ഞാന്‍ സര്‍ദാര്‍ പട്ടേല്‍ എന്ന് പറയും അതിനുശേഷം നിങ്ങളെല്ലാം 'അമരനായിരിക്കട്ടെ, അമരനായിരിക്കട്ടെ(അമര്‍ രഹേ, അമര്‍രഹേ) എന്ന് പറയണം.....
'സര്‍ദാര്‍ പട്ടേല്‍. 'അമരനായിരിക്കട്ടെ, അമരനായിരിക്കട്ടെ(അമര്‍ രഹേ, അമര്‍രഹേ) '
'സര്‍ദാര്‍ പട്ടേല്‍. 'അമരനായിരിക്കട്ടെ, അമരനായിരിക്കട്ടെ(അമര്‍ രഹേ, അമര്‍രഹേ) '
'സര്‍ദാര്‍ പട്ടേല്‍. 'അമരനായിരിക്കട്ടെ, അമരനായിരിക്കട്ടെ(അമര്‍ രഹേ, അമര്‍രഹേ) '
ഈ ഭൂമിയില്‍ നിന്ന് രാജ്യത്താകെ പ്രതിദ്ധ്വനിക്കുന്ന മറ്റൊരു മുദ്രാവാക്യവും ഉയര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. 'രാജ്യത്തിന്റെ ഐക്യം' എന്ന് ഞാന്‍ പറയും 'സിന്ദാബാദ്,! സിന്ദാബാദ്!' എന്ന് നിങ്ങള്‍ പറയണം.
'രാജ്യത്തിന്റെ ഐക്യം!സിന്ദാബാദ്,! സിന്ദാബാദ്!'
'രാജ്യത്തിന്റെ ഐക്യം!സിന്ദാബാദ്,! സിന്ദാബാദ്!'
'രാജ്യത്തിന്റെ ഐക്യം!സിന്ദാബാദ്,! സിന്ദാബാദ്!'
'രാജ്യത്തിന്റെ ഐക്യം!സിന്ദാബാദ്,! സിന്ദാബാദ്!'
വേദിയിലുള്ള ഗുജറാത്ത് ഗവര്‍ണര്‍ ശ്രീ ഓം പ്രകാശ് കോഹ്‌ലിജി, ജനസമ്മതനായ ഗുജറാത്തിന്റെ മുഖ്യമന്ത്രി ശ്രീ വിജയ് രൂപാണിജി, കര്‍ണ്ണാടക ഗവര്‍ണര്‍ വാജുഭായി വാലാജി, മദ്ധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീമതി അനന്ദിബെന്‍ പട്ടേല്‍, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകരെ രാജ്യസഭാംഗമായ ശ്രീ അമിത് ഭായി ഷാ, ഗുജറാത്തിന്റെ ഉപമുഖ്യമന്ത്രി ശ്രീ നിതിന്‍ ഭായി, നിയമസഭാ സ്പീക്കര്‍ രാജേന്ദ്രജി, ലോകത്തിന്റെയും രാജ്യത്തിന്റേയും വിവിധഭാഗങ്ങളില്‍ നിന്ന് ഇവിടെ എത്തിയിട്ടുള്ള വിശിഷ്ടവ്യക്തികളെ, സഹോദരി സഹോദരിമാരെ.
ചരിത്രപരമായ ഈ അവസരത്തില്‍ പുണ്യനദിയായ നര്‍മ്മദയുടെ തീരത്തുനിന്നും വിന്ധ്യാ സത്പുരയ്ക്ക് സമീപത്തുനിന്നും എന്റെ രാജ്യവാസികളെയും ലോകത്താകമാനമുള്ള ഇന്ത്യാക്കാരെയും ഇന്ത്യയെ സ്‌നേഹിക്കുന്ന ലോകത്തെ ഓരോരുത്തരേയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു.
സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്മരണയില്‍ ഇന്ന് രാജ്യമാകമാനം ദേശീയ ഐക്യദിനം ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും നമ്മുടെ യുവജനങ്ങള്‍ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി മാരത്തോണ്‍ ഓടുകയുമാണ്. ' റണ്‍ ഫോര്‍ യുണിറ്റിയില്‍'' പങ്കെടുത്തവരെയെല്ലാം ഞാനും അഭിനന്ദിക്കുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങളായി രാജ്യത്തോടുള്ള നിങ്ങളുടെ സമര്‍പ്പണം കൊണ്ടാണ് നമ്മുടെ സംസ്‌ക്കാരം അഭിവൃദ്ധിപ്പെടുന്നത്. സുഹൃത്തുക്കളെ, ഓരോ രാജ്യത്തിന്റെ ചരിത്രത്തിലും പൂര്‍ണ്ണമായി എന്ന് നമുക്ക് തോന്നിപ്പിക്കുന്ന ഒരു സമയമുണ്ടാകും. രാജ്യത്തിന്റെ ചരിത്രത്തില്‍
എന്നന്നേയ്ക്കുമായി ആ ദിവസം പിന്നീട് മായ്ച്ചുകളാന്‍ ബുദ്ധിമുട്ടുള്ള വിധം കുറിച്ചിടുകയും ചെയ്യും. അതുപോലെ ഈ ദിവസം ഇന്ത്യയുടെ ചരിത്രത്തിലും ഒരു സവിശേഷദിവസമായി രേഖപ്പെടുത്തും. സ്വാതന്ത്ര്യം ലഭിച്ചു കഴിഞ്ഞ് നിരവധി വര്‍ഷങ്ങളായിട്ടും ജീവിതം മുഴുവനും ഇന്ത്യയ്ക്ക് സ്വന്തം വ്യക്തിത്വവും ബഹുമാനവും ലഭ്യമാക്കുന്നതിന് വേണ്ടി സമര്‍പ്പിച്ച ഒരു ഉന്നത വ്യക്തിത്വത്തിനോട് അര്‍ഹിക്കുന്ന ബഹുമാനം കാണിക്കുന്നതില്‍ നാം പരാജയപ്പെട്ടു.
ഇന്ന് ഇന്ത്യയുടെ വര്‍ത്തമാനകാല കാലം ആ സുവര്‍ണ്ണ വ്യക്തിത്വത്തെ പുനരുജ്ജീപ്പിച്ചിരിക്കുകയാണ്. സര്‍ദാര്‍ സാഹിബിനെ ഇന്ന് ഭൂമിയില്‍ നിന്നും ആകാശത്തിലേക്ക് കിരിടധാരണം നടത്തിയതിലൂടെ ഇന്ത്യ പുതിയ ചരിത്രം രചിക്കുക മാത്രമല്ല, ഭാവിയിലേക്കുള്ള പ്രചോദനത്തിന്റെ ഒരു മാളികകൂടി സൃഷ്ടിച്ചിരിക്കുകയാണ്. സര്‍ദാര്‍ സാഹിബിന്റെ ഈ വമ്പന്‍ പ്രതിമ രാജ്യത്തിന് സമര്‍പ്പിക്കാന്‍ എനിക്ക് അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. ഗുജറാത്തിലെ മുഖ്യമന്ത്രി എന്ന നിലയില്‍ ഈ ആശയം ഞാന്‍ വിഭാവനം ചെയ്യുമ്പോള്‍ ഏതെങ്കിലുമൊരുദിനത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന നിലയില്‍ ഇത് ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം എനിക്ക് ലഭിക്കുമെന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. സര്‍ദാര്‍ സാഹിബിന്റെയും ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളുടെയും അനുഗ്രഹാശിസുകള്‍ക്ക് ഞാന്‍ നന്ദിയുള്ളവനാണ്. അഭിനന്ദന കത്തിന് ഞാന്‍ ഗുജറാത്തിലെ ജനങ്ങളോട് അങ്ങേയറ്റം നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇത് ഒരു കത്ത് എന്നതിലുപരി എനിക്കുള്ള ബഹുമതിയാണ്. ഒരു അമ്മ തന്റെ കുഞ്ഞിനെ തലോടുമ്പോള്‍, കുട്ടിയുടെ ശക്തിയിലും ഊര്‍ജ്ജത്തിലും നാനാവിധമായ വര്‍ദ്ധനയുണ്ടാകും, അതുപോലെ ഈ ബഹുമതിപത്രം അമ്മയുടെ വരദാനത്തിന്റെ തോന്നലാണ് എന്നിലുണ്ടാക്കുന്നത്. ലോഹാ അഭിയാന്റെ സമയത്ത് ശേഖരിച്ച ഒരു കഷ്ണം ഇരുമ്പ് എനിക്ക് കിട്ടിയിരുന്നു. അഹമ്മദാബാദില്‍ അഭിയാന്റെ ആരംഭം കുറിച്ചുകൊണ്ട് വിശിയ പതാകയും എനിക്ക് ലഭിച്ചിരുന്നു. നിങ്ങളോടെല്ലാവരോടും ഗുജറാത്തിലെ ജനങ്ങളോടും ഞാന്‍ തീര്‍ച്ചയായും വളരെയധികം നന്ദിയുള്ളവനായിരിക്കും. അവയെല്ലാം ഞാന്‍ ഇവിടെ നല്‍കിയിട്ടായിരിക്കും പോകുക. അങ്ങനെയായാല്‍ നിങ്ങള്‍ക്ക് അവയൊക്കെ മ്യൂസിയത്തില്‍ സൂക്ഷിക്കാനും രാജ്യത്തിന് അവയെക്കുറിച്ച് അറിയാനും കഴിയും.
കഴിഞ്ഞകാലങ്ങള്‍ എനിക്ക് ഓര്‍മ്മവരികയാണ്, അതുപോലെ ഹൃദയം തുറന്ന് സംസാരിക്കുന്നുവെന്ന വികാരവും എന്നിലുണ്ടാകുന്നുണ്ട്. രാജ്യത്തങ്ങോളമിങ്ങോളമുള്ള ഗ്രാമവാസികളോടും കര്‍ഷകരോടും ഒരുപിടി മണ്ണ് നല്‍കാനും പഴയകിയതോ ഇപ്പോള്‍ ഉപയോഗിക്കുന്നതോ ആയ കാര്‍ഷിക ഉപകരണങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ട ആ പഴയദിനങ്ങള്‍ ഞാന്‍ ഓര്‍ക്കുകയാണ്. ലക്ഷക്കണക്കിന് കര്‍ഷകകുടുംബങ്ങളും ഗ്രാമീണരും ഈ പ്രതിമ നിര്‍മ്മിക്കുന്നതിന് അവരുടെ സംഭാവനകള്‍ നല്‍കാന്‍ മുന്നോട്ടുവന്നതിലൂടെ ഒരു ബഹുജനപ്രസ്ഥാനം തന്നെ രൂപം കൊണ്ടു. അവര്‍ നല്‍കിയ ഉപകരണങ്ങളില്‍ നിന്ന് കിട്ടിയ കോടിക്കണക്കിന് ടണ്‍ ഇരുമ്പിനോടൊപ്പം വളരെ ശക്തിമത്തായ ഒരു അടിത്തറയും സൃഷ്ടിക്കപ്പെട്ടു.
ഈ ആശയം മുന്നോട്ടുവച്ചപ്പോള്‍, സംശയങ്ങളും ആശങ്കകളുമുണ്ടായത് ഞാന്‍ ഓര്‍ക്കുകയാണ്. അതില്‍ ചിലത് ഇപ്പോള്‍ വെളിവാക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. ഈ ആശയം എന്റെ മനസില്‍ രൂപപ്പെട്ടപ്പോള്‍, സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ കൊത്തിയെടുക്കാന്‍ കഴിയുന്ന ഒരു വമ്പന്‍ കുന്നുപോലെത്തെ ഒരു പാറ എവിടെയുണ്ടെന്നാണ് ഞാന്‍ പരതിയത്. നരവധി വിലയിരുത്തലുകള്‍ക്കൊടുവില്‍ അത്തരത്തിലുള്ള ഒരു വലിയ പാറ ലഭിക്കുക അസാദ്ധ്യമാണെന്നും അഥവാ ലഭിച്ചാല്‍ തന്നെ അതില്‍ കൊത്തിയെടുക്കുന്ന പ്രതിമ അത്രത്തോളം ശക്തമായിരിക്കില്ലെന്നും വ്യക്തമായി. അങ്ങനെ എനിക്ക് എന്റെ മനസ് മാറ്റേണ്ടിവന്നു, ഇന്ന് നിങ്ങള്‍ കാണുന്നതെല്ലാം അതില്‍ നിന്നും രൂപപ്പെട്ടതാണ്. ഞാന്‍ എല്ലായ്‌പ്പോഴും ഇതിനെക്കുറിച്ചായിരുന്നു ആലോചിച്ചിരുന്നത്. ജനങ്ങളില്‍ നിന്ന് ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ചു. ഈ സുപ്രധാന പദ്ധതിയുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാവരും ഈ രാജ്യത്തിന്റെ വിശ്വാസവും കഴിവും ഉയര്‍ത്തിപ്പിടിച്ചുവെന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
ഇത് ലോകത്തിലെ ഏറ്റവും വലിയ പ്രതിമയാണ്. ഇത് നമ്മുടെ ഭാവിതലമുറകളെ ഈ വ്യക്തിത്വത്തിന്റെ ധൈര്യം, കഴിവുകള്‍, ദൃഢനിശ്ചയം എന്നിവയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കും. ഭാരതമാതാവിനെ കഷ്ണങ്ങളായി വിഘടിപ്പിക്കാനുള്ള ഗൂഢാലോചന തടഞ്ഞതിനെക്കുറിച്ച്, അത്തരത്തിലുള്ള താല്‍പ്പര്യങ്ങളെ, ഇന്ത്യയുടെ ഭാവി സംബന്ധിച്ച് ലോകം പ്രതീക്ഷിച്ചിരുന്ന അത്തരത്തിലുള്ള ചിലതിനെ, എന്നന്നേയ്ക്കുമായി അവസാനിപ്പിച്ച മഹത്തായ വ്യക്തിത്വത്തെക്കുറിച്ച് ഇത് ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കും. അത്തരത്തിലുള്ള ഒരു ഉരുക്ക് മനുഷ്യനായ സര്‍ദാര്‍ വല്ലഭായി പട്ടേലിനെ ഞാന്‍ വണങ്ങുന്നു.
സുഹൃത്തുക്കളേ,
ഭാരതമാതാവ് 550ല്‍ അധികം കൊച്ചുകൊച്ചു രാജ്യങ്ങളായി വിഭജിച്ചു നിന്ന വേളയിലാണ് സര്‍ദാര്‍ സാഹിബിന്റെ കഴിവ് പ്രകടമായത്. ഇന്ത്യയുടെ ഭാവിയേക്കുറിച്ചു ലോകമാകെ അശുഭചിന്തകള്‍ ഉണ്ടായിരുന്നു. അങ്ങനെ ചിന്തിച്ചിരുന്നവര്‍ പോലും ആശ്ചര്യപ്പെട്ടു പോയി. ഇന്ത്യ അതിന്റെ വൈവിധ്യംകൊണ്ട് ഛിന്നഭിന്നമായിപ്പോകും എന്നാണ് അവര്‍ കരുതിയത്. ആ സമയത്തും ജനത ഒരു പ്രതീക്ഷയുടെ രശ്മി കണ്ടു; അത് സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലായിരുന്നു. കൗടില്യന്റെ നയതന്ത്രജ്ഞതയുടെയും ശിവജി മഹാരാജിന്റെ ധീരതയുടെയും മിശ്രണമായിരുന്നു സര്‍ദാര്‍ പട്ടേല്‍. 1947 ജൂലൈ അഞ്ചിന് അദ്ദേഹം നാട്ടുരാജ്യങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു, 'വിദേശ അധിനിവേശക്കാര്‍ക്കെതിരായ നമ്മുടെ മുന്‍കാല പരാജയങ്ങള്‍ക്കു പ്രധാന കാരണം നമ്മുടെ ആഭ്യന്തര പോരുകളും പരസ്പര ശത്രുതയുമാണ്. ഇനിയും ആരുടെയും അടിമയാകാതിരിക്കണമെങ്കില്‍ അതേ തെറ്റുകള്‍ നാം ആവര്‍ത്തിക്കിതിരിക്കണം.'
ഇന്നും സര്‍ദാര്‍ സാഹിബിന്റെ വാക്കുകള്‍ പ്രസക്തമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
സര്‍ദാര്‍ സാഹിബിന്റെ വാക്കുകള്‍ കേട്ടും ഐക്യത്തിന്റെ കരുത്ത് തിരിച്ചറിഞ്ഞും നാട്ടുരാജ്യങ്ങള്‍ അതാതു സംസ്ഥാനങ്ങളില്‍ ലയിച്ചു. അതിവേഗം ഇന്ത്യ ഒന്നായി. സര്‍ദാര്‍ സാഹിബിന്റെ ആഹ്വാനത്തെത്തുടര്‍ന്ന് നിരവധി നാട്ടുരാജ്യങ്ങള്‍ ത്യാഗം ചെയ്തു. നാം മറക്കാതിരിക്കുകയും ഓര്‍ക്കുകയും ചെയ്യേണ്ടതാണ് നാട്ടുരാജ്യങ്ങളുടെ ത്യാഗം. 550ല്‍ അധികം നാട്ടുരാജ്യങ്ങളെ ഇന്ത്യയുമായി, നമ്മുടെ രാഷ്ട്രവുമായി ചേര്‍ത്തതിന്റെ അവിസ്മരണീയ കാല്‍വയ്പുകള്‍ ചേര്‍ത്ത് ഒരു വിര്‍ച്വല്‍ മ്യൂസിയം രൂപീകരിക്കുക എന്നത് എന്റെ സ്വപ്‌നമാണ്. ഇക്കാലത്ത്, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു നേതാവ്, അല്ലെങ്കില്‍ ഒരു തഹസീല്‍ദാര്‍ പോലും കാലാവധിക്ക് ഒരു വര്‍ഷം മുമ്പേ ഇറങ്ങാന്‍ ആവശ്യപ്പെട്ടാല്‍ കുഴപ്പമുണ്ടാക്കും! പക്ഷേ, ആ രാജാക്കന്മാര്‍ അവര്‍ക്ക് പൈതൃകമായി ലഭിച്ച സ്വത്തുക്കളൊക്കെയും രാജ്യത്തിന്റെ കാലടികളില്‍ സമര്‍പ്പിച്ചു. നമുക്കൊരിക്കലും അത് മറക്കാനാകില്ലെന്നു മാത്രമല്ല എപ്പോഴും ഓര്‍ക്കുകയും വേണം.
സുഹൃത്തുക്കളേ,
ലോകത്തിനു മുമ്പില്‍ ഇന്ത്യയുടെ ദൗര്‍ബല്യമായി കണക്കാക്കിയിരുന്നതിനെ സര്‍ദാര്‍ പട്ടേല്‍ കരുത്താക്കി മാറ്റുകയും രാഷ്ട്രത്തിന് വഴി കാണിച്ചുകൊടുക്കുകയും ചെയ്തു. അതേ പാതയില്‍ സഞ്ചരിച്ചതുകൊണ്ട്, ഒരിക്കല്‍ ഇന്ത്യയെ ആശങ്കയോടെ കണ്ടവര്‍ ഇന്നിപ്പോള്‍ ഇന്ത്യയുടെ ഉപാധികളും നിര്‍ദേശങ്ങളും മാനിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയും തന്ത്രപ്രധാന അധികാര കേന്ദ്രവുമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച് അസാധാരണ വ്യക്തിയായി മാറിയ സര്‍ദാര്‍ സാഹിബിന്റെ സംഭാവന ഒന്നുകൊണ്ടു മാത്രമാണ് ഇതു സാധ്യമായത്. അദ്ദേഹം സുപ്രധാനമായ ഒരു പങ്കാണ് വഹിച്ചത്. സമ്മര്‍ദ്ദങ്ങളും അഭിപ്രായ ഭിന്നതകളും വകവയ്ക്കാതെ, ഭരണനിര്‍വഹണം നടപ്പാക്കേണ്ടത് എങ്ങനെയാണ് എന്ന് സര്‍ദാര്‍ സാഹിബ് കാണിച്ചുതന്നു. ഇന്ന് നമുക്ക് കച്ച് മുതല്‍ കൊഹിമ വരെയും കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും സ്വതന്ത്രമായി സഞ്ചരിക്കാം; സര്‍ദാര്‍ സാഹിബും അദ്ദേഹത്തിന്റെ ഇഛാശക്തിയും കാരണം മാത്രമാണ് ഇത് സാധ്യമായത്. സര്‍ദാര്‍ സാഹിബ് അത് നിര്‍വഹിക്കാതിരിക്കുകയും ആ ഇഛാശക്തി പ്രയോഗിക്കാതിരിക്കുകയും ചെയ്തിരുന്നെങ്കിലുള്ള സ്ഥിതി ഒന്ന് ആലോച്ചു നോക്കൂ, ഗീര്‍ വനങ്ങളിലെ സിംഹങ്ങളെ കാണാനും ഹൈദരാബാദിലെ ചാര്‍മിനാര്‍ സന്ദര്‍ശിക്കാനും ശിവഭക്തര്‍ക്ക് സോമനാഥ പൂജ ചെയ്യാനുമൊക്കെ മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് വിസ വേണ്ടി വരുമായിരുന്നു. സര്‍ദാര്‍ സാഹിബ് അന്ന് ആ ദൃഢനിശ്ചയം കാണിച്ചില്ലായിരുന്നെങ്കില്‍ കശ്മീരില്‍ നിന്ന് കന്യാകുമാരിയിലേക്ക് നേരിട്ട് ഒരു ട്രെയിന്‍ സങ്കല്‍പ്പിക്കാനേ കഴിയില്ലായിരുന്നു; സിവില്‍ സര്‍വീസ് പോലുള്ള അധികാര ചട്ടക്കൂട് രൂപീകരിക്കാന്‍ നിരവധി തടസ്സങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുമായിരുന്നു.
സഹോദരീ സഹോദരന്മാരേ,
1947 ഏപ്രില്‍ 21ന് അഖിലേന്ത്യാ ഭരണ സര്‍വീസ് പ്രൊബേഷണര്‍മാരെ അഭിസംബോധന ചെയ്യുമ്പോള്‍ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ യഥാര്‍ത്ഥമായും പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ പറഞ്ഞു. ഇപ്പോഴത്തെ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസുകാരായ എല്ലാവരുംതന്നെ നിര്‍ബന്ധമായും അത് ഓര്‍ക്കണം. അദ്ദേഹം പറഞ്ഞു- ഇതുവരെ ഇന്ത്യയിലെ സിവില്‍ സര്‍വീസ് 'ഇന്ത്യന്‍' ആയിരുന്നില്ല, അതിന് 'സിവില്‍' സ്വഭാവവുമുണ്ടായിരുന്നില്ല, 'സര്‍വീസ്' പോലും ചെയ്തിരുന്നുമില്ല. ആ സാഹചര്യം മാറ്റണമെന്ന് യുവജനങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇന്ത്യയുടെ ഭരണ സര്‍വീസിനെ സുതാര്യവും സത്യസന്ധവുമാക്കി അതിന്റെ അഭിമാനം വര്‍ധിപ്പിക്കണം എന്ന് അദ്ദേഹം യുവജനങ്ങളോട് ആവശ്യപ്പെട്ടു. ഇന്ത്യയെ പുനര്‍നിര്‍മ്മിക്കുന്നതിന് അവര്‍ അതു ചെയ്യേണ്ടതുണ്ട്. ഇന്ത്യയുടെ ഭരണ സര്‍വീസിന് ഉരുക്കുചട്ട ഉണ്ടായത് സര്‍ദാറിന്റെ പ്രചോദനത്തില്‍ നിന്നാണ്.
സഹോദരീ സഹോദരന്മാരേ,
രാജ്യത്തിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ കാലത്താണ് സര്‍ദാര്‍ പട്ടേല്‍ ആഭ്യന്തര മന്ത്രിയായത്. രാജ്യത്തിന്റെ സംവിധാനങ്ങള്‍ പുനര്‍നിര്‍മിക്കാനുള്ള ഉത്തരവാദിത്തവും ക്രമസമാധാനപാലനം ഉറപ്പാക്കാനുള്ള ദൗത്യവും അദ്ദേഹത്തില്‍ ചെന്നുചേര്‍ന്നു. ആ ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ നിന്ന് അദ്ദേഹം രാജ്യത്തെ പുറത്തെത്തിക്കുകയും നമ്മുടെ ആധുനിക പൊലീസ് സേനയ്ക്ക് ഒരു അടിത്തറ ഉണ്ടാക്കുകയും ചെയ്തു.
സുഹൃത്തുക്കളേ,
രാജ്യത്തെ ജനങ്ങളെ ജനാധിപത്യവുമായി കണ്ണിചേര്‍ക്കുന്നതില്‍ സര്‍ദാര്‍ സാഹിബ് സമര്‍പ്പിതനായിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്ക് സജീവമായി സംഭാവനകള്‍ നല്‍കുന്നതിനുള്ള അവകാശങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ സുപ്രധാന പങ്ക് വഹിക്കുകയും ചെയ്തു. പഞ്ചായത്തുകളിലും നഗരങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളിലും അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും തെരഞ്ഞെടുപ്പ് പങ്കാളിത്തം പോലും ലഭിക്കാത്തതിനെതിരേ സര്‍ദാര്‍ സാഹിബ് ശബ്ദമുയര്‍ത്തി. സ്വാതന്ത്ര്യത്തിനു നിരവധി പതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഈ വിവേചനം അദ്ദേഹത്തിന്റെ ശ്രമഫലമായി ഇല്ലാതാക്കിയിരുന്നു. സര്‍ദാര്‍ സാഹിബ് കാരണമാണ് മൗലികാവകാശങ്ങള്‍ ഇന്ന് നമ്മുടെ ജനാധിപത്യത്തിന്റെ അവിഭാജ്യ ഭാഗമായിരിക്കുന്നത്.
സുഹൃത്തുക്കളേ,
ഈ പ്രതിമ സര്‍ദാര്‍ പട്ടേലിന്റെ സ്‌നേഹം, കഴിവ്, ദീര്‍ഘവീക്ഷണം, ആത്മീയത എന്നിവയുടെ പ്രൗഢനിദര്‍ശനമാണ്. ഈ പ്രതിമ അദ്ദേഹത്തോടുള്ള ആദരവിന്റെ സൂചന മാത്രമല്ല, പുതിയ ഇന്ത്യയുടെ ആത്മവിശ്വസത്തിന്റെ പ്രകടനം കൂടിയാണ്. ഇന്ത്യ ഒരു പഴഞ്ചനാണെന്ന് പറഞ്ഞ് ഇന്ത്യയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നവര്‍ക്കുള്ള താക്കീതുകൂടിയാണ് ഈ പ്രതിമ. ഇന്ത്യ സനാതനമാണ്, ഇന്ത്യ എന്നും സനാതനമായിരിക്കുകയും ചെയ്യും.
സ്വന്തം നാടിന്റെ മണ്ണ് സംഭാവന ചെയ്ത കര്‍ഷകരുടെ ആത്മാഭിമാനത്തിന്റെയും അവരുടെ ഉപകരണങ്ങളില്‍ നിന്നും പണിയായുധങ്ങളില്‍ നിന്നുമുള്ള ഉരുക്കിന്റെ പ്രതീകമാണ് ഇത്; ഈ പ്രതിമയുടെ അടിത്തറ നിര്‍മ്മിക്കുകയും ഇതിന്റെ ആത്മാവ് രൂപപ്പെടുത്തുകയും ചെയ്തിട്ടുള്ളത് എല്ലാ വെല്ലുവിളികളോടും പൊരുതി ഭക്ഷ്യാല്‍പ്പാദനം നടത്തുന്ന അവരുടെ ജീവവായുവില്‍ നിന്നാണ്. സ്വാതന്ത്ര്യസമര കാലം മുതല്‍ വികസന യാത്ര വരെ സ്വന്തം സംഭാവന നല്‍കിയ ആദിവാസി സഹോദരീ സഹോദരന്മാരുടെ സംഭാവനയാണ് ഈ പ്രതിമ. ഭാവിയിലെ ഇന്ത്യ നിങ്ങളുടെ സ്വപ്‌നങ്ങളും അഭിലാഷങ്ങളുമാണ് ഉയര്‍ത്തിപ്പിടിക്കുക എന്ന് രാജ്യത്തെ യുവജനങ്ങളെ ഈ മഹത്തായ ഉയരം ഓാര്‍മ്മപ്പെടുത്തുന്നു. ഇത് ജനകീയമാണ്. ഈ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഒരേയൊരു മന്ത്രം മാത്രമാണുള്ളത്. - 'ഏകഭാരതം, ശ്രേഷ്ഠ ഭാരതം', 'ഏകഭാരതം, ശ്രേഷ്ഠ ഭാരതം', 'ഏകഭാരതം, ശ്രേഷ്ഠ ഭാരതം'.
സുഹൃത്തുക്കളേ,
ഏകതയുടെ പ്രതിമ നമ്മുടെ നിര്‍മാണ, സാങ്കേതിക വൈദഗ്ധ്യത്തിന്റെ പ്രതീകം കൂടിയാണ്. കഴിഞ്ഞ മൂന്നര വര്‍ഷക്കാലം ശരാശരി 2500 ജോലിക്കാര്‍ ദിവസവും ഒരു ദൗത്യമായി ഏറ്റെടുത്തു പ്രവര്‍ത്തിക്കുകയായിരുന്നു. അവരില്‍ച്ചിലരെ ഇപ്പോള്‍ ആദരിക്കുന്നുണ്ട്. 90 വയസ്സിലധികമുള്ള ശ്രീ രാം സുതാര്‍ ജി അവരില്‍പ്പെട്ട വിഖ്യാത ശില്‍പിയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിനു കീഴിലാണ് മിടുക്കന്മാരായ ഒരുകൂട്ടം ശില്‍പികള്‍ ഈ അഭിമാനകരമായ പ്രതിമ പൂര്‍ത്തിയാക്കിയത്. ഒരു ദൗത്യമായി നിര്‍വഹിച്ചതുകൊണ്ടും ദേശീയ ഐക്യത്തിനു വേണ്ടിയുള്ള സമര്‍പ്പണമായതുകൊണ്ടുമാണ് കുറഞ്ഞ സമയത്തിനുള്ള ഈ ജോലി പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്. സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ തറക്കല്ലിട്ടത് വളരെക്കാലം മുമ്പാണെങ്കിലും അതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് പിന്നീട് ദശാബ്ദങ്ങള്‍ കഴിഞ്ഞാണ്. പക്ഷേ, ഈ പദ്ധതി നമ്മുടെ കണ്‍മുന്നില്‍ വളരെക്കുറഞ്ഞ സമയംകൊണ്ടാണ് പൂര്‍ത്തിയാക്കിയത്. എല്ലാവരെയും, എല്ലാ തൊഴിലാളികളെയും മുഴുവന്‍ ശില്‍പികളെയും മുഴുവന്‍ ആര്‍ക്കിടെക്റ്റുകളെയും എടുത്തു പറയേണ്ട ഈ ജോലിയില്‍ സഹകരിച്ച മുഴുവന്‍ എന്‍ജിനീയര്‍മാരെയും ഞാന്‍ അഭിനന്ദിക്കുന്നു. നേരിട്ടും പരോക്ഷമായും സര്‍ദാര്‍ പ്രതിമാ നിര്‍മാണത്തിന്റെ സുപ്രധാന ചരിത്രത്തിന്റെ ഭാഗമായി മാറി എല്ലാവരെയും ഞാന്‍ സ്മരിക്കുന്നു.
സുഹൃത്തുക്കളേ,
ഈ യാത്ര ഇന്ന് ഒരു നാഴികക്കല്ലില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ഇന്നേയ്ക്ക് എട്ട് വര്‍ഷം മുമ്പാണ് ഈ യാത്ര തുടങ്ങിയത്. 2010 ഒക്ടോബര്‍ 31നാണ് അഹമ്മദാബാദില്‍ വച്ച് ഈ ആശയം ഞാന്‍ എല്ലാവരുടെയും മുന്നില്‍ വച്ചത്. കോടിക്കണക്കിന് ഇന്ത്യക്കാരെപ്പോലെ എന്റെ മനസ്സിലും ആ സമയത്ത് ഒരു വിചാരമേ ഉണ്ടായിരുന്നുള്ളു, രാജ്യത്തെ ഏകോപിപ്പിച്ചു നിര്‍ത്തിയ മഹദ് വ്യക്തിത്വം അര്‍ഹിക്കുന്ന വിധം ശരിയായ ഒരു ആദരം അദ്ദേഹത്തിന് നല്‍കണം. സര്‍ദാര്‍ പട്ടേല്‍ സ്വന്തം ജീവിതത്തിലുടനീളം പൊരുതിയത് കര്‍ഷകര്‍ക്കു വേണ്ടിയാണ് എന്നതുകൊണ്ടുതന്നെ അവരുടെ വിയര്‍പ്പുതുള്ളികളില്‍ നിന്നാകണം അദ്ദേഹത്തിന് ആദരം വേണ്ടതെന്നും ഞാന്‍ ആഗ്രഹിച്ചു.
സുഹൃത്തുക്കളേ,
സത്യാഗ്രഹപ്രസ്ഥാനത്തിനു നേതൃത്വം നല്‍കുകയും ഖേദയില്‍ നിന്നും ബര്‍ദോലിയില്‍ നിന്നും കര്‍ഷകര്‍ അനുഭവിച്ച ചൂഷണങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തുകയും മാത്രമല്ല സര്‍ദാര്‍ പട്ടേല്‍ ചെയ്തത്, അവയ്ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്തു. എന്റെ രാജ്യത്തിലെ ഗ്രാമീണ സമ്പദ്ഘടനയുടെ ശക്തമായ അടിത്തറയായി മാറിയിരിക്കുന്ന സഹകരണ പ്രസ്ഥാനം സര്‍ദാര്‍ സാഹെബിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണ്.
സുഹൃത്തുക്കളെ,
സര്‍ദാര്‍ പട്ടേലിന്റെ ഈ സ്മാരകം കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്ക് അദ്ദേഹത്തോടുള്ള ആദരവിന്റെയും ഇന്ത്യക്കാരുടെ കഴിവിന്റെയും മാത്രമല്ല, രാജ്യം സമ്പത്തിന്റെയും തൊഴിലിന്റെയും സുപ്രധാന സ്ഥലമാണ് എന്നു തെളിയിക്കുന്ന പ്രതീകം കൂടിയാണ്. അത് ഓരോ വര്‍ഷവും ആയിരക്കണക്കിന് ഗോത്ര സഹോദരങ്ങള്‍ക്ക് തൊഴില്‍ പ്രദാനം ചെയ്യുന്നു. വിന്ധ്യ സത്പുര മേഖലകളില്‍ എന്തൊക്കെ അനുഗ്രഹങ്ങളാണ് പ്രകൃതി നിങ്ങള്‍ക്ക് നല്കിയിരിക്കുന്നത് അവയെല്ലാം ആധുനിക രീതിയില്‍ നിങ്ങള്‍ക്കു തന്നെ പ്രയോജനപ്പെടും. രാജ്യം ഇന്നോളം കവിതകളില്‍ മാത്രം വായിച്ചറിഞ്ഞിട്ടുള്ള വന ഗോത്ര സംസ്‌കൃതിയെ ലോകം മുഴുവന്‍ ഇനി നേരിട്ട് അനുഭവിക്കും. സര്‍ദാര്‍ സാഹിബിന്റെ പ്രതിമ കാണാന്‍ വരുന്നവര്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടും വിന്ധ്യ , സത്പുര പര്‍വത നിരകളും കാണും. ഈ പ്രതിമയ്ക്കു ചുറ്റുമുള്ള സ്ഥലങ്ങള്‍ ഒരു ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിച്ചതിന് ഗുജറാത്ത് ഗവണ്‍മെന്റിനെ ഒരിക്കല്‍ കൂടി അഭിനന്ദിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പൂക്കളുടെ താഴ്‌വരയായി വികസിപ്പിച്ചിരിക്കുന്ന ഈ സ്ഥലം പ്രതിമയുടെ സൗന്ദര്യം വര്‍ധിപ്പിക്കും. ഇവിടെ ഒരു ഏകത നഴ്‌സറി കൂടി നിര്‍മ്മിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അപ്പോള്‍ ഇവിടെ നിന്ന് ആളുകള്‍ക്ക് ഏകതയുടെ ഒരോ തൈ വീതം സ്വന്തം വീടുകളിലേയ്ക്ക് കൊണ്ടുപോയി നട്ടു നനച്ചു വളര്‍ത്താം. അങ്ങനെ രാജ്യത്തിന്റെ ഐക്യത്തെ ഓരോ നിമിഷവും അനുസ്മരിക്കുകയും ചെയ്യാം. മാത്രവുമല്ല വിനോദ സഞ്ചാരം ഇവിടെ ജീവിക്കുന്ന ജനങ്ങളുടെ ജീവിതത്തെ മാറ്റാന്‍ പോവുകയാണ്.
സുഹൃത്തുക്കളെ,
വളരെ സമ്പനമായ പാരമ്പര്യ വിജ്ഞാനമാണ് ഈ മേഖലയ്ക്കുള്ളത്. ഐക്യത്തിന്റെ ഈ പ്രതിമ വഴി ഇവിടെ വിനോദ സഞ്ചാരം വികസിക്കുമ്പോള്‍ ഈ പാരമ്പര്യ വിജ്ഞാനത്തിന്റെ വ്യാപനം കൂടി നടക്കും. അതോടെ ഈ പ്രദേശത്തിന് പുതിയ ഒരു വ്യക്തിത്വം ലഭിക്കും. എനിക്ക് ഈ മേഖലയുമായി ദീര്‍ഘനാളത്തെ ബന്ധമുണ്ട്. അതുകൊണ്ടു തന്നെ എനിക്ക് പല കാര്യങ്ങളും അറിയാം. അരികൊണ്ട് നിങ്ങള്‍ നിര്‍മ്മിക്കുന്ന രുചികരമായ ഉന മണ്ട, തെഹ്ല മണ്ട, തൊകല മണ്ട തുടങ്ങിയ പല വിഭവങ്ങളും വിനോദ സഞ്ചാരികള്‍ക്ക് ഇഷ്ടമാവും. ഇവിടെ ഇരിക്കുന്നവര്‍ക്കു പോലും ഈ വിഭവങ്ങള്‍ കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. അതുപോലെ ആയൂര്‍വേദവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ മേഖലയില്‍ സമൃദ്ധമായി വളരുന്ന ഔഷധ സസ്യമായ ഖത്തി ഭിന്ദിയെ കുറിച്ച് അറിയാമായിരിക്കും. വളരെയേറെ ഔഷധ ഗുണങ്ങള്‍ ഉള്ള ഒരു സസ്യമാണ് ഇത്. ഇനി ലോകം മുഴുവനുമുള്ള ജനങ്ങള്‍ ആ സസ്യത്തെ അറിയും. അതിനാല്‍ ഈ മേഖല കാര്‍ഷിക ഗവേഷമത്തിന്റെ ഒരു കേന്ദ്രമായി മാറുകയും ഗോത്രസമൂഹത്തിന്റെ ജീവിതം അഭിവൃദ്ധിപ്പെടുകയും ചെയ്യും എന്ന് എനിക്കുറപ്പുണ്ട്.
സുഹൃത്തുക്കളെ,
കഴിഞ്ഞ നാലു വര്‍ഷമായി രാജ്യത്തെ ധീരയോദ്ധാക്കള്‍ നല്‍കിയ സംഭാവനകളെ അനുസ്മരിക്കാനുള്ള സംഘടിതമായ പരിശ്രമങ്ങള്‍ ഈ ഗവണ്‍മെന്റ് നടത്തി വരികയാണ്. ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എനിക്ക് ഇത്തരം കാര്യങ്ങളില്‍ എന്നും വലിയ താല്പര്യമായിരുന്നു. നമ്മുടെ പുരാതനമായ ഈ സംസ്‌കാരവും മൂല്യങ്ങളും നാം നമുക്കൊപ്പം കൊണ്ടു നടക്കുന്നു. സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ അംബരചുംബിയായ ഈ പ്രതിമ കൂടാതെ അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഡല്‍ഹിയില്‍ ആധുനിക രീതിയിലുള്ള ഒരു കാഴ്ച്ചബംഗ്ലാവും നാം നിര്‍മ്മിച്ചിട്ടുണ്ട്. രാജ്യത്തെ മഹന്മാരുടെ സ്മരണയ്ക്കായി കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ ഇതുപോലുള്ള നിരവധി സ്മാരകങ്ങള്‍ നാം നിര്‍മ്മിച്ചിട്ടുണ്ട്. ഗാന്ധിനഗറിലും ദണ്ഡികടീരിലും മഹാത്മ മന്ദിര്‍, പഞ്ചതീര്‍ത്ഥത്തില്‍ ബാബാസാഹിബ് ഭീം റാവു അംബേദ്ക്കര്‍, ഹരിയാനയില്‍ കര്‍ഷക നേതാവ് സര്‍ ഛോട്ടു റാമിന്റെ ഏറ്റവും ഉയരമുള്ള പ്രതിമ, കച്ചില്‍ സ്വാതന്ത്ര്യ സമര സേനാനി മന്ദാവി, ഗുജറാത്തിന്റെ പുത്രന്‍ ശ്യാംജി കൃഷ്ണ വര്‍മ, ഗോത്ര സമൂഹത്തിന്റെ ധീര യോധാവ് വീര നായക് ഗോവിന്ദ് ഗുരു തുടങ്ങിയ വീരപുരുഷന്മാരുടെ പ്രതിമകള്‍ നിങ്ങള്‍ക്കു കാണാം.
കൂടാതെ, നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ സ്മാരകമായി കാഴ്ചബംഗ്ലാവു തന്നെ നിര്‍മ്മിച്ചുകൊണ്ട്, മുംബൈയില്‍ ഛത്രപതി ശിവാജിയുടെ കൂറ്റന്‍ പ്രതിമ നിര്‍മ്മിച്ചുകൊണ്ട്, സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ഗോത്രസമൂഹത്തിലെ വീരപുരുഷന്മാര്‍ക്ക് സ്മാരകമായി കാഴ്ച ബംഗ്ലാവു നിര്‍മ്മിച്ചുകൊണ്ട്, ബാബാ സാഹിബിന്റെ സ്മരണാര്‍ത്ഥം നവംബര്‍ 26 ഭരണഘടനാ ദിനമായി ആചരിച്ചുകൊണ്ട്, നേതാജിയുടെ പേരില്‍ അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ട് നാം വീണ്ടും ചരിത്രത്തെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഈ കാര്യങ്ങളെല്ലം നമ്മുടെ ഗവണ്‍മെന്റ് ആരംഭിച്ചു കഴിഞ്ഞു. എന്നാലും സുഹൃത്തുക്കളെ നമ്മുടെ രാജ്യത്തെ ചില സ്‌നേഹിതര്‍ ഈ സംരംഭങ്ങളെ എല്ലാം രാഷ്ട്രീയത്തിന്റെ കണ്ണാടിയിലൂടെയാണ് കാണാന്‍ ശ്രമിക്കുന്നു എന്നത് എന്നെ അതിശയിപ്പിക്കുന്നു. സര്‍ദാര്‍ പട്ടേലിനെ പോലുള്ള മഹത് വ്യക്തിത്വങ്ങളെയും മറ്റ് രാഷ്ട്ര പുത്രന്മാരെയും ആദരിക്കുമ്പോഴും ഞങ്ങള്‍ വിമര്‍ശിക്കപ്പെടുന്നത് എന്തുകൊണ്ട് എന്ന് എനിക്കറിയില്ല. ഞങ്ങള്‍ എന്തോ വലിയ അപരാധം ചെയ്തതു പോലെ. രാജ്യത്തെ വീര പുത്രന്മാരെ അനുസ്മരിക്കുന്നത് ഇത്ര വലിയ തെറ്റാണോ എന്നു നിങ്ങളോടു ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സുഹൃത്തുക്കളെ തന്റെ കഴിവും കഠിനാധ്വാനവും വഴി ഈ രാജ്യത്തെ ഓരോ പൗരനും സര്‍ദാര്‍ പട്ടേലിന്റെ കാഴ്ചപ്പാട് ശിരസാ വഹിക്കുന്നു എന്നു ഉറപ്പാക്കാനുള്ള ഞങ്ങളുടെ പരിശ്രമമാണ് ഇത്.
സഹോദരി സഹോദരന്മാരെ,
സ്വാതന്ത്ര്യം നേടുന്നതിനും മൂന്നു നാലു മാസം മുമ്പ് വിത്തല്‍ ഭായി പട്ടേല്‍ കോളജിന്റെ സ്ഥാപന വേളയില്‍ നടത്തിയ പ്രസംഗത്തില്‍ സ്വതന്ത്ര ഇന്ത്യയിലെ ഗ്രാമങ്ങളെ കുറിച്ചുള്ള തന്റെ സ്വപ്‌നം സര്‍ദാര്‍ പട്ടേല്‍ സൂചിപ്പിക്കുകയുണ്ടായി. ആ കോളജിന്റെ നിര്‍മ്മാണ വേളയില്‍ അദ്ദേഹം പറഞ്ഞു, നാം ആസൂത്രണ രഹിതമായിട്ടാണ് നമ്മുടെ ഗ്രാമങ്ങളിലെ വീടുകള്‍ നിര്‍മ്മിക്കുന്നത്. റോഡുകള്‍ ഒരു ശ്രദ്ധയും ഇല്ലാതെയും. വീടുകളുടെ മുന്നില്‍ മാലിന്യങ്ങള്‍ കുന്നു കൂടി കിടക്കുന്നു. ഗ്രാമങ്ങള്‍ വെളിയിട വിസര്‍ജ്യ മുക്തവും, മാലിന്യ രഹിതവും ആയിരിക്കണം എന്ന് അദ്ദേഹം അന്ന് ആഹ്വാനം ചെയ്യുകയുണ്ടായി. ഇന്ന് സര്‍ദാര്‍ സാഹിബിന്റെ ആ സ്വപ്‌ന സാക്ഷാത്ക്കാരത്തിലേയ്ക്ക് രാജ്യം നീങ്ങുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. പൊതുജന പങ്കാളിത്തം മൂലം ഇന്ന് നമ്മുടെ ഗ്രാമങ്ങളിലെ ശുചിത്വം 95 ശതമാനത്തില്‍ എത്തിയിരിക്കുന്നു.
സഹോദരി സഹോദരന്മാരെ,
ഇന്ത്യ ശാക്തീകൃതവും, കുലീനവും,സചേതനവും, ജാഗ്രത്തും, സമഗ്രവുമായിരിക്കണം എന്നായിരുന്നു സര്‍ദാര്‍ പട്ടേലിന്റെ ആഗ്രഹം. അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുവാനാണ് നമ്മുടെ എല്ലാ പരിശ്രമങ്ങളും. രാജ്യത്തെ എല്ലാ ഭവന രഹിതര്‍ക്കും നല്ല വീടുകള്‍ നിര്‍മ്മിച്ചു നല്കാനാണ് ഭഗീരഥ പദ്ധതിയിലൂടെ നാം പ്രവര്‍ത്തിക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും വൈദ്യുതി എത്താത്ത 18000 ഗ്രാമങ്ങളില്‍ നമ്മള്‍ വൈദ്യുതി ലഭ്യമാക്കി. സൗഭാഗ്യ യോജന പദ്ധതിയുടെ കീഴില്‍ രാജ്യത്തെ എല്ലാ ഭവനങ്ങളിലും വൈദ്യുതി കണക്ഷന്‍ നല്കുന്നതിന് നമ്മുടെ ഗവണ്‍മെന്റ് രാപകല്‍ അധ്വാനിച്ചു. ഇന്ന് എല്ലാ ഗ്രാമങ്ങളെയും തമ്മില്‍ റോഡുകളും ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖലയും ഡിജിറ്റല്‍ സമ്പര്‍ക്കം വഴിയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള ജോലികള്‍ അതിവേഗത്തില്‍ നടക്കുന്നു. പാചക വാതക കണക്ഷന്‍ നല്കുന്നതിനും വീടുകള്‍ക്ക് ശുചിമുറികള്‍ നിര്‍മ്മിച്ചു നല്കുന്നതിനുമുള്ള നടപടികളും അതോടൊപ്പം മുന്നേറുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിക്ക് ഗവണ്‍മെന്റ് തുടക്കമിട്ടു കഴിഞ്ഞു. ലോകത്തോട് ഞാന്‍ ഈ പദ്ധതിയെകുറിച്ച് സംസാരിച്ചപ്പോള്‍ അവര്‍ അതിശയിച്ചു പോയി. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലെ മുഴുവന്‍ ജനങ്ങളും ചേര്‍ന്നാല്‍ എത്രയാകുമോ അത്ര വരുന്ന ജനസംഖ്യയുടെ ആരോഗ്യ ആവശ്യങ്ങളാണ് നമ്മുടെ പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന അല്ലെങ്കില്‍ ആയൂഷ്മാന്‍ ഭാരത് യോജന നിറവേറ്റുന്നത്. ചിലര്‍ ഇതിനെ മോദി കെയര്‍ എന്നു വിളിക്കുന്നു. ആരോഗ്യ ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ ഈ പദ്ധതി സഹായിക്കും. സമഗ്രവും ശാക്തീകൃതവുമായ ഇന്ത്യ എന്ന ദൗത്യം പൂര്‍ത്തീകരിക്കുവാന്‍, എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയും വികസനം എന്നതാണ് നമ്മുടെ മുദ്രാവാക്യം.
സഹോദരി സഹോദരന്മാരെ,
നാട്ടു രാജ്യങ്ങളെ ഒന്നിച്ചു ചേര്‍ത്തുകൊണ്ട് രാഷ്ട്രീയ ഏകീകരണം എന്ന ദൗത്യമാണ് സര്‍ദാര്‍ സാഹിബ് പൂര്‍ത്തിയാക്കിയത്. അതുപോലെ ജിഎസ്ടിയിലൂടെ രാജ്യത്ത് സാമ്പത്തിക ഏകീകരണം നടപ്പാക്കാന്‍ നമ്മുടെ ഗവണ്‍മെന്റിനു സാധിച്ചു. ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്‌നമാണ് അതിലൂടെ സാക്ഷാത്ക്കരിച്ചത്. സര്‍ദാര്‍ സാഹിബിന്റെ തീരുമാനങ്ങളെ ഞങ്ങള്‍ മുടക്കം വരുത്താതെ വ്യാപിപ്പിക്കുകയാണ്. രാജ്യത്തെ വന്‍ കാര്‍ഷിക വിപണികളെ ഏകീകരിക്കുന്ന ഇ- നാം പദ്ധതി, ഒരു രാജ്യം ഒരു ഗ്രിഡ്, ഭാരത് മാല പദ്ധതി, സേതു ബന്ധനം പദ്ധതി, ഭാരത് നെറ്റ് തുടങ്ങിയവ വഴി സര്‍ദാര്‍ സാഹിബിന്റെ ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനാണ് നമ്മുടെ ഗവണ്‍മെന്റ് കഠിനാധ്വാനം ചെയ്യുന്നത്.
സുഹൃത്തുക്കളെ,
ഇന്ന് രാജ്യത്തെ കുറിച്ച് കരുതലുള്ള യുവശക്തി നമുക്കുണ്ട്. ഇതു മാത്രമാണ് വികസനത്തിനുള്ള വഴി. അതുമായി ജനം മുന്നോട്ടു നീങ്ങണം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പരമാധികാരവും കാത്തു സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഓരോ പൗരനെയുമാണ് സര്‍ദാര്‍ പട്ടേല്‍ ഭരമേല്‍പ്പിച്ചത്. അതുകൊണ്ട് രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങളെ ശക്തമായി എതിര്‍ക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് നാം എപ്പോഴും ജാഗ്രത പുലര്‍ത്തണം. നമ്മുടെ സമൂഹത്തിന്റെ ഐക്യം കാത്തു സൂക്ഷിക്കണം. സര്‍ദാര്‍ പട്ടേല്‍ നമുക്ക് ഒസ്യത്തായി നല്കിയ മൂല്യങ്ങള്‍ എന്തു വില കൊടുത്തും ഭാവി തലമുറയ്ക്ക് കൈമാറുമെന്ന് നാം പ്രതിജ്ഞ എടുക്കണം.
സുഹൃത്തുക്കളെ,
സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ എല്ലാവരോടും പറയുമായിരുന്ന ഒരു പ്രസ്താവന ഞാന്‍ ഉദ്ധരിക്കട്ടെ, ഓരോ ഇന്ത്യക്കാരനും അവന്റെ ജാതിയും വര്‍ഗ്ഗവും മറക്കണം. താന്‍ ഇന്ത്യക്കാരനാണ് എന്നതു മാത്രം ഓര്‍മ്മിക്കണം.രാജ്യം അവനു നല്കിയിരിക്കുന്ന അവകാശങ്ങള്‍ പോലെ അത്രത്തോളം ചുമതലകളും രാജ്യത്തോട് അവനുണ്ട്. സര്‍ദാര്‍ സാഹിബിന്റെ അതികായ പ്രതിമ പോലെ അദ്ദേഹത്തിന്റെ മഹത്തായ ആശയങ്ങളും നമ്മെ ആവേശം കൊള്ളിക്കട്ടെ. ഐക്യത്തിന്റെ ഈ പ്രതിമ ലോകത്തിനു മുഴുവന്‍ അത്ഭുതമാണ്. ഇന്ന് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും നര്‍മ്മദാ മാതാവിന്റെ തീരത്തേയ്ക്ക് തിരിഞ്ഞിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും ഈ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ അധ്വാനിച്ചവരെയും ഞാന്‍ അഭിനന്ദിക്കുന്നു.
നര്‍മ്മദയുടെയും തപ്തിയുടെയും താഴ് വരകളില്‍ പാര്‍ക്കുന്ന എല്ലാ ഗോത്ര സഹോദരങ്ങള്‍ക്കും നല്ല ഭാവിക്കായി എന്റെ ആശംസകള്‍ നേരുന്നു.
രാഷ്ട്രം മുഴുവന്‍ ഈ സംഭവവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഇതുമായി സഹകരിച്ചു. അത്യധികമായ ആവേശത്തോടും ഉത്സാഹത്തോടും കൂടിയാണ് ഐക്യ തീര്‍ത്ഥാടനത്തിനു തയാറായി ഐക്യത്തിന്റെ മുദ്രാവാക്യവുമായി നാം മുന്നോട്ടു നീങ്ങുന്നത്. ഈ പ്രചേദന കേന്ദ്രത്തില്‍ നിന്നാണ് നാം ഐക്യത്തിന്റെ പ്രേരണ നാം ഉള്‍ക്കൊള്ളുന്നത്. ഈ വികാരവുമായി നമുക്കു മുന്നേറാം. മറ്റുള്ളവരെയും നമുക്ക് ഒപ്പം ചേര്‍ക്കാം. ഏക ഭാരതം ശ്രേഷ്ഠഭാരതം എന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ ഒരുമിക്കാം.
എനിക്കൊപ്പം ഏറ്റു പറയൂ
സര്‍ദാര്‍ പട്ടേല്‍ - ജയ് ഹോ
സര്‍ദാര്‍ പട്ടേല്‍ - ജയ് ഹോ
രാഷ്ട്ര ഐക്യത്തിനു സ്വസ്തി
രാഷ്ട്ര ഐക്യത്തിനു സ്വസ്തി
രാഷ്ട്ര ഐക്യത്തിനു സ്വസ്തി
രാഷ്ട്ര ഐക്യത്തിനു സ്വസ്തി
നിങ്ങള്‍ക്കു നന്ദി.