Prime Minister's Office
ഏകതാപ്രതിമ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു
Posted On :31, October 2018 18:52 IST
ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഏകതാപ്രതിമ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു.
സര്‍ദാര്‍ വല്ലഭായ് പട്ടിേലിന്റെ ജന്മനാടായ ഗുജറാത്തിലെ നര്‍മദ ജില്ലയിലുള്ള കെവാദിയയില്‍ അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക നാളിലാണ് 182 മീറ്റര്‍ ഉയരമുള്ള പ്രതിമ രാഷ്ട്രത്തിനു സമര്‍പ്പിക്കപ്പെട്ടത്.
ഏകതാപ്രതിമ സമര്‍പ്പണത്തിനായി പ്രധാനമന്ത്രിയും മറ്റു വിശിഷ്ടാതിഥികളും ഒരു കലശത്തിലേക്ക് മണ്ണും നര്‍മദ ജലവും പകര്‍ന്നു. പ്രധാനമന്ത്രി ഒരു ലിവര്‍ അമര്‍ത്തിക്കൊണ്ട് പ്രതിമയില്‍ സാങ്കല്‍പിക അഭിഷേകം നിര്‍വഹിച്ചു.
ഏകതാ ചുമരും അദ്ദേഹം ഉദ്ഘാടനം ചെയ്തു. പ്രതിമയുടെ പാദങ്ങളില്‍ പ്രധാനമന്ത്രി പ്രത്യേക പൂജ നടത്തി. മ്യൂസിയവും പ്രദര്‍ശനവും സന്ദര്‍ശക ഗ്യാലറിയും സന്ദര്‍ശിക്കുകയും ചെയ്തു. 153 മീറ്റര്‍ ഉയരമുള്ള ഗാലറിയില്‍ ഒരേ സമയം 200 സന്ദര്‍ശകരെ കയറ്റാന്‍ സാധിക്കും. സര്‍ദാര്‍ സരോവര്‍ അണക്കെട്ടും റിസര്‍വോയറും വിന്ധ്യ-ശതപുര മലനിരകളും വീക്ഷിക്കാവുന്ന രീതിയിലാണ് ഗാലറി ഒരുക്കിയിരിക്കുന്നത്.
ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങളുടെ ഫ്‌ളൈപാസ്റ്റും സാംസ്‌കാരിക ട്രൂപ്പുകളുടെ കലാപരിപാടികളുടെ അവതരണവും പ്രതിമ സമര്‍പ്പണ ചടങ്ങിനോടനുബന്ധിച്ചു നടന്നു.
ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേരവേ, രാജ്യമാകെ ഇന്ന് രാഷ്ട്രീയ ഏകതാ ദിനം ആഘോഷിച്ചുവരികയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യാചരിത്രത്തിലെ സവിശേഷ നിമിഷങ്ങളാണ് ഇന്നത്തേതെന്ന് അദ്ദേഹം പറഞ്ഞു. ഏകതാപ്രതിമയിലൂടെ ഇന്ത്യ ഭാവിയിലേക്കുള്ള വലിയ പ്രചോദനം സ്വയം സമ്മാനിച്ചിരിക്കുകയാണെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വരുംതലമുറകളെ സര്‍ദാര്‍ പട്ടേലിന്റെ ധൈര്യം, ശേഷി, ദൃഢചിത്തത എന്നിവയെക്കുറിച്ച് ഓര്‍മിപ്പിക്കാന്‍ പ്രതിമ ഉതകുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ദാര്‍ പട്ടേല്‍ ഇന്ത്യയെ ഏകോപിപ്പിച്ചതു നിമിത്തമാണ് ഇപ്പോള്‍ വന്‍ സാമ്പത്തികവും തന്ത്രപ്രധാനവുമായ ശക്തിയായി മാറാന്‍ ഇന്ത്യക്ക് സാധിച്ചതെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
ഭരണസംവിധാനത്തെ ഒരു സ്റ്റീല്‍ ചട്ടക്കൂടിനു സമാനമായി കണ്ടിരുന്ന സര്‍ദാര്‍ പട്ടേലിന്റെ വീക്ഷണം ശ്രീ. നരേന്ദ്ര മോദി എടുത്തുപറഞ്ഞു.
പ്രതിമ നിര്‍മാണത്തിനായി കൃഷിഭൂമിയുടെ പങ്കും കൃഷി ആയുധങ്ങളുടെ ഭാഗമായുള്ള ഇരുമ്പും ലഭ്യമാക്കിയ കര്‍ഷകര്‍ക്ക് അവരവരോടുതന്നെ ബഹുമാനം ജനിപ്പിക്കുന്ന പ്രതീകമാണ് ഏകതാ പ്രതിമയെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി. ഏക ഭാരതം, ശ്രേഷ്ഠ ഭാരതം എന്ന മന്ത്രത്തിലൂടെ മാത്രമേ ഇന്ത്യയിലെ യുവാക്കളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കിയെടുക്കാന്‍ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിമ നിര്‍മാണത്തിനായി പ്രയത്‌നിച്ച എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ മേഖലയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവു ഗണ്യമായി വര്‍ധിക്കാന്‍ പ്രതിമ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യസമര സേനാനികളുടെയും വലിയ നേതാക്കളുടെയും ഓര്‍മകള്‍ നിലനിര്‍ത്തുന്നതിനായി എത്രയോ സ്മാരകങ്ങള്‍ ഈയടുത്ത വര്‍ഷങ്ങളില്‍ നിര്‍മിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സര്‍ദാര്‍ പട്ടേലിനായി സമര്‍പ്പിച്ച ന്യൂഡെല്‍ഹിയിലെ മ്യൂസിയം, ഗാന്ധിനഗറിലെ മഹാത്മാ മന്ദിരവും ദണ്ഡി കുടീരവും, ബാബാ സാഹേബ് ഭീം റാവു അംബേദ്കറിനു സമര്‍പ്പിച്ച പഞ്ചതീര്‍ഥ്, ഹരിയാനയിലെ ശ്രീ. ഛോട്ടു റാം പ്രതിമ, കച്ചിലുള്ള ശ്യാംജി കൃഷ്ണ വര്‍മയുടെയും വീര്‍നായക് ഗോവിന്ദ് ഗുരുവിന്റെയും സ്മാരകങ്ങള്‍ എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു. ഡെല്‍ഹിയില്‍ സുഭാഷ് ചന്ദ്രബോസ് മ്യൂസിയം, മുംബൈയില്‍ ശിവജി പ്രതിമ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗോത്രവര്‍ഗ മ്യൂസിയങ്ങള്‍ എന്നിവയുടെ നിര്‍മാണം നടന്നുവരികയാണെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി.
കരുത്തുറ്റതും എല്ലാവരെയും ഉള്‍ച്ചേര്‍ത്തുള്ളതുമായ ഇന്ത്യയെക്കുറിച്ചു സര്‍ദാര്‍ പട്ടേലിന് ഉണ്ടായിരുന്ന വീക്ഷണം ഓര്‍മിപ്പിച്ച ശ്രീ. നരേന്ദ്ര മോദി, സര്‍ദാര്‍ പട്ടേലിന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനാണു കേന്ദ്ര ഗവണ്‍മെന്റ് യത്‌നിക്കതെന്നു വ്യക്തമാക്കി. എല്ലാവര്‍ക്കും പാര്‍പ്പിടവും വൈദ്യുതിയും ലഭ്യമാക്കാനും റോഡ് കണക്ടിവിറ്റി, ഡിജിറ്റല്‍ കണക്ടിവിറ്റി എന്നിവ യാഥാര്‍ഥ്യമാക്കുന്നതിനും നടത്തിവരുന്ന പരിശ്രമങ്ങളെക്കുറിച്ചു പ്രധാനമന്ത്രി വിശദീകരിച്ചു. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയെക്കുറിച്ചും പരാമര്‍ശിച്ചു. ചരക്കുസേവന നികുതി, ഇ-നാം, 'വണ്‍ നേഷന്‍, വണ്‍ ഗ്രിഡ്' തുടങ്ങിയ പദ്ധതികള്‍ രാഷ്ട്രത്തെ ഏകോപിപ്പിക്കാന്‍ പലവിധത്തില്‍ സഹായകമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്തെ ഏകതയും അഖണ്ഡതയും നിലനിര്‍ത്താനും എല്ലാ വിഭാഗീയ ശക്തികളെയും നേരിടാനും നമുക്കുള്ള സംയോജിത ഉത്തരവാദിത്തത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.