Ministry of Information & Broadcasting20-November, 2024 20:39 IST
55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കം, ഓസ്ട്രേലിയൻ ചിത്രമായ"ബെറ്റർ മാൻ" ഉദ്ഘാടന ചിത്രം IFFI യുടെ ഉദ്ഘാടന ചിത്രം "ബെറ്റർ മാൻ" നിറഞ്ഞ കയ്യടിയോടെ പ്രേക്ഷകർ സ്വീകരിച്ചു.

IFFI യുടെ ഉദ്ഘാടന ചിത്രം "ബെറ്റർ മാൻ" നിറഞ്ഞ കയ്യടിയോടെ പ്രേക്ഷകർ സ്വീകരിച്ചു. ഊർജ്ജസ്വലമായ ഗോവൻ സംസ്കാരത്തിനു മദ്ധ്യേ അരങ്ങേറുന്ന 55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് മൈക്കൽ ഗ്രേസി സംവിധാനം ചെയ്ത 'ബെറ്റർ മാൻ' എന്ന ചിത്രത്തിന്റെ പ്രദർശനത്തോടെ തുടക്കം കുറിച്ചു.

IFFI യിൽ പ്രൗഢഗംഭീരമായ തുടക്കം 
സിനിമയുടെ പ്രദർശനത്തിന് മുമ്പ്, അഭിനേതാക്കളും അണിയറപ്രവർത്തകരും റെഡ് കാർപെറ്റ് വാക്ക് നടത്തി. വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി, ശ്രീ സഞ്ജയ് ജാജു, മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി, ശ്രീമതി വൃന്ദ ദേശായി, IFFI ഫെസ്റ്റിവൽ ഡയറക്ടർ , ശ്രീ ശേഖർ കപൂർ എൻ്റർടൈൻമെൻ്റ് സൊസൈറ്റി ഓഫ് ഗോവ (ഇഎസ്ജി) വൈസ് ചെയർമാൻ ഡെലീല എം ലോബോ എന്നിവർ ചിത്രത്തിൻ്റെ നിർമ്മാതാവ് പോൾ ക്യൂറി, നടി റെയ്ചെൽ ബാനോ എന്നിവരെ ആദരിച്ചു.

 
 "റോബിയെ ലോകം എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചല്ല, മറിച്ച് റോബി  സ്വയം എങ്ങനെ നോക്കിക്കാണുന്നു എന്നതിനെക്കുറിച്ചാണ് ഈ സിനിമ" എന്ന് സ്‌ക്രീനിങ്ങിന് മുമ്പുള്ള പ്രസംഗത്തിൽ പോൾ ക്യൂറി പറഞ്ഞു, ഈ ബഹുമാന്യ വേദിയിൽ സിനിമ പ്രദർശിപ്പിക്കുന്നതിനുള്ള ആവേശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. "IFFI എനിക്ക് വളരെ പ്രധാനപ്പെട്ടതാണ് , ഈ ചിത്രം നിങ്ങളെല്ലാവരുടെയും മുൻപിൽ അവതരിപ്പിക്കുന്നതിന്റെ സന്തോഷത്തിമിർപ്പിലാണ് ഞാൻ " എന്ന് നടി റെയ്‌ചെൽ ബാനോ പറഞ്ഞു. തന്റെ ചിത്രത്തെ ബോളിവുഡ് സിനിമകൾ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് സംവിധായകൻ മൈക്കൽ ഗ്രേസി വീഡിയോ കോളിലൂടെ പറഞ്ഞു.
 
സംഗീതസംബന്ധിയായ ജീവചരിത്രം
 
സംവിധായകൻ മൈക്കൽ ഗ്രേസിയുടെ 'ബെറ്റർ മാൻ' എന്ന ചിത്രം സംഗീതവുമായി ബന്ധമുള്ള ഒരു ജീവചരിത്രമാണ്. റോബി വില്യംസിൻ്റെ മാസ്മരിക പ്രകടനത്തിലൂടെ അദ്ദേഹത്തിന്റെ തന്നെ കാഴ്ചപ്പാടിലൂടെ അതുല്യമായ രീതിയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

 
റോബി വില്യംസിൻ്റെ പൊതു വ്യക്തിത്വത്തിൻ്റെയും സ്വകാര്യ പോരാട്ടങ്ങളുടെയും ദ്വൈതഭാവം പര്യവേക്ഷണം ചെയ്തുകൊണ്ട് അദ്ദേഹത്തിന്റെ ജീവിതത്തിൻ്റെ ഉള്ളടക്കം രേഖപ്പെടുത്തുന്ന ചിത്രമാണ് 'ബെറ്റർ മാൻ'.

 
 
റോബിയുടെ കാഴ്ചപ്പാടിലൂടെ അതുല്യമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം അദ്ദേഹത്തിൻ്റെ തനതായ നർമ്മവും അടങ്ങാത്ത ഉത്സാഹവും ഉൾക്കൊള്ളുന്നതാണ് . കുട്ടിക്കാലത്ത് 'ടേക്ക് ദാറ്റ്' എന്ന ഒന്നാം നിര ബോയ്‌ബാൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായതു മുതൽ അതിശയിപ്പിക്കുന്ന കലാകാരൻ എന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ സമാനതകളില്ലാത്ത നേട്ടങ്ങളിലൂടെയുള്ള യാത്ര - ഉടനീളം വെല്ലുവിളികളെ നേരിട്ടുകൊണ്ട് വലിയ പ്രശസ്തിയിലേക്കും വിജയത്തിലേക്ക് എത്തിച്ച യാത്ര - അതാണ് ചിത്രം പ്രതിപാദിക്കുന്നത് .
 ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പ്രദർശനത്തിലൂടെ വൻകരഘോഷം നേടിയ 'ബെറ്റർ മാൻ' ഈ വർഷത്തെ ഐഎഫ്എഫ്ഐ യിലെ ഏറ്റവും അവിസ്മരണീയമായ ചിത്രങ്ങളിൽ ഒന്നായി സ്ഥാനം ഉറപ്പിക്കുകയും ചെയ്തുപ്രശസ്തിയുടെ വെല്ലുവിളികളെയും, തിരിച്ചുവരവിന്റെയും സ്വയം കണ്ടെത്തലിൻ്റെയും ആഘോഷത്തെയും സത്യസന്ധമായി ചിത്രീകരിച്ച ചിത്രം ഏറെ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി.
(Release ID :2075480)

  Printer friendly Page