independenceday-2016

Press Information Bureau

Government of India

Prime Minister's Office

പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം - പ്രസക്ത ഭാഗങ്ങള്‍

Posted On :15, August 2017 12:51 IST

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഇന്ന് ചെങ്കോട്ടയുടെ കൊത്തളത്തില്‍നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. അദ്ദേഹത്തിന്റെ സന്ദേശത്തിലെ പ്രസക്ത ഭാഗങ്ങള്‍

1. എന്റെ എല്ലാ സഹപൗരന്മാര്‍ക്കും സ്വതന്ത്ര്യദിനാശംസകള്‍
2. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും മഹത്വത്തിനുമായി അതുല്യ സംഭാവനകള്‍ നല്‍കിയ, ത്യാഗങ്ങള്‍ സഹിക്കുകയും ജീവിതം തന്നെ സമര്‍പ്പിക്കുകയും ചെയ്ത എല്ലാ ധീരാത്മാക്കളെയും അമ്മമാരെയും സഹോദരികളെയും ഈ ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്ന് രാജ്യത്തെ 125 കോടി ജനങ്ങളുടെ പേരില്‍ ഞാന്‍ അഭിവാദ്യം ചെയ്യുന്നു.
3. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി കഠിനമായി പ്രയത്‌നിച്ച എല്ലാ മഹതീ മഹാന്മാരെയും നാം അനുസ്മരിക്കുന്നു.
4. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയായവര്‍ക്കു വേണ്ടി, ആശുപത്രിയില്‍ അകാലമരണത്തിനിരയായ പൈതങ്ങള്‍ക്കു വേണ്ടി നമ്മള്‍, ഇന്ത്യയിലെ ജനങ്ങള്‍ തോളോടു തോള്‍ ചേര്‍ന്നു നില്ക്കുന്നു.
5. നമുക്ക് ഇത് പ്രത്യേകതകള്‍ നിറഞ്ഞ വര്‍ഷമാണ്. ക്വിറ്റ് ഇന്ത്യയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം. ചമ്പാരണ്‍ സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികം. ഗണേശ് ഉത്സവത്തിന്റെ നൂറ്റി ഇരുത്തിയഞ്ചാം വാര്‍ഷികം.
6.ക്വിറ്റ് ഇന്ത്യാ സമരം ആഹ്വാനം ചെയ്തത് 'ഭാരതം വീടൂ (ഭാരത് ഛോഡോ)' എന്നായിരുന്നു.പക്ഷെ നാം ഇന്ന് ആഹ്വാനം ചെയ്യുന്നത് 'ഭാരതത്തെ കൂട്ടിയോജിപ്പിക്കൂ (ഭാരത് ജോഡോ' എന്നാണ്.
7. ഒരു 'നവ ഇന്ത്യ'യെ സൃഷ്ടിക്കാനുള്ള നിശ്ചയദാര്‍ഡ്യത്തോടെയാണ് നാം രാജ്യത്തെ മുന്നോട്ടു നയിക്കേണ്ടത്.
8. 1942 മുതല്‍ 1947 വരെ രാജ്യം ഒരുമയുടെ കരുത്ത് തെളിയിച്ചു. വരുന്ന അഞ്ചു വര്‍ഷം ഇതേ സംഘടിത ശക്തിയും കഠിനാധ്വാനത്തിനുള്ള പ്രതിജ്ഞയുമായി നാം രാജ്യത്തെ മുന്നോട്ടു നയിക്കണം .
9. നമ്മുടെ രാജ്യത്ത് വലിയവരില്ല, ചെറിയവരില്ല. എല്ലാവരും തുല്യരാണ്. നമുക്ക് ഒരുമിച്ച് രാജ്യത്ത് ക്രിയാത്മകമായ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും.
10. പുതിയ ഒരിന്ത്യയുടെ സൃഷ്ടിക്കായി വലിയവരെന്നോ ചെറിയവരെന്നോ വിവേചനം ഇല്ലാതെ 125 കോടി ജനങ്ങളുടെ സംഘടിത ശക്തിയോടെ, നാം മുന്നോട്ടു നീങ്ങണം.
11. 2018 ജനുവരി ഒന്ന് ഒരു സാധാരണ ദിവസമല്ല. ഈ നൂറ്റാണ്ടിനൊപ്പം ജനിച്ചവര്‍ക്ക് അന്നു 18 വയസ് തികയും. അവരാണ് നമ്മുടെ രാജ്യത്തിന്റെ ഭാഗ്യ വിധാതാക്കള്‍.
12. നമുക്ക് ഈ 'നടന്നുകൊള്ളും' നിലപാട് വെടിയാം. നമുക്ക് 'മാറിക്കൊണ്ടിരിക്കുന്നു' - എന്നു ചിന്തിക്കാം. ഒരു രാഷ്ട്രമെന്ന നിലയില്‍ ഈ നിലപാടാണ് നമ്മെ സഹായിക്കുക.
13. രാജ്യം മാറിയിരിക്കുന്നു, മാറുന്നു, ഇനിയും മാറും. ഈ വിശ്വാസവും പ്രതിജ്ഞാബദ്ധതയുമായി നമുക്കു മുന്നേറാം.
14. രാജ്യത്തിന്റെ സുരക്ഷയാണ് നമ്മുടെ മുന്‍ഗണന. ആഭ്യന്തര സുരക്ഷയാണ് നമ്മുടെ മുന്‍ഗണന. അതു നമ്മുടെ സമുദ്രങ്ങളിലാകട്ടെ, അതിര്‍ത്തികളിലാകട്ടെ, സൈബര്‍ മേഖലയിലാകട്ടെ, ബഹിരാകാശത്തിലാകട്ടെ എല്ലാ വിരുദ്ധ ശക്തികളെയും പരാജയപ്പെടുത്താന്‍ ഇന്ത്യയ്ക്കു ഇന്നു ശേഷിയുണ്ട്.
15. ഇടതു പക്ഷ തീവ്രവാദത്തെയും, നുഴഞ്ഞു കയറ്റത്തെയും, സമാധാന ജീവിതത്തെ തകര്‍ക്കുന്ന എല്ലാ ഘടകങ്ങളെയും തുരത്തി നമ്മുടെ സൈന്യം ത്യാഗത്തിന്റെ കൊടുമുടികയറി. ഇന്ത്യയുടെ ശക്തിയും പോരാട്ടത്തിലുള്ള ശേഷിയും ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു.
16. ഒരേ റാങ്ക്, ഒരേ പെന്‍ഷന്‍ എന്ന നയം നമ്മുടെ സുരക്ഷാ സേനയുടെ ധാര്‍മ്മിക ശക്തി വര്‍ധിപ്പിച്ചിട്ടുണ്ട്.
17. രാജ്യത്തെ കൊള്ളയടിച്ചവര്‍, പാവപ്പെട്ട ജനത്തെ കൊള്ളയടിച്ചവര്‍ ഇന്നു സമാധനത്തോടെ ഉറങ്ങുന്നില്ല.
18. ബിനാമി വസ്തു ഇടപാടു സംബന്ധിച്ച് ഒരു നിയമവും പാസാക്കിയിരുന്നില്ല. എന്നാല്‍ അടുത്ത കാലത്ത് ബിനാമി നിയമം പാസായശേഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ ഗവണ്‍മെന്റ് 800 കോടിയുടെ ബിനാമി വസ്തുക്കളാണ് കണ്ടു കെട്ടിയത്. രാജ്യം സത്യസന്ധന്മാര്‍ക്കുള്ളതാണ് എന്ന് ഈ കാര്യങ്ങള്‍ നടക്കുമ്പോള്‍ സാധാരണക്കാരന്‍ അറിയുന്നു.
19. ഇന്നു നാം 'സത്യസന്ധതയുടെ ഉത്സവം' ആഘോഷിക്കുകയാണ്.
20 ജിഎസ്ടി സഹകരണ ഫെഡറലിസത്തിന്റെ ആത്മാവിനെ കാണിച്ചുതരുന്നു. രാജ്യമൊന്നാകെ ജിഎസ്ടിയ്ക്കു പിന്തുണയുമായി മുന്നോട്ടു വന്നിരിക്കുന്നു. സാങ്കേതിക വിദ്യയുയും വലിയ രീതിയില്‍ സഹായിച്ചു.
21. ഇന്ന് രാജ്യത്തെ പാവപ്പെട്ടവര്‍ മുഖ്യധാരയില്‍ അണിചേരുകയാണ്. രാജ്യം പുരോഗതിയിലേയ്ക്കു കുതിക്കുന്നു.
22. സദ്ഭരണം എന്നാല്‍ വേഗതയും നടപടികളുടെ ലഘൂകരണവുമാണ്.
23. ആഗോളതലത്തില്‍ ഇന്ത്യയുടെ ഔന്നത്യം വര്‍ധിക്കുകയാണ്. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ലോകം നമുക്കൊപ്പമുണ്ട്. എല്ലാ രാജ്യങ്ങളും ഇക്കാര്യത്തില്‍ നമ്മെ സഹായിച്ചതില്‍ ഞാന്‍ നന്ദി പറയുന്നു.
24. ജമ്മു കാഷ്മീരിന്റെ പുരോഗതിക്കായി നാം പരിശ്രമിക്കണം.
25. ഭീകര വാദത്തോടോ ഭീകരപ്രവര്‍ത്തകരോടോ മൃദു സമീപനത്തിന്റെ ചോദ്യമുദിക്കുന്നില്ല.
26. വെടിയുണ്ടകൊണ്ടോ ദുഷ്പ്രയോഗം കൊണ്ടോ അല്ല ആശ്ലേഷം കൊണ്ട് കാഷ്മീരിലെ പ്രശ്‌നം പരിഹരിക്കാം.
27. കള്ളപ്പണത്തിനും അഴിമതിക്കും എതിരെയുള്ള നമ്മുടെ പോരാട്ടം തുടരും. സാങ്കേതിക വിദ്യയിലൂടെ സുതാര്യത കൊണ്ടുവരാനാണ് നാം ശ്രമിക്കുന്നത്.
28. ഭീകര വാദത്തോടോ ഭീകരപ്രവര്‍ത്തകരോടോ മൃദു സമീപനത്തിന്റെ ചോദ്യമുദിക്കുന്നില്ല.
29. വ്യവസ്ഥിതിയുടെ പിന്നിലെ ചാലക ശക്തി ജനങ്ങളാണ്. തന്ത്രാ സെ ലോക നഹിം, ലോക് സേ തന്ത്ര ചലേഗ.
30 ഇന്ത്യ ജനാധിപത്യത്തിന്റെ എറ്റവും വലിയ ശക്തിയാകും.
31. തൊഴിലിന്റെ സ്വഭാവം മാറുകയാണ്; തൊഴിലിന്റെ ആവശ്യവും സാങ്കേതിക വിദ്യയും മാറുകയാണ്.
32. നാം നമ്മുടെ യുവാക്കളെ തൊഴില്‍ സൃഷ്ടാക്കളാക്കുകയാണ്; തൊഴില്‍ അന്വേഷകരല്ല.
33. മൂന്നു പ്രാവശ്യം ത്വലാഖ് ചെല്ലപ്പെട്ട സ്ത്രീകളെ കുറിച്ച് സൂചിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ അവരുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു. അവരുടെ പോരാട്ടങ്ങളില്‍ നാം അവര്‍ക്കൊപ്പമാണ്.
34. ഇന്ത്യ എന്നത് ശാന്തിയും, ഐക്യവും, സദ്ഭാവനയുമാണ്യ ജാതീയതയും വിഭാഗീയതയും നമ്മെ സഹായിക്കില്ല.
35. വിശ്വാസത്തിന്റെ പേരിലുള്ള അക്രമം നല്ലതല്ല. ഇന്ത്യ അത് അംഗീകരിക്കുന്നുമില്ല.
35. സമാധാനമാണ്, ഐക്യമാണ് , യോജിപ്പാണ് രാജ്യത്തെ നയിക്കുന്നത്. എല്ലാവരെയും ഒപ്പം ചേര്‍ക്കുക എന്നതാണ് നമ്മുടെ സംസ്‌കാരവും പാരമ്പര്യവും.
37. നാം രാജ്യത്തെ ഒരു പുതിയ( വികസന) പാതയിലൂടെ മുന്നോട്ടു നയിക്കുകയാണ്. അതിവേഗത്തിലാണ് ഈ മുന്നേറ്റം.
38. പൂര്‍വ ഇന്ത്യയ്ക്കായി നാം നല്ല പരിഗണന നല്കുന്നുണ്ട്. ബിഹാര്‍, അസാം, ബംഗാള്‍, ഒഡീഷ. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എല്ലാം ഇനിയും കൂടുതല്‍ പുരോഗമിക്കണം.
39. നമ്മുടെ കൃഷിക്കാര്‍ റെക്കോഡ് ഭക്ഷ്യധാന്യ ഉത്പാദനത്തിനായി കഠിനാധ്വാനം ചെയ്തു.
40. 5.75 കോടി കൃഷിക്കാര്‍ക്ക് പ്രധാന്‍ മന്ത്രി ഫസല്‍ ബീമ യോജനയുടെ പരിരക്ഷ ലഭ്യമാക്കി.
41. പ്രധാന്‍ മന്ത്രി കൃഷി സിഞ്ചായി യോജനയില്‍ 30 പദ്ധതികള്‍ പൂര്‍ത്തിയാക്കി. 50 പദ്ധതികള്‍ പുരോഗമിക്കുന്നു.
42. പ്രധാന്‍ മന്ത്രി കൃഷി സമ്പാദ യോജനയില്‍ വിത്തു മുതല്‍ വിപണിവരെ നാം കൃഷിക്കാര്‍ക്ക് സഹായം നല്കി വരുന്നു.
43. വൈദ്യുതി എത്താതിരുന്ന 14000 ഗ്രാമങ്ങളെ വൈദ്യുതീകരിച്ചു കഴിഞ്ഞു.
44. രാജ്യത്തെ ബാങ്കുകളില്‍ 29 കോടി ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറന്നു.
45. രാജ്യത്തെ എട്ടു കോടി യുവാക്കള്‍ക്ക് ഒരു ജാമ്യവും ഇല്ലാതെ വായ്പ ലഭിച്ചു.
46. ഇന്ത്യയുടെ ശോഭനമായ ഭാവിക്കു വേണ്ടി,നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി അഴിമതിക്കെതിരെ നാം പോരാടുകയാണ്.
47. അഴിമതിക്കും കള്ളപ്പണത്തിനു എതിരെ നാം പോരാട്ടം തുടരും. മുന്നോട്ടു പോകും. രാജ്യത്തെ കൊള്ളയടിക്കാന്‍ നാം ആരെയും അനുവദിക്കില്ല.
48. അഴിമതി രഹിത ഇന്ത്യയ്ക്കു വേണ്ടിയുള്ള നമ്മുടെ പോരാട്ടം ഫലം കണ്ടു തുടങ്ങിയിരിക്കുന്നു.
49. 1.25 ലക്ഷം കോടിയുടെ കള്ളപ്പണമാണ് കണ്ടെടുത്തത്.
50. 1.75 ലക്ഷം വ്യാജ കമ്പനികള്‍ക്ക് താഴിട്ടു.
51. ജിഎസ്ടിയ്ക്കു ശേഷമുള്ള സമ്പാദ്യവും ചരക്കു നീക്കത്തിലെ കാര്യക്ഷമതയും മെച്ചപ്പെട്ടിട്ടുണ്ട്. 30 ശതമാനം കാര്യക്ഷമത ഈ മേഖലയില്‍ വര്‍ധിച്ചു.
52. നോട്ടു റദ്ദാക്കലിനു ശേഷം ബാങ്കുകളിലേയ്ക്കു കൂടുതല്‍ പണം വരുന്നു.ഇത് സമ്പദ് വ്യവസ്ഥയ്ക്കു കരുത്തു പകരും
53. ലോകത്തില്‍ ഏറ്റവും കൂടുതല്‍ യുവാക്കള്‍ ഉള്ള രാജ്യമാണ് ഇന്ത്യ. ഇത് വിവര സാങ്കേതിക വിദ്യയുടെ യുഗമാണ്. അതിനാല്‍ പണത്തിന്റെ കാര്യത്തില്‍ നമുക്കു ഡിജിറ്റല്‍ കൈമാറ്റത്തിന്റെ പാതയിലൂടെ മുന്നേറാം.
54. നമുക്ക് മുന്നില്‍ നിന്നു നയിക്കാം. ഭീം ആപ്പ് വഴി ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാം.
55. സഹകരണ ഫെഡറലിസത്തില്‍ നിന്ന് മത്സരക്ഷമതയുള്ള സഹകരണ ഫെഡറലിസത്തിലേയ്ക്കാണ് നാം നീങ്ങിയിരിക്കുന്നത്.
56. പ്രവൃത്തി പൂര്‍ണ്ണമല്ലെങ്കില്‍ അതിന് നാം ഉദ്ദേശിക്കുന്ന ഫലം ലഭിക്കില്ല എന്ന് വേദപുസ്തകങ്ങളില്‍ പറയുന്നു.
57. പുതിയ ഇന്ത്യയെ സൃഷ്ടിക്കാന്‍ ടീം ഇന്ത്യയുടേത് ഇപ്പോള്‍ ശരിയായ സമയമാണ്
58. പാവപ്പെട്ടവര്‍ക്കു വീടുകളും, ശുദ്ധജലവും ഉള്ള, വൈദ്യുതി ഉള്ള ഒരു പുതിയ ഇന്ത്യയെ നമുക്ക് ഒരുമിച്ച് പടുത്തുയര്‍ത്താം.
59. ഭയാശങ്ക കൂടാതെ കൃഷിക്കാര്‍ സമാധാനത്തോടെ ഉറങ്ങുന്ന ഒരിന്ത്യയെ നമുക്കു സൃഷ്ടിക്കാം. അപ്പോള്‍ അവര്‍ ഇന്ന് ഉത്പാദിപ്പിക്കുന്നതിന്റെ ഇരട്ടി ധാന്യം ഉത്പാദിപ്പിക്കും.
60. യുവാക്കളുടെ സ്ത്രീകളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുന്ന ഒരിന്ത്യയെ സൃഷ്ടിക്കാനാണ് നാം പ്രതിജ്ഞ എടുത്തിരിക്കുന്നത്.
61 ഭീകരവിമുക്തമായ, വര്‍ഗീയത വിമുക്തമായ , ജാതി വിമുക്തമായ ഒരിന്ത്യ സൃഷ്ടിക്കാനാണ് നാം പ്രതിജ്ഞ എടുത്തിരിക്കുന്നത്.
62. അഴിമതി രഹിതമായ സ്വജനപക്ഷപാതരഹിതമായ ഒരിന്ത്യ സൃഷ്ടിക്കാനാണ് നാം പ്രതിജ്ഞ എടുത്തിരിക്കുന്നത്.
63. വൃത്തിയും ആരോഗ്യവും സ്വയം ഭരണ സ്വപ്നം(സ്വരാജ്) സാക്ഷാത്ക്കരിക്കുന്നതുമായ ഒരിന്ത്യ സൃഷ്ടിക്കാനാണ് നാം പ്രതിജ്ഞ എടുത്തിരിക്കുന്നത്.
64. ദിവ്യവും ഭവ്യവുമായ ഭാരതമാണ് നാം ആഗ്രഹിക്കുന്നത്.

****