72-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ചുവപ്പ് കോട്ടയുടെ കൊത്തളത്തില്‍ നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു.
ഇന്ത്യ ആത്മവിശ്വാസം കൊണ്ട് നിറഞ്ഞ് തുളുമ്പുകയാണെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ആറ് യുവ വനിതാ നാവിക ഓഫീസര്‍മാര്‍ നടത്തിയ നാവിക സാഗര്‍ പരിക്രമയുടെ വിജയം, എളിയ പശ്ചാത്തലങ്ങളില്‍ നിന്ന് വന്ന ഇന്ത്യന്‍ യുവ കായിക താരങ്ങളുടെ നേട്ടങ്ങള്‍ മുതലായവ പരാമര്‍ശിച്ചു. നീലഗിരി കുന്നുകളില്‍ 12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന പ്രതിഭാസമായ നീലക്കുറിഞ്ഞി പൂക്കളുടെ പുഷ്പ്പിക്കലും അദ്ദേഹം പരാമര്‍ശിച്ചു. പാര്‍ലമെന്റിന്റെ അടുത്തിടെ സമാപിച്ച സമ്മേളനം സാമൂഹിക നീതിയ്ക്കായി സമര്‍പ്പിച്ച ഒന്നായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ഇന്ന് ലോകത്തെ ആറാമത്തെ വലിയ സമ്പദ്ഘടനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും രക്തസാക്ഷികള്‍ക്കും പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. പോലീസ് സേനകളിലെയും, സുരക്ഷാ സേനകളിലെയും ജവാന്മാരെ അദ്ദേഹം അഭിവാദ്യം ചെയ്തു. 1919 ലെ വൈശാഖി ദിനത്തില്‍ നടന്ന ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയിലെ രക്തസാക്ഷികളെ അദ്ദേഹം പ്രത്യേകമായി അനുസ്മരിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന ജനങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.
കവി സുബ്രഹ്മണ്യ ഭാരതിയെ ഉദ്ധരിച്ചുകൊണ്ട്, എല്ലാത്തരം വിലക്കുകളില്‍ നിന്നും സ്വാതന്ത്ര്യത്തിലേയ്ക്കുള്ള പാത ലോകത്തിന് ഇന്ത്യ കാട്ടിക്കൊടുത്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. എണ്ണമറ്റ സ്വാതന്ത്ര്യ സമര സേനാനികള്‍ പങ്ക് വച്ച സ്വപ്നങ്ങളാണ് അവയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നോട്ട് പോകുന്നതിന് എല്ലാവര്ക്കും തുല്യ അവസരങ്ങളുള്ള, പാവപ്പെട്ടവര്‍ക്ക് നീതി ലഭിക്കുന്ന ഒരു രാഷ്ട്രമെന്ന സ്വപ്നം സഫലമാക്കുന്നതിനാണ് ബാബാ സാഹിബ് അംബേദ്ക്കര്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു ഭരണഘടനയ്ക്ക് രൂപം നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്ര നിര്‍മ്മിതിക്കായി ഇന്ന് ഇന്ത്യാക്കാര്‍ ഒരുമിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശൗചാലയ നിര്‍മ്മാണം, ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കല്‍, പാചകവാതക കണക്ഷനുകള്‍, ഭവന നിര്‍മ്മാണം തുടങ്ങി വിവിധ മേഖലകളിലെ വികസനത്തിന്റെ ഗതിവേഗം അദ്ദേഹം ഉദാഹരിച്ചു.
കര്‍ഷകര്‍ക്ക് കുറഞ്ഞ താങ്ങുവില, ചരക്ക് സേവന നികുതി, ഒരു റാങ്ക് - ഒരു പെന്ഷന് തുടങ്ങി ദീര്‍ഘകാലമായി തീരമാനം കാത്ത് കിടന്നിരുന്നവയില് കേന്ദ്ര ഗവണ്മെന്റ് തീരുമാനം കൈക്കൊണ്ടതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര ഗവണ്മെന്റ് ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് പരമോന്നത സ്ഥാനം നല്കിയതുകൊണ്ടാണ് ഇത് സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു.
2013 നെ അപേക്ഷിച്ച് അന്താരാഷ്ട്ര സംഘടനകളും, ഏജന്‍സികളും ഇന്ന് ഇന്ത്യയെ തികച്ചും വ്യത്യസ്തമായിട്ടാണ് നോക്കികാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'നയപരമായ പക്ഷാഘാതത്തിന്റെ' കാലത്ത് നിന്ന് 'പരിഷ്ക്കരണം, നിര്‍വ്വഹണം, പരിവര്‍ത്തനം എന്നതിലേയ്ക്ക് ഇന്ത്യ മാറിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇന്ന് നിരവധി സുപ്രധാന ബഹുതല സംഘടനകളില്‍ അംഗമാണെന്നും അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തെ നയിക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കായികമേഖലയിലെ നേട്ടങ്ങള്‍, ഏറ്റവും അവസാനത്തെ ഗ്രാമത്തിലും വൈദ്യുതി എത്തിക്കല്‍, ജൈവ കൃഷിയുടെ കേന്ദ്രമായി തീരല്‍ മുതലാവയുടെ പേരിലാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇന്ന് വാര്‍ത്തകളില്‍ വരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മുദ്രാ യോജനയ്ക്ക് കീഴില്‍ 13 കോടി വായ്പകളാണ് നല്‍കിയതെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഇവയില്‍ നാല് കോടി വായ്പകളും വിതരണം ചെയ്തത് ആദ്യമായി ഗുണഭോക്താക്കളായവര്ക്കാണെന്ന് ചൂണ്ടിക്കാട്ടി.
ഇന്ത്യ അതിന്റെ ശാസ്ത്രജ്ഞരില്‍ അഭിമാനം കൊള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 2022 ഓടെ സ്വന്തം കഴിവുകള്‍ ഉപയോഗിച്ച് 'ഗഗന് യാന്‍ എന്ന പേരില്‍ ഇന്ത്യ ബഹിരാകാശത്തേയ്ക്ക് ആളെ അയക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അതോടെ ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറുമെന്ന് അദ്ദേഹം പറഞ്ഞു.
2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന കാഴ്ചപ്പാട് ആവര്‍ത്തിച്ചു കൊണ്ട്, അങ്ങേയറ്റം ശ്രമകരമെന്ന് തോന്നുന്ന ജോലികള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഉജ്ജ്വല യോജനയും, സൗഭാഗ്യ യോജനയും പോലുള്ള സംരംഭങ്ങള്‍ ജനങ്ങള്‍ക്ക് അന്തസ്സ് പ്രദാനം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശുചിത്വ ഭാരത ദൗത്യത്തില്‍ കൈവരിച്ച പുരോഗതിയെ ലോകാരോഗ്യ സംഘടനപോലുള്ള സ്ഥാപനങ്ങള്‍ അഭിനന്ദിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയുടെ ജന്മവാര്ഷിക ദിനമായ ഇക്കൊല്ലം സെപ്റ്റംബര്‍ 25 ന് പ്രധാനമന്ത്രി ജന ആരോഗ്യ ദൗത്യത്തിന് തുടക്കം കുറിക്കുമെന്ന് ശ്രീ. നരേന്ദ്ര മോദി പ്രഖ്യാപിച്ചു. രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ഗുണനിലവാരമുള്ളതും, താങ്ങാവുന്ന ചിലവ് വരുന്നതുമായ ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 50 കോടി ജനങ്ങള്‍ക്ക് ഈ പദ്ധതിയില്‍ നിന്ന് ഗുണഫലങ്ങള്‍ ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആറ് കോടി വ്യാജ ഗുണഭോക്താക്കളെ ഒഴിവാക്കിയതുവഴി ഗവണ്മെന്റിന്റെ ആനുകൂല്യങ്ങള്‍ എത്ര മെച്ചപ്പെട്ട രീതിയില്‍ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാന്‍ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. രാജ്യത്തിന്റെ പുരോഗതിയില്‍ ഇന്ത്യയുടെ സത്യസന്ധനായ നികുതി ദായകന് ഒരു സുപ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ കാരണമാണ് ധാരാളം ജനങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുന്നതും, പാവപ്പെട്ടവരുടെ ജീവിതത്തില്‍ പരിവര്‍ത്തനം ഉണ്ടാകുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അഴിമതിക്കാര്‍ക്കും, കള്ളപ്പണക്കാര്‍ക്കും മാപ്പില്ലെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഡല്‍ഹിയുടെ തെരുവുകള്‍ ഇന്ന് അധികാര ദല്ലാളന്മാരില് നിന്ന് വിമുക്തമാണെന്നും, പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ സായുധ സേനകളില്‍ ഷോട്ട് സര്‍വ്വീസ് കമ്മീഷനിലെ വനിത ഓഫീസര്‍മാര്‍ക്ക് സുതാര്യമായ ഒരു തിരഞ്ഞെടുക്കല്‍ പ്രക്രിയയിലൂടെ സ്ഥിരം നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
മുത്തലാഖ് സമ്പ്രദായം മുസ്ലീം വനിതകള്‍ക്കിടയില്‍ വലിയ അനീതി സൃഷിടിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി നീതി ഉറപ്പാക്കാനായി ശ്രമിക്കുമെന്ന് മുസ്ലീം വനിതകള്‍ക്ക് ഉറപ്പ് നല്കി.
രാജ്യത്ത് ഇടത് തീവ്രവാദത്തില്‍ കുറവുണ്ടായതിനെ കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചു. ജമ്മു കാശ്മീരില്‍ 'ഇന്‍സാനിയത്ത്, ജമൂരിയത്ത്, കശ്മീരിയത്ത്' എന്ന മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വായ്പേയുടെ ലക്ഷ്യം അദ്ദേഹം ആവര്‍ത്തിച്ചു.
എല്ലാവര്ക്കും വീട്, എല്ലാവര്ക്കും വൈദ്യുതി, എല്ലാവര്ക്കും ശുദ്ധമായ പാചകവാതകം, എല്ലാവര്ക്കും കുടിവെള്ളം, എല്ലാവര്ക്കും ശൗചാലയം, എല്ലാവര്ക്കും നൈപുണ്യം, എല്ലാവര്ക്കും ആരോഗ്യം, എല്ലാവര്ക്കും ഇന്‍ഷ്വറന്‍സ്, എല്ലാവര്ക്കും കണക്ടിവിറ്റി എന്ന തന്റെ കാഴ്ചപ്പാട് അദ്ദേഹം എടുത്ത് പറഞ്ഞു.
ഇന്ത്യ പുരോഗതി കൈവരിക്കുന്നതും, പോഷകാഹാര കുറവ് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതും, ഇന്ത്യാക്കാര്‍ക്ക് മെച്ചപ്പെട്ട ജീവിത നിലവാരം ഉണ്ടാകുന്നതും കാണാന്‍ താന്‍ അക്ഷമനും, വ്യാകുലനുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.