ്കോളര്‍ഷിപ്പ് പദ്ധതികളുടെ ഗുണഭോക്താക്കള്‍; മറ്റു ചിലര്‍ പെന്ഷന് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഈ ആറ് കോടി പേരുകള്‍ നീക്കം ചെയ്യുക എന്നത് എത്ര ദുഷ്കരമാണ്! ഇതുകൊണ്ട് എത്രമാത്രം ആളുകളാണ് പ്രശ്നങ്ങള്‍ നേരിടുന്നത്. ഒരിക്കലും ജനിക്കാത്തവരും ഒരിക്കലും ഭൂമിയില്‍ ഒരിടത്തും ഉണ്ടായിട്ടില്ലാത്തവരുമായ ആളുകളുടെ പേരുകള്‍ വ്യാജമായി സൃഷ്ടിച്ച് അവര്‍ക്ക് പണം അയയ്ക്കുന്നു.
ഇതിന് ഗവണ്മെന്റ് അറുതി വരുത്തി. അഴിമതി ഇല്ലാതാക്കാനും മൊത്തം സംവിധാനത്തിലെ കള്ളപ്പണം ഇല്ലാതാക്കാനുമുള്ള നടപടികള്‍ ഞങ്ങള്‍ തുടങ്ങി.
സഹോദരീ സഹോദരന്മാരേ, എന്തൊക്കെയാണ് അതിന്റെ പ്രത്യാഘാതങ്ങള്‍? 90,000 കോടി രൂപ എന്നത് ഒരു ചെറിയ തുകയല്ല. ഏകദേശം 90,000 കോടി രൂപയാണ് തെറ്റായ പ്രവര്‍ത്തനങ്ങളിലൂടെ അനര്‍ഹര്‍ക്ക് എത്തിച്ചേര്‍ന്നത്. അതിപ്പോള്‍ രാജ്യത്തിന്റെ ധനമാണ്. അത് സാധാരണക്കാരുടെ ക്ഷേമത്തിനു വേണ്ടി ഇപ്പോള്‍ ഉപയോഗിക്കുകയാണ്.
സഹോദരീ സഹോദരന്മാരേ, എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്? നമ്മുടെ രാജ്യം പ്രവര്‍ത്തിക്കുന്നത് പാവപ്പെട്ടവരുടെ അന്തസ്സിനും അഭിമാനത്തിനും വേണ്ടിയാണ്. പക്ഷേ, ഈ ഇടനിലക്കാര്‍ എന്താണ് ചെയ്യുന്നത്? ഗോതമ്പ് വില്‍ക്കുന്നത് കിലോഗ്രാമിന് 24- 25 രൂപ നിരക്കിലാണ് എന്ന വസ്തുത നിങ്ങള്‍ തിരിച്ചറിയണം. എന്നാല്‍ ഈ വിലയ്ക്ക് വാങ്ങിയിട്ട് ഗവണ്മെന്റ് അത് റേഷന്‍ കാര്‍ഡ് വഴി പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത് വെറും രണ്ട് രൂപയ്ക്കാണ്. അതുപോലെതന്നെ വിപണിയില്‍ 30-32 രൂപയ്ക്ക് വില്‍ക്കുന്ന അരി ഗവണ്മെന്റ് ആ വിലയ്ക്ക് വാങ്ങി റേഷന്‍ കാര്‍ഡുകള്‍ മുഖേന പാവപ്പെട്ടവര്‍ക്ക് മൂന്നു രൂപയ്ക്ക് നല്കുന്നു. അതായത് വ്യാജ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് ആരെങ്കിലും ഒരു കിലോ ഗോതമ്പ് മോഷ്ടിച്ചാല്‍ അയാള്‍ക്ക് ഒന്നുമറിയാതെ 20-25 രൂപ ലഭിക്കുന്നു. അരിയാണ് ഇങ്ങനെ തട്ടിയെടുക്കുന്നതെങ്കില്‍ കിട്ടുന്നത് കിലോയ്ക്ക് 30-35 രൂപ. അതുകൊണ്ടാണ് ഈ വ്യാജ നാമങ്ങളും ഐഡികളും ഇല്ലാതാകേണ്ടത്. പാവപ്പെട്ടവര്‍ കാര്‍ഡുമായി റേഷന്‍ കടയിലെത്തി ധാന്യങ്ങള്‍ ചോദിക്കുമ്പോള്‍ ശേഖരം തീര്‍ന്നു പോയെന്ന് കടക്കാരന് പറയുന്നു. അതേ ധാന്യങ്ങള്‍ വഴിതിരിച്ച് മറ്റൊരു കടയിലേക്ക് മാറ്റുകയും കിലോയ്ക്ക് രണ്ട് രൂപയ്ക്ക് പാവപ്പെട്ടവര്‍ക്ക് കിട്ടേണ്ടത് അവര്‍ തന്നെ 20-25 രൂപയ്ക്ക് വാങ്ങേണ്ടി വരികയും ചെയ്യുന്നു. പാവപ്പെട്ടവരുടെ അവകാശം തട്ടിത്തെറിപ്പിക്കപ്പെടുന്നു. അതുകൊണ്ട് ഈ തട്ടിപ്പ് സംവിധാനം മാറ്റിയേ പറ്റൂ.
സഹോദരീ സഹോദരന്മാരേ, നമ്മുടെ രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം രണ്ട് രൂപയ്ക്കും മൂന്ന് രൂപയ്ക്കും ലഭിക്കുന്നു. ഗവണ്മെന്റ് ഉദാരമായി ചെലവഴിക്കുന്നുവെങ്കിലും അതിന്റെ ഖ്യാതി ഗവണ്മെന്റിനു കിട്ടുന്നില്ല. സത്യസന്ധരായ നികുതിദായകരോട് ഇന്നെനിക്ക് കൃത്യമായി പറയാനുള്ളത് നിങ്ങളും നിങ്ങളുടെ കുടുംബവും ഭക്ഷണം കഴിക്കുമ്പോള്‍ ദയവായി ഞാന്‍ എന്താണ് പറയുന്നതെന്ന് ഒരു നിമിഷം ആലോചിക്കണം എന്നാണ്. സത്യസന്ധരായ നികുതിദായകരുടെ ഹൃദയത്തില്‍ തൊടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവരെ അഭിവാദ്യം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ പദ്ധതികളും നടപ്പാക്കുന്നത് നിങ്ങളുടെ പണം കൊണ്ടാണെന്ന് സത്യസന്ധരായ നികുതിദായകര്‍ക്ക് ആവര്‍ത്തിച്ച് ഉറപ്പു നല്കാന് ഞാന്‍ ആഗ്രഹിക്കുന്നു. പാവപ്പെട്ടവര്‍ ഭക്ഷണം കഴിക്കുന്നത് നികുതിദായകരുടെ പണത്തില്‍ നിന്നായതിനാല്‍ സത്യസന്ധരായ നികുതിദായകര്‍ക്ക് സൗഭാഗ്യം ലഭിക്കും. സത്യസന്ധമായി നിങ്ങള്‍ നികുതി നല്കി കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കുമ്പോള്‍ മൂന്ന് പാവപ്പെട്ട കുടുംബങ്ങളെക്കൂടി ഭക്ഷണം കഴിക്കാന്‍ പ്രാപ്തരാക്കുകയാണ് നിങ്ങള്‍.
സുഹൃത്തുക്കളേ. നികുതി അടയ്ക്കാത്ത ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരുന്നു. ഏതായാലും ശീതീകരിച്ച മുറിയില്‍ കഴിയുന്ന ആളാണെങ്കിലും അയാളുടെ നികുതിപ്പണംകൊണ്ട് മൂന്ന് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷണം ലഭിക്കും എന്ന തിരിച്ചറിവുണ്ടായാല്‍ അത് അദ്ദേഹത്തിന്റെ മനസ്സിന് വലിയ സംതൃപ്തിയാണ് നല്‍കുക. ഒരാള്‍ക്ക് ചെയ്യാവുന്ന വലിയ ധാര്‍മിക പ്രവൃത്തിയാണ് അത്. സഹോദരീ സഹോദരന്മാരേ, രാജ്യം ഇന്ന് സത്യസന്ധതയുടെ ഉത്സവം ആഘോഷിക്കുകയാണ്. 2013 വരെ, അതായത് കഴിഞ്ഞ 70 വര്‍ഷം നാല് കോടി ആളുകളാണ് പ്രത്യക്ഷ നികുതി നല്‍കിയിരുന്നത്. സഹോദരീ സഹോദരന്മാരേ, ഇന്ന് അത് 6.75 കോടിയായി വര്‍ധിച്ചിരിക്കുന്നു. തിളങ്ങുന്ന ഈ കണക്കുകള്‍ സത്യസന്ധതയുടെ ശരിയായ പ്രതിഫലനമാണോ? രാജ്യം സത്യസന്ധതയുടെ പാതയിലേക്ക് കാലൂന്നുന്നു എന്നതിന്റെ ഉദാഹരണമാണ് ഇത്. കഴിഞ്ഞ 70 വര്‍ഷങ്ങളില്‍ 70 ലക്ഷം സംരംഭങ്ങള്‍ പ്രത്യക്ഷ നികുതി ശൃംഖലയിലേക്ക് കണ്ണിചേര്‍ക്കപ്പെട്ടു. ജി.എസ്.ടി നടപ്പാക്കിയ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മാത്രം, ഈ കണക്ക് ഒരു കോടി 16 ലക്ഷമായി കുതിച്ചുയര്‍ന്നു. സഹോദരീ സഹോദരന്മാരേ, ഇന്നിപ്പോള്‍ രാജ്യത്തെ മുഴുവനാളുകളും സത്യസന്ധതയുടെ ആഘോഷത്തില്‍ പങ്കു ചേരുകയാണ്. സുതാര്യതയെയും സത്യസന്ധതയെയും പുണരുന്ന എല്ലാവരെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്ന എല്ലാവര്ക്കും ഞാന്‍ ആവര്‍ത്തിച്ചുറപ്പ് നല്കുന്നു. രാജ്യത്തിന്റെ പുരോഗതിക്ക് നിങ്ങളൊരു കൈത്താങ്ങ്് നല്‍കുകയാണ്. നിങ്ങളുടെ പ്രശ്നങ്ങളേക്കുറിച്ച് ഞങ്ങള്‍ക്ക് ഉത്കണ്ഠയുണ്ട്. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. എല്ലാവരുടെയും പിന്തുണയോടെ നമുക്ക് രാജ്യത്തെ രക്ഷിക്കണം. അതുകൊണ്ട് അഴിമതിയും കള്ളപ്പണവും വകവച്ചുകൊടുക്കാനാകില്ല. നാം സത്യസന്ധതയുടെ പാതയില്‍ നിന്ന് പി്ന്മാറില്ല, അവര്‍ രാജ്യത്തെ എങ്ങനെയാണ് നാശത്തിലേക്കും കെടുതിയിലേക്കും തള്ളിയിടുന്നതെന്ന് നാം കാണുന്നുമുണ്ട്. അധികാര ദല്ലാളന്മാരെ ഡല്‍ഹിയിലെ അധികാരത്തിന്റെ ഇടനാഴികളില്‍ നിങ്ങള്‍ക്ക് കാണാനാവുകയുമില്ല.
പ്രിയപ്പെട്ട നാട്ടുകാരേ, കാലം മാറി. ചില ആളുകള്‍ തങ്ങളുടെ സ്വീകരണ മുറികളില്‍ ഇരുന്നുകൊണ്ട് അവകാശപ്പെടുകയാണ്, അവര്‍ ഗവണ്മെന്റിന്റെ നയങ്ങളെ മാറ്റുമെന്ന്. അല്ലെങ്കില്‍ അവയെ നിഷേധാത്മകമായി സ്വാധീനിച്ച് നിശ്ശബ്ദമാക്കും എന്ന്. നമ്മുടെ വാതിലുകള്‍ അവര്‍ക്കു നേരേ കൊട്ടിയടച്ചിരിക്കുന്നു.
പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ സ്വജനപക്ഷപാതവും അടുപ്പങ്ങളും ആഴത്തില്‍ വേരോടിയിരിക്കുന്നു. നാം ഒത്താശയെയും പക്ഷപാതത്തെയും ശക്തമായി അപലപിക്കുന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥര്ക്കെതിരേ ശക്തമായ നടപടിയെടുക്കും. സംശയാസ്പദമായ മൂന്ന് ലക്ഷം കമ്പനികള്‍ അടച്ചുപൂട്ടി. അവരുടെ ഡയറക്ടര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സുതാര്യത ഉറപ്പാക്കാന്‍ ഓണ്‍ലൈന്‍ ഇടപാടുകളിലും നാം ഇന്ന് വരുമാന നികുതി ഇടപെടലുകള്‍ നടപ്പാക്കിയിരിക്കുന്നു. ഏതൊരാള്‍ക്കും അത് പ്രാപ്യമാണ്. രാജ്യത്തിന്റെ വിഭവങ്ങള്‍ നീതിയുക്തമായി വിനിയോഗിക്കുന്ന മാര്‍ഗത്തിലാണ് നാം പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ സ്ത്രീകള്‍ക്കും ഏറെ അഭിമാനിക്കാനുണ്ട് ഇതില്‍. രാജ്യത്തിനു നീതി നല്കാന് നമുക്കിപ്പോള്‍ സുപ്രീംകോടതിയില്‍ മൂന്ന് വനിതാ ജഡ്ജിമാരുണ്ട്. ഇപ്പോഴത്തെപ്പോലെ കേന്ദ്ര മന്ത്രിസഭയില്‍ പരമാവധി വനിതാ മന്ത്രിമാരുടെ പ്രാതിനിധ്യം ഉണ്ടാകുന്നത് സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമാണ്.
പ്രിയപ്പെട്ട നാട്ടുകാരേ, എന്റെ ധീരരായ പെണ്മക്കളോട് ചില മനോഹരമായ കാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ സായുധ സേനയില്‍ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ പെര്‍മനന്റ് കമ്മീഷന് അനുമതി നല്‍കിയത് അഭിമാനത്തോടെ ഞാന്‍ പ്രഖ്യാപിക്കുന്നു. പുരുഷ ഓഫീസര്‍മാരെ തെരഞ്ഞെടുക്കുന്നതുപോലെതന്നെ ഇതിനുള്ള പ്രക്രിയയും സുതാര്യമായിരിക്കും. യൂണിഫോമിട്ട സേവനമേഖലകളില്‍ പ്രവര്‍ത്തിച്ച് സ്വന്തം ജീവിതം രാജ്യത്തിനു വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന പെണ്മക്കള്ക്കു ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍ നിന്നുകൊണ്ടു ഞാന്‍ നല്കുന്ന ഒരു സമ്മാനമാണിത്. നമ്മുടെ ദേശീയ അഭിമാനമായ പെണ്‍കുട്ടികള്‍ക്ക് നാം പിതൃവാല്‍സല്യത്തോടെ അഭിവാദ്യം അര്‍പ്പിക്കുകയും രാജ്യത്തിന്റെ പ്രതിബദ്ധത അറിയിക്കുകയും ചെയ്യുന്നു. കരുത്തുറ്റ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് സ്ത്രീകളും തുല്യമായി സംഭാവന ചെയ്യുന്നുണ്ട്. അമ്മമാരുടെയും സഹോദരിമാരുടെയും അഭിമാനവും സംഭാവനയും സാമര്‍ത്ഥ്യവും രാജ്യം അനുഭവിച്ചറിയുന്നു.
കാര്‍ഷിക മേഖലയില്‍ നിന്ന് കായിക രംഗത്തേക്ക് കടന്നാല്‍, നമ്മുടെ സ്ത്രീകള്‍ രാജ്യത്തിന്റെ ത്രിവര്‍ണ പതാക ഉയരത്തില്‍ പിടിച്ചിരിക്കുന്നു. പഞ്ചായത്തു മുതല്‍ പാര്‍ലമെന്റ് വരെ നമ്മുടെ സ്ത്രീകള്‍ രാജ്യത്തിന്റെ വികസനത്തിനു സംഭാവന ചെയ്യുന്നു. വിദ്യാലയങ്ങള്‍ മുതല്‍ സായുധ സേനകള്‍ വരെ എല്ലായിടത്തും നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ മുന്നോട്ടു കുതിക്കുന്നു. ഇത്രയധികം സ്ത്രീകള്‍ കുതിക്കുമ്പോള്‍ത്തന്നെ നാം ചില വൃത്തികേടുകളും കാണേണ്ടിവരുന്നു. ചിലപ്പോള്‍ നീച ശക്തികള്‍ സ്ത്രീശക്തിക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. ബലാല്‍സംഗം വേദനാജനകമാണ്. ഇരയുടെ വേദന പല നേരങ്ങളിലും അവരേക്കാളധികം നാം, ദേശവാസികളും അനുഭവിക്കുന്നു. സഹോദരീ സഹോദരന്മാരേ, ഈ നീച മാനസികാവസ്ഥയുള്ളവരില്‍ നിന്ന് നമുക്ക് ഈ സമൂഹത്തെ സ്വതന്ത്രമാക്കണം. നിയമം അതിന്റെ വഴി നോക്കിക്കൊള്ളും. അടുത്തിടെ മധ്യപ്രദേശിലെ കതീനിയില്‍ ബലാല്‍സംഗക്കേസ് പ്രതികള്‍ക്ക് വെറും അഞ്ച് ദിവസത്തെ വിചാരണയ്ക്കു ശേഷം വധശിക്ഷ വിധിച്ചു. ഇതുപോലെതന്നെ, കുറച്ചു ദിവസത്തെ മാത്രം വിചാരണയ്ക്കു ശേഷം രാജസ്ഥാനിലും ബലാല്‍സംഗക്കേസ് പ്രതികള്‍ക്ക് വധശിക്ഷ നല്കി. ഇത്തരം വാര്‍ത്തകള്‍ കൂടുതല്‍ പുറത്തുവന്നാല്‍ നീച മനസ്ഥിതിക്കാരായ ആളുകള്‍ പേടിച്ചു മാറിയേക്കും. നാം ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കണം. ബലാല്‍സംഗം ചെയ്യുന്നവര്‍ അഴികള്‍ക്കുള്ളിലാകുമെന്ന് ആളുകള്‍ക്ക് മനസ്സിലാകണം. ഈ മാനസികാവസ്ഥയ്ക്ക് ഒരു പ്രഹരം ആവശ്യമാണ്. ഈ ചിന്ത അടക്കണം, ഈ പിഴച്ച വഴി അവസാനിപ്പിക്കണം. സഹോദരീ സഹോദരന്മാരേ, ഈ മാനസികാവസ്ഥയില്‍ നിന്ന് ഉണ്ടാകുന്നത് ക്ഷമിക്കാനാകാത്ത കുറ്റകൃത്യങ്ങളാണ്. നിയമവാഴ്ചയാണ് നമുക്ക് പരമോന്നതം. അതില്‍ യാതൊരു വീട്ടുവീഴ്ചയും ചെയ്യാന്‍ പറ്റില്ല. ആരെയും നിയമം കൈയിലെടുക്കാന്‍ അനുവദിക്കാനാകില്ല. കുടുംബത്തിലും വിദ്യാലയങ്ങളിലും കോളജുകളിലും നമ്മുടെ പുതിയ തലമുറയിലെ കുട്ടികള്‍, നിഷ്കളങ്കരായ ചെറിയ കുട്ടികള്‍ ഇത്തരം പരിതസ്ഥിതിയില്‍ വളര്‍ന്ന് ശരിയായ മൂല്യങ്ങള്‍ പഠിക്കണം. സ്ത്രീകളെ ബഹുമാനിക്കാന്‍ അവര്‍ പഠിക്കണം. അതാണ് ജീവിതത്തിന്റെ ശരിയായ പാത എന്ന് അവര്‍ മനസ്സിലാക്കുകതന്നെ വേണം. നമ്മുടെ കുടുംബങ്ങളില്‍ ഈ വികാരവും മൂല്യങ്ങളും നാം നടപ്പാക്കണം.
സഹോദരീ സഹോദരന്മാരേ, എന്റെ മുസ്്ലിം സഹോദരിമാര്‍ക്ക് ആവര്‍ത്തിച്ചുറപ്പ് നല്കാന് ഞാന്‍ ആഗ്രഹിക്കുന്നു. മുത്തലാഖ് നമ്മുടെ രാജ്യത്തെ മുസ്്ലിം പെണ്‍കുട്ടികളുടെ ജീവിതം തകര്‍ത്തു. തലാഖ് അഭിമുഖീകരിക്കാത്തവരാകട്ടെ സമ്മര്‍ദത്തിലാണ് ജീവിതം നയിക്കുന്നത്. മുസ്്ലിം സ്ത്രീകളെ ഈ പ്രാകൃത സംവിധാനത്തില്‍ നിന്ന് രക്ഷിക്കാന്‍ പാര്‍ലമെന്റിന്റെ ഈ സമ്മേളനത്തില്‍ നമുക്ക് നിയമ നിര്‍മ്മാണം നടത്തേണ്ടതുണ്ട്. എന്നാല്‍ ഈ ബില്‍ പാസാക്കുന്നതിനെ ചില ആളുകള്‍ തടസ്സപ്പെടുത്തുകയാണ്. എന്നാല്‍ മുസ്്ലിം അമ്മമാരോടും സഹോദരിമാരോടു പെണ്മക്കളോടും ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു, അവര്‍ക്ക് നീതി ലഭിക്കുന്നതു വരെ ഞാന്‍ നിര്‍ത്തില്ല. നിങ്ങളുടെ അഭിലാഷങ്ങള്‍ ഞാന്‍ പൂര്‍ത്തീകരിക്കും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ സൈന്യം, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍, പൊലീസ്, രഹസ്യാന്വേഷണ വിഭാഗങ്ങള്‍ എന്നിവ നമ്മുടെ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയുടെ, കരുത്തിന്റെ സ്രോതസ്സുകളാണ്. അവര്‍ നമ്മില്‍ സുരക്ഷിതത്വ ബോധമുണ്ടാക്കുന്നു. അവര്‍ സമാധാനപരമായ ഒരു സാഹചര്യം ഉറപ്പാക്കുന്നു. അവരുടെ ത്യാഗങ്ങളും സമര്‍പ്പണവും കഠിനാധ്വാനവും കൊണ്ട് പുതിയ ഒരു ആത്മവിശ്വാസം ഉണ്ടാകുന്നു.
സഹോദരീ സഹോദരന്മാരേ, വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് നാം എപ്പോഴും അക്രമസംഭവങ്ങള്‍ കേട്ടുകൊണ്ടിരുന്നു. തീവ്രവാദപ്രവര്‍ത്തനങ്ങളേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നു. ബോംബ് സ്ഫോടനങ്ങളെയും വെടിവയ്പിനെയും കുറിച്ച് നാം കേള്‍ക്കുന്നു. എന്നാല്‍ മൂന്നും നാലും ദശാബ്ദങ്ങളായി മേഘാലയയിലും ത്രിപുരയിലും നിലനിന്നിരുന്ന സായുധ സേനാ പ്രത്യേകാധികാര നിയമം ( എഎഫ്എസ്പിഎ) പിന്‍വലിച്ചിരിക്കുന്നു. സുരക്ഷാ സേനകളുടെ ശ്രമഫലമായി, സംസ്ഥാന ഗവണ്മെന്റുകളുടെ നടപടികളുടെ ഫലമായി കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകള് നടപ്പാക്കുന്ന വികസന പ്രവര്‍ത്തങ്ങളുടെ ഫലമായി, ജനങ്ങളെ ദേശീയ മുഖ്യധാരയില്‍ എത്തിക്കാന്‍ നടത്തുന്ന ഫലമായാണ് ഇത് സാധ്യമായത്. ത്രിപുരയും മേഘാലയയും ഇപ്പോള്‍ സായുധ സേനാ പ്രത്യേകാധികാര നിയമത്തിന്റെ പരിധിക്ക് പുറത്താണ്. അരുണാചല്‍ പ്രദേശിലെ വിവിധ ജില്ലകളെയും സായുധസേനാ പ്രത്യേകാധികാര നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി. ചില ജില്ലകളില്‍ മാത്രമാണ് ഇപ്പോള്‍ അവിടെ ആ നിയമമുള്ളത്.
ഇടതു തീവ്രവാദം, മാവോയിസം എന്നിവ രാജ്യത്ത് ചോരപ്പുഴ ഒഴുക്കുകയാണ്. അക്രമ സംഭവങ്ങള്‍, ജനങ്ങള്‍ വീടുകളില്‍ നിന്ന് പലായനം ചെയ്ത് കാടുകളില്‍ ഒളിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. എങ്കിലും നമ്മുടെ സുരക്ഷാ സേനകളുടെ തുടര്‍ച്ചയായ ശ്രമഫലമായും വികസന പദ്ധതികളുടെ ഫലമായും ആളുകള്‍ ദേശീയ മുഖ്യധാരയിലേക്ക് വരികയാണ്. 126 ജില്ലകളെ ബാധിച്ചിരുന്ന ഇടതു തീവ്രവാദം ഇപ്പോള്‍ 90 ജില്ലകളില്‍ മാത്രമായി ചുരുങ്ങി. ആ ജില്ലകളില്‍ കൂടി ഇടതു തീവ്രവാദം അവസാനിപ്പിക്കുന്നതിന് വഴി കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗ പുരോഗതിയിലാണ്.
സഹോദരീ സഹോദരന്മാരേ, ജമ്മു-കശ്മീരിന്റെ കാര്യത്തില്‍ അടല്‍ ബിഹാരി വാജ്പേയി ജി കാണിച്ചുതന്ന മാര്‍ഗ്ഗം ശരിയായ ഒന്നായിരുന്നു. നമുക്ക് ആ പാതയിലൂടെ മുന്നോട്ടു പോകണം. വാജ്പേയി ജി പറഞ്ഞത് മാനവികത, ജനാധിപത്യം, കശ്മീരിയത്ത് എന്നിവയേക്കുറിച്ചാണ്. ഈ മൂന്ന് അടിസ്ഥാന കാര്യങ്ങളിലൂടെ നമുക്ക് ജമ്മു-കശ്മീരില്‍ വികസനം സാധ്യമാക്കണം. അത് ലഡാക്കിലും ജമ്മുവിലും ശ്രീനഗര്‍ താഴ്വരയിലും ബാധകമാണ്. സാധാരണക്കാരുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോഴാണ്, അടിസ്ഥാനസൗകര്യങ്ങള്‍ ശക്തമാക്കുമ്പോഴാണ്, വികസനം നമുക്ക് സന്തുലിതമാക്കാന്‍ സാധിക്കുക. ഹൃദയങ്ങളില്‍ സാഹോദര്യത്തോടെ നമുക്ക് മുന്നേറാം. വെടിയുണ്ടകളുടെയും അധിക്ഷേപത്തിന്റെയും പാത നമുക്ക് വേണ്ട. നമ്മുടെ തന്നെ ഭാഗമായ കാശ്മീര്‍ ജനതയുമായി സ്നേഹത്തോടെയും അടുപ്പത്തോടെയും നമുക്ക് മുന്നോട്ടു പോകണം.
സഹോദരീ സഹോദരന്മാരേ, ജലസേചന പദ്ധതികള്‍ പുരോഗമിക്കുകയാണ്. ഐ.ഐ.ടി, ഐ.ഐ.എം, എയിംസ് എന്നിവയുടെ നിര്‍മ്മാണവും നടക്കുന്നു. ദാല്‍ തടാകം വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനവും നടക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ജമ്മു-കശ്മീരില്‍ നിന്ന് എന്നെ വന്നു കാണുന്ന ഗ്രാമത്തലവന്മാര് അവിടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തണം എന്നാവശ്യപ്പെടുന്നത്് വലിയ കാര്യമാണ്. ഒന്നല്ലെങ്കില്‍ മറ്റൊരു കാരണംകൊണ്ട് തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. വരും മാസങ്ങളില്‍ ജമ്മു-കശ്മീരിലെ ഗ്രാമവാസികള്‍ക്ക് അതിന് അവസരം ലഭിക്കും എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അവരുടെ ഗ്രാമങ്ങള്‍ക്ക് ഒരു ഫലപ്രദമായ മേല്‍നോട്ട സംവിധാനം ഉടനേ ഉണ്ടാകും. ഇപ്പോള്‍ കേന്ദ്ര ഗവണ്മെന്റ് ആ ഗ്രാമങ്ങള്‍ക്ക് വന്‍തോതില്‍ പണം നേരിട്ട് നല്‍കുന്നുണ്ട്. ഇത് സ്വന്തം ഗ്രാമത്തിന്റെ വികസനം നടപ്പാക്കാന്‍ ഗ്രാമത്തലവന്മാര്ക്ക് സഹായമാകുന്നു. അതുകൊണ്ടാണ് പഞ്ചായത്തുകളിലും നഗരസഭകളിലും തെരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമം നാം തുടങ്ങിയിരിക്കുന്നത്.
സഹോദരീ സഹോദരന്മാരേ, നമുക്ക് ഈ രാജ്യത്തെ പുതിയ ഉയരങ്ങളില്‍ എത്തിക്കണം. 'എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം' എന്നതാണ് നമ്മുടെ മുദ്രാവാക്യം. നിങ്ങളുടെയെന്നോ എന്റെയെന്നോ യാതൊരു വിവേചനവും സ്വജനരക്ഷപാതവുമില്ല. അതുകൊണ്ടാണ് നാം ഈ ലക്ഷ്യത്തിനു കീഴില്‍ മുന്നോട്ടു പോകുന്നത്, ഇന്നു നാം ത്രിവര്‍ണ പതാകയ്ക്ക് കീഴില്‍ നില്‍ക്കുന്നത്. നമുക്കു വേണ്ടി ത്യാഗം ചെയ്യാനുള്ള സന്നദ്ധത ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചുറപ്പിക്കണം എന്ന് വീണ്ടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
എല്ലാ ഇന്ത്യക്കാര്‍ക്കും സ്വന്തമായി ഒരു വീടുണ്ടാകണം- എല്ലാവര്ക്കും വീട്. എല്ലാ വീടുകളിലും വൈദ്യുതി കണക്ഷന് വേണം- എല്ലാവര്ക്കും വൈദ്യുതി. എല്ലാ ഇന്ത്യക്കാരെയും അടുപ്പിലെ പുകയില്‍ നിന്നു സ്വതന്ത്രരാക്കണം. അതിനാണ് എല്ലാവര്ക്കും പാചകവാതകം ലഭ്യമാക്കുന്ന പദ്ധതി. എല്ലാ ഇന്ത്യക്കാര്‍ക്കും ആവശ്യത്തിനു വെള്ളം ലഭിക്കണം- അതിനാണ് എല്ലാവര്ക്കും ജലം പദ്ധതി. എല്ലാ ഇന്ത്യക്കാര്‍ക്കും ശൗചാലയം വേണം- അതിനാണ് പൊതുശുചിത്വ നിലവാരം ഉയര്‍ത്താനുള്ള പദ്ധതി. എല്ലാ ഇന്ത്യക്കാര്‍ക്കും നൈപുണ്യം വേണം, അതിനാണ് എല്ലാവര്ക്കും നൈപുണ്യം പദ്ധതി. എല്ലാ ഇന്ത്യക്കാര്‍ക്കും സുരക്ഷിതത്വം അനുഭവപ്പെടണം, എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കണം, അതിനാണ് എല്ലാവര്ക്കും ഇന്‍ഷുറന്‍സ് പദ്ധതി. എല്ലാ ഇന്ത്യക്കാര്‍ക്കും ഇന്റര്‍നെറ്റ് സേവനം ലഭ്യമാകണം, അതിനാണ് എല്ലാവര്ക്കും കണക്റ്റിവിറ്റി; ഈ മന്ത്രത്തോടെ രാജ്യത്തെ നമുക്ക് മുന്നോട്ടു കൊണ്ടുപോകണം.
എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ, ആളുകള്‍ എന്നെക്കുറിച്ച് പലതും പറയുന്നുണ്ട്. എന്തൊക്കെ പറഞ്ഞാലും ഇന്ന് പരസ്യമായി ചില കാര്യങ്ങള്‍ സമ്മതിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിരവധി രാജ്യങ്ങള്‍ നമ്മേക്കാള്‍ മുന്നിലാണ് എന്നതില്‍ ഞാന്‍ അക്ഷമനാണ്, ഈ രാജ്യങ്ങളുടെയെല്ലാം മുന്നില്‍ എന്റെ രാജ്യത്തെ എത്തിക്കാന്‍ ഞാന്‍ വിശ്രമരഹിതനും അക്ഷമനുമാണ്.
എന്റെ പ്രിയ ദേശവാസികളേ, നമ്മുടെ രാജ്യത്തെ കുട്ടികളുടെ വികാസത്തിനു പോഷകാഹാരക്കുറവ് ഒരു പ്രധാന തടസ്സമായതുകൊണ്ടാണ് ഞാന്‍ വിശ്രമരഹിതനായിരിക്കുന്നത്. അതൊരു വലിയ കുപ്പിക്കഴുത്തായിത്തന്നെ തുടരുന്നു. എന്റെ രാജ്യത്തെ പോഷകാഹാരക്കുറവില്‍ നിന്നു രക്ഷിക്കാനാണ് ഞാന്‍ വിശ്രമരഹിതനായിരിക്കുന്നത്.
എന്റെ ദേശവാസികളേ, ഒരു പാവപ്പെട്ടയാള്‍ക്ക് ശരിയായ ചികില്‍സ ലഭിക്കാനായി ഞാന്‍ ക്ഷുഭിതനാകും. എന്റെ രാജ്യത്തെ ഒരു സാധാരണ പൗരന് രോഗങ്ങളോട് പൊരുതാന്‍ സാധിക്കുന്നതിനും ആരോഗ്യത്തോടെ തുടരാന്‍ കഴിയുന്നതിനും വേണ്ടിയാണ് ഞാന്‍ വിശ്രമരഹിതനായിരിക്കുന്നത്.
സഹോദരീ സഹോദരന്മാരേ, ഞാന്‍ വിശ്രമരഹിതനാണ്. നമ്മുടെ നഗരങ്ങളിലെ പൗരന്മാര്ക്ക് നിലവാരമുള്ള ഒരു ജീവിതം സാധ്യമാക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഞാന്‍ വിശ്രമരഹിതനായിരിക്കുന്നത്. അവര്‍ക്ക് അനായാസമായും എല്ലാവിധ മികവോടെയും ജീവിക്കാനുള്ള അവസരം ലഭിക്കേണ്ടതുണ്ട്.
എന്റെ പ്രിയ ദേശവാസികളേ, ഞാന്‍ വിശ്രമരഹിതനാണ്. ഞാന്‍ പ്രക്ഷുബ്ധനാണ്, ഞാനെന്റെ രാജ്യത്തിനു വേണ്ടി അക്ഷമനാണ്. നാലാം വ്യവസായ വിപ്ലവം നയിക്കാന്‍, വിജ്ഞാനാധിഷ്ഠിതമായ വിപ്ലവം സാധ്യമാക്കാന്‍, വിവര സാങ്കേതികവിദ്യാ നൈപുണ്യമുള്ളവര്‍ നയിക്കുന്ന വിപ്ലവം സാധ്യമാക്കാന്‍. അതിലേക്ക് എത്തിക്കാന്‍ ഞാനെന്റെ രാജ്യത്തിനു വേണ്ടി അക്ഷമനാണ്.
എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ, നമുക്ക് മുന്നേറിയേ തീരൂ. സ്തംഭവനാവസ്ഥ നമുക്ക് സ്വീകരിക്കാന്‍ കഴിയില്ല, മാറ്റമില്ലാതെ നമുക്ക് നില്‍ക്കാനാകില്ല, ആരുടെ മുന്നിലും കുനിയുന്നത് നമ്മുടെ പ്രകൃതവുമല്ല. ഈ രാജ്യം സ്തംഭിച്ചു നില്‍ക്കാനോ കുനിയാനോ ക്ഷീണിക്കാനോ പോകുന്നില്ല. നമുക്ക് മഹത്തായ ഉയരങ്ങള്‍ നേടണം. നമുക്ക് മുന്നേറണം.
സഹോദരീ സഹോദരന്മാരേ, നാം നമ്മുടെ പൗരാണിക വേദങ്ങളുടെ സമ്പന്നമായ പൈതൃകത്തിന്റെ നേരവകാശികളാണ്. ആ പാരമ്പര്യം നമ്മുടെ ആത്മവിശ്വാസത്തിനു കാരണമാണ്, നമുക്ക് ആ പാരമ്പര്യം മുന്നോട്ടു കൊണ്ടുപോകണം.
എന്റെ പ്രിയ ദേശവാസികളേ, നമുക്ക് ഭാവിയേക്കുറിച്ചു മാത്രം സ്വപ്നം കണ്ടാല്‍ പോര. പക്ഷേ, ഭാവിയിലെ പുതിയ ഉയരങ്ങള്‍ക്കു വേണ്ടി പ്രചോദനം നേടണം. ഏറ്റവും മുകളില്‍ എത്താനുള്ള സ്വപ്നത്തോടെ നമുക്ക് മുന്നേറണം. അതുകൊണ്ട് എന്റെ പ്രിയ ദേശവാസികളേ, എനിക്കൊരു പുതിയ പ്രതീക്ഷയും പുതിയ ഒരു സൂക്ഷ്മതയും പുതിയ ഒരു വിശ്വാസവും നിങ്ങളില്‍ പ്രതിഷ്ഠിക്കണം. എന്തുകൊണ്ടെന്നാല്‍ രാജ്യത്തിന് അതിനൊപ്പം സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കണം.
अपने मन में एक लक्ष्य लिए,
अपने मन में एक लक्ष्य लिए,
मंजिल अपनी प्रत्यक्ष लिए,
अपने मन में एक लक्ष्य लिए,
मंजिल अपनी प्रत्यक्ष लिए हम तोड़ रहे है जंजीरें,
हम तोड़ रहे हैं जंजीरें,
हम बदल रहे हैंतस्वीरें,
ये नवयुग है, ये नवयुग है,
ये नवभारत है, ये नवयुग है,
ये नवभारत है।
“खुद लिखेंगे अपनी तकदीर, हम बदल रहे हैं तस्वीर,
खुद लिखेंगे अपनी तकदीर, ये नवयुग है, नवभारत है,
हम निकल पड़े हैं, हम निकल पड़े हैं प्रण करके,
हम निकल पड़े हैं प्रण करके, अपना तनमन अर्पण करके,
अपना तनमन अर्पण करके, ज़िद है, ज़िद है, ज़िद है,
एक सूर्य उगाना है, ज़िद है एक सूर्य उगाना है,
अम्बर से ऊंचा जाना है, अम्बर से ऊंचा जाना है,
एक भारत नया बनाना है, एक भारत नया बनाना है।।”
എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ, ഒരിക്കല്‍ക്കൂടി സ്വാതന്ത്ര്യത്തിന്റെ വിശുദ്ധ വേളയില്‍ ഞാന്‍ എന്റെ ആശംസകള്‍ അറിയിക്കുന്നു. വരൂ, 'ജയ് ഹിന്ദ്' മുദ്രാവാക്യം നമുക്ക് ഉച്ചത്തില്‍ മുഴക്കാം.
ജയ് ഹിന്ദ്! ജയ് ഹിന്ദ്! ജയ് ഹിന്ദ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
വന്ദേ മാതരം! വന്ദേ മാതരം! വന്ദേ മാതരം!