Prime Minister's Office
ബോംബെ ഐ.ഐ.ടിയുടെ 56-ാമത് വാര്‍ഷിക ബിരുദദാന സമ്മേളത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On :11, August 2018 14:09 IST
ഇന്ന് ആഗസ്റ്റ് 11. നൂറ്റിപ്പത്തു വര്‍ഷം മുമ്പ് ഖുദിറാം ബോസ് മാതൃരാജ്യത്തിനുവേണ്ടി പരമമായ ത്യാഗം ചെയ്തത് ഈ ദിവസമാണ്. ആ ധീര വിപ്ലവകാരിയുടെ സ്മരണയ്ക്കു മുന്നില്‍ ഞാന്‍ തലകുനിക്കുന്നു, രാഷട്രത്തിനുവേണ്ടി അദ്ദേഹത്തിനു ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
സുഹൃത്തുക്കളെ,
സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം ബലിയര്‍പ്പിച്ചവര്‍, എല്ലാം സമര്‍പ്പിച്ചവര്‍, അവര്‍ അനശ്വരരായി, അവര്‍ പ്രചോദന കേന്ദ്രങ്ങളായി. സ്വാതന്ത്ര്യ സമരത്തില്‍ ജീവിതം സമര്‍പ്പിക്കാന്‍ അവസരം ലഭിക്കാത്തവരാണ് എങ്കിലും ഒരര്‍ത്ഥത്തില്‍ നമ്മളും ഭാഗ്യവാന്മാരാണ്, സ്വതന്ത്ര ഇന്ത്യക്കായി ജീവിക്കാന്‍ നമുക്കു ഭാഗ്യം ലഭിച്ചു, രാഷ്ട്ര പുനര്‍ നിര്‍മ്മാണത്തിനു വേണ്ടി സ്വയം സമര്‍പ്പിച്ചുകൊണ്ട് ജീവിതത്തില്‍ പുതിയ ഒരു ആനന്ദം അനുഭവിക്കാന്‍ നമുക്കു സാധിക്കുന്നു. നിങ്ങളുടെ മുഖങ്ങളില്‍ ഞാന്‍ കാണുന്ന ആ ഒരു ആത്മവിശ്വാസം, ഒരു അഭിനിവേശം നാം ശരിയായ ദിശയിലാണ് നീങ്ങുന്നത് എന്ന ഉറപ്പാണ് അത് എന്നില്‍ ഉളവാക്കുന്നത്്്.
സുഹൃത്തുക്കളെ,
സാങ്കേതിക വിദ്യയിലൂടെ രാഷ്ട്ര നിര്മ്മാണത്തിന്്് പൂതിയ ദിശാബോധം നല്‍കുന്നതിനായി വിഭാവനം ചെയ്തിരിക്കുന്ന സ്വതന്ത്ര ഇന്ത്യയിലെ സ്ഥാപനങ്ങളുടെ ഗണത്തിലുള്ളതാണ് ഐഐടി ബോംബെ. കഴിഞ്ഞ 60 വര്‍ഷമായി നിങ്ങള്‍ മാറ്റമില്ലാതെ ഈ ദൗത്യത്തില്‍ വ്യാപൃതരാണ്. കേവലം 100 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ യാത്ര ഇന്ന് 10000 വിദ്യാര്‍ത്ഥികളില്‍ എത്തിയിരിക്കുന്നു. ഈ കാലഘട്ടത്തില്‍ ലോകത്തിലെ തന്നെ ഒന്നാം നിര സ്ഥാപനങ്ങളുടെ നിരയില്‍ നിങ്ങള്‍ സ്വയം സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
ഈ സ്ഥാപനം അതിന്റെ വജ്രജൂബിലി ആഘോഷിക്കുകയാണ്. എന്റെ മുന്നില്‍ ഇരിക്കുന്ന വജ്രങ്ങള്‍, ഇന്ന് ബിരുദം സ്വീകരിക്കുന്ന വജ്രങ്ങള്‍, ഇവിടെ നിന്ന് ബിരുദം വാങ്ങി ലോകമെമ്പാടും ഇന്ത്യയ്ക്ക് അഭിമാനമായിരിക്കുന്നവര് ഉള്‍പ്പെടെ എല്ലാ വജ്രങ്ങളും വളരെ പ്രധാനപ്പെട്ടതാണ്.
ഇന്ന് ഈ അവസരത്തില്‍ ആദ്യമായി ഇവിടെ നിന്നു ബിരുദം സ്വീകരിക്കുന്ന ഇന്ത്യയിലെയും വിദേശത്തെയും എല്ലാ വിദ്യാര്‍ത്ഥികളെയും അവരുടെ കുടംബാംഗങ്ങളെയും ആത്മാര്‍ത്ഥമായി അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഇന്ന് ഡോ.റൊമേഷ് വാധ്വാനിക്ക് ഡോക്ടര്‍ ഓഫ് സയന്‍സ് ബിരുദം സമ്മാനിക്കപ്പെട്ടു. ഡോ. വാധ്വാനിക്ക് ഞാന്‍ ആശംസകള്‍ നേരുന്നു. രാജ്യത്തെ സാധാരണ ജനങ്ങളുടെ ആവശ്യങ്ങളുമായി സാങ്കേതിക വിദ്യയെ ബന്ധിപ്പിക്കുന്നതിനായി ജീവിതത്തിലുടനീളം പ്രവര്‍ത്തിച്ചയാളാണ് റൊമേഷ്ജി. വാധ്വാനി ഫൗണ്ടേഷനിലൂടെ സംരംഭകത്വവും, മാറ്റങ്ങളും, നൈപുണ്യവും,
തൊഴിലവസരസാഹചര്യങ്ങളും സൃഷ്ടിക്കുക എന്ന വലിയ നിയോഗം അദ്ദേഹം സ്വയം ഏറ്റെടുത്തു.
വാധ്വാനിജിയെ പോലെ ഇവിടെ നിനിന്നു പഠനം പൂര്‍ത്തിയാക്കിയ നിരവധി വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് സജീവ സംഭാവനകള്‍ നല്കിക്കൊണ്ടിരിക്കുന്നു എന്നത് നിങ്ങള്‍ക്കെല്ലാം വലിയ അഭിമാനമാണ്.
കഴിഞ്ഞ ആറു പതിറ്റാണ്ടു കാലത്തെ സ്ഥിര പരിശ്രമങ്ങളുടെ ഫലമായിട്ടാണ് ഐ.ഐ.ടി ബോബെ, രാജ്യത്തെ തിരരഞ്ഞെടുക്കപ്പെട്ട ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഓഫ് എമിനന്‍സ് നിരയില്‍ സ്വന്തം സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്്. ഈ സ്ഥാപനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1000 കോടി രൂപയുടെ സാമ്പത്തിക സഹായം നിങ്ങള്‍ക്കു ലഭിക്കാന്‍ പോകുന്നു എന്ന് നിങ്ങളെ ഇപ്പോള്‍ അറിയിച്ചല്ലോ. നിങ്ങളെയും ഇതിനായി പ്രവര്‍ത്തിച്ച മുഴുവന്‍ പേരെയും ഞാന്‍ അഭിനന്ദിക്കുന്നു.
ഐ.ഐ.ടികളെ കുറിച്ചും ഐ.ഐ.ടി ബിരുദധാരികളുടെ നേട്ടങ്ങളെ കുറിച്ചും രാജ്യം അഭിമാനിക്കുന്നു. ഐഐടികളുടെ വിജയമാണ് രാജ്യമെമ്പാടുമുള്ള നിരവധി എഞ്ചിനിയറിംങ് കോളജുകളുടെ സ്ഥാപനത്തിലേയ്ക്കു നയിച്ചത്്. അവര്‍ക്കു പ്രചോദനമായത് ഐഐടികളാണ്. സാങ്കേതിക വിദ്യയില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യശക്തി സഞ്ചയമായി ഇത് ഇന്ത്യയെ മാറ്റി. ഐഐടികള്‍, ആഗോളതലത്തില്‍ ഒരു ബ്രാന്‍ഡ് ഇന്ത്യയെ സൃഷ്ടിച്ചു. വര്‍ഷങ്ങളായി അവര്‍ അതു തുടരുന്നു. ഐഐടി ബിരുദധാരികള്‍ അമേരിക്കയിലേക്കു പോകുകയും അവിടെ മികച്ച പദവികളിലെത്തുകയും ചെയ്തു. ആദ്യം സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥികളായും തുടര്‍ന്ന്്്് സാങ്കേതിക വിദഗ്ധരായും, സംരംഭകരായും, കമ്പനി മേധാവികളായും പിന്നെ അധ്യാപക മേഖലയിലും അവര്‍ മികവു തെളിയിച്ചു. ഒരോ കട്ടകള്‍ എടുത്തു വച്ച്, മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ ഓരോ മൗസ് ക്ലിക്കുകളിലൂടെ ഇന്ത്യയിലെ വിവര സാങ്കേതിക മേഖല പടുത്തുയര്‍ത്തിയത് ഇവിടുത്തെ ഐഐടി വിദ്യാര്‍ത്ഥികളാണ്. നേരത്തെ തന്നെ, വിവര സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാര്‍ കഠിനാധ്വാനികളും ബുദ്ധിശാലികളുമാണ് എന്ന് പേരെടുത്തിരുന്നു. ഇതു പക്ഷെ വിദേശങ്ങളിലാണ്, പ്രധാനമായും അമേരിക്കയില്‍. എന്നാല്‍ ഇന്ന്്് വിവരസാങ്കേതിക വികസനത്തിന്റെ കേന്ദ്രമായി ഇന്ത്യ മാറിയിരിക്കുകയാണ്
ഇന്ന് ഇന്ത്യയിലെ മികച്ച സ്റ്റാര്‍ട്ടപ്പുകളുടെ മുന്‍ നിരയില്‍ പ്രവര്ത്തിക്കുന്നത്്് ഐഐടി ബിരുദധാരികളാണ്. ഈ സ്റ്റാര്ട്ടപ്പുകളാകട്ടെ, രാഷ്ട്രം നേരിടുന്ന പല പ്രശ്നങ്ങളും പരിഹരിക്കുന്നതില്‍ മുന്‍ നിരയിലുമുണ്ട്. സ്റ്റാര്‍ട്ടപ്പ് പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും, കോളജ് ജീവിത്തിനു ശേഷം അത്തരം ഒന്ന് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവരും ദയവായി ഓര്‍മ്മിക്കുക, ഇന്നത്തെ വന്‍ കമ്പനികളെല്ലാം ഇന്നലെ സ്റ്റാര്‍ട്ടപ്പുകളായിരുന്നു എന്ന്. ആദര്‍ശനിഷ്ഠയും കഠിനാധ്വാനവും ചുറുചുറുക്കുമാണ് അതിനു പിന്നില്‍. ഇതു തുടരുക, വിട്ടുകളയരുത്, നിങ്ങള്‍ വിജയിക്കും.
മുംബെ പോലുള്ള ഒരു നഗരത്തില്‍ ഇതുപോലുള്ള ഒരു കാമ്പസില്‍ ജീവിക്കാന്‍ സാധിച്ചത് നിങ്ങളുടെ ഭാഗ്യമാണ്. ഒരു വശത്ത് തടാകം, കുന്നുകളും ഉണ്ട്. ഇടയ്ക്ക് ഇവിടെ ചീങ്കണ്ണികളും പുള്ളിപ്പുലികളുമായി നിങ്ങള്‍ നിങ്ങളുടെ കാമ്പസ് പങ്കുവെക്കുന്നു. ഇതിപ്പോള്‍ ഓഗസ്റ്റാണ്. കഴിഞ്ഞ നാലു വര്‍ഷം വളരെ വിസ്മയകരമായ ഒരു പഠനാനുഭവമായിരുന്നു നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇവിടെ ലഭിച്ചത് എന്ന് എനിക്ക് ഉറപ്പുണ്ട്. പിന്തിരിഞ്ഞു നോക്കാനും ഓര്‍മ്മിക്കാനും ഒത്തിരിയുണ്ട്, കോളജ് ആഘോഷങ്ങള്‍, കായിക മേളകള്‍, അധ്യാപക - വിദ്യാര്‍ത്ഥി സംഗമങ്ങള്‍ അങ്ങിനെ അങ്ങിനെ. അതുപോലെ പഠനങ്ങളും. ഞാന്‍ സൂചിപ്പിക്കട്ടെ. നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിനു നല്കാന് സാധിക്കുന്ന ഏറ്റവും മികച്ച പരിശീലനമാണ് നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്നത്. ഇന്ത്യയുടെ നാനാത്വത്തിന്റെ പ്രതീകമാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍, വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍, വിവിധ പശ്ചാത്തലമുള്ളവര്‍, അറിവിനും പഠനത്തിനുമായി ഇവിടെ നിങ്ങള്‍ ഒന്നിച്ചു ചേര്‍ന്നു.
സുഹൃത്തുക്കളെ,
പുതിയ ഒരിന്ത്യയ്ക്കു വേണ്ടി പുതിയ സാങ്കേതിക വിദ്യകള്‍ നിര്‍മ്മിക്കാന്‍
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തെ സ്ഥാപനങ്ങളില്‍ ഒന്നാണ് ഐഐടി ബോംബെ. അടുത്ത രണ്ടു ദശാബ്ദം ലോകം എങ്ങിനെ വികസിക്കണം, എത്ര വികസിക്കണം എന്നു തീരുമാനിക്കുന്നത് പുതിയ സാങ്കേതിക വിദ്യകളും നൂതന കണ്ടുപിടിത്തങ്ങളുമാണ്. ഈ സാഹചര്യത്തില്‍ നിങ്ങളുടെ സ്ഥാപനത്തിന്റെ പങ്ക്, അല്ലെങ്കില്‍ ഐഐടികളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. അത് 5-ജി ബ്രോഡ് ബാന്ഡ്്് സാങ്കേതിക വിദ്യയാകട്ടെ, നിര്‍മ്മിത ബുദ്ധിയാകട്ടെ, ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയാകട്ടെ, ബിഗ് ഡാറ്റ അനലിക്സാകട്ടെ, യന്ത്ര പഠനമാകട്ടെ ഈ വക സാങ്കേതിക വിദ്യകളെല്ലാം മികച്ച നിര്‍മ്മാണങ്ങള്‍ക്കും നാം വിഭാവനം ചെയ്യുന്ന സ്മാര്‍ട്ട് നഗരങ്ങള്‍ക്കും വളരെ പ്രധാനപ്പെട്ടവ തന്നെ.
അല്പം കഴിയുമ്പോള്‍ ഉദ്ഘാടനം ചെയ്യുന്ന പുതിയ മന്ദിരം ഈ ദിശയില്‍ വളരെ പ്രധാനപ്പെട്ടതാണ്. എനര്‍ജി സയന്‍സ് ആന്‍ഡ് എഞ്ചിനിയറിംങ്, സെന്റര്‍ ഫോര്‍ എന്വിറോണ്മെന്റല് സയന്‍സ് ആന്‍ഡ് എഞ്ചിനിയറിംങ് എന്നീ വകുപ്പുകള്‍ ഈ പുതിയ മന്ദിരത്തിലായിരിക്കും പ്രവര്‍ത്തിക്കുക. രാജ്യത്തിനും ലോകത്തിനും മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളികളാണ്്് ഊര്‍ജ്ജവും പരിസ്ഥിതിയും. ഏറ്റവും അടുത്ത ഭാവിയില്‍ തന്നെ, ഈ രണ്ടു മേഖലകളിലും മികച്ച ഗവേഷണങ്ങള്‍ നടക്കുന്ന സാഹചര്യം ഈ സ്ഥലത്ത് സൃഷ്ടിക്കപ്പെടും എന്ന് എനിക്ക് ഉറപ്പുണ്ട്.
ഈ മന്ദിരത്തില്‍ ഒരു സൗരോര്‍ജ്ജ പരീക്ഷണശാല സ്ഥാപിക്കുന്നു എന്നാണ് എനിക്ക് അറിയാന്‍ സാധിച്ചത്. അത് സൗരോര്‍ജ്ജവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ നടത്താന്‍ കുട്ടികള്‍ക്ക് സഹായകരമാകും. സൗരോര്ജ്ജത്തിനൊപ്പം ജൈവ ഇന്ധനവും വരും ദിനങ്ങളില്‍ ശുദ്ധിയുള്ള ഊര്‍ജ്ജത്തിന്റെ സ്രോതസായി മാറാന്‍ പോവുകയാണ്. ചെറുതും വലുതുമായ എല്ലാ എന്‍ജിനിയറിംങ് സ്ഥാപനങ്ങളിലും ഈ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിപ്പിക്കുകയും ഗവേഷണങ്ങള്‍ നടത്തുകയും ചെയ്യണം എന്ന് ലോക ജൈവ ഇന്ധന ദിനത്തില്‍ ഡല്‍ഹിയില്‍ ഞാന്‍ ഇതിനകം തന്നെ പറഞ്ഞു കഴിഞ്ഞു.
സുഹൃത്തുക്കളെ,
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നാണ് രാജ്യവും ലോകവും ഐഐടികളെ അറിയുന്നത്്. പക്ഷെ, ഇന്ന് നമ്മെ സംബന്ധിച്ചിടത്തോളം ആ നിര്‍വചനം അല്പം മാറിയിട്ടുണ്ട്. ഈ സ്ഥാപനങ്ങള്‍ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പഠനത്തില്‍ മാത്രമല്ല ഇപ്പോള്‍ ഒതുങ്ങുന്നത്, അതിനുപരി ഐഐടികള്‍ ഇന്ത്യയുടെ പരിവര്‍ത്തന ഉപകരണങ്ങള്‍ (ഇന്സ്്്ട്രുമെന്റ്സ് ഫോര്‍ ട്രാന്സ്ഫര്മേഷന്) ആണ്്്. നാം പരിവര്‍ത്തനത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ രാജ്യത്ത് മുന്നേറുന്ന സ്റ്റാര്‍ട്ട്പ്പ് വിപ്ലവത്തെ കുറിച്ചു പറയണം. ആ വിപ്ലവത്തിന്റെ സ്രോതസാണ് ഐഐടികള്‍. ലോകം ഇന്ന് ഐഐടികളെ കാണുന്നത് സ്റ്റാര്‍ട്ടപ്പുകളുടെ നഴ്സറി എന്ന നിലയിലാണ്. അതായത് ഇന്ന് ഇന്ത്യയില്‍ ആരംഭിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ ഭാവിയില്‍ ശതലക്ഷം ഡോളറിനു മേല്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളായി മാറും എന്നാണ് കരുതപ്പെടുന്നത്. ഒരു തരത്തില്‍ ലോകം ഭാവിയെ കാണുന്ന സാങ്കേതിക വിദ്യകളുടെ പ്രതിബിംബങ്ങളാണ് ഇതെല്ലാം.
സുഹൃത്തുക്കളെ,
ഇന്ന് ലോകത്തിലുള്ള ശതലക്ഷം ഡോളറിന്റെ സ്റ്റാര്‍ട്ടപ്പുകളില്‍ ഒരു ഡസന്‍ എങ്കിലും ഐഐടികളില്‍ നിന്നു പാസായി പോയവര്‍ തുടങ്ങി വച്ചതാണ്. ഭാവിയിലെ അത്തരം നിരവധി സ്റ്റാര്‍ട്ടപ്പുകളുടെ സ്ഥാപകരെ ഞാന്‍ ഇതാ ഇപ്പോള്‍ എന്റെ മുന്നില്‍ കാണുന്നു.
സുഹൃത്തുക്കളെ,
ഇന്ത്യയെ വികസിത സമ്പദ് വ്യവസ്ഥയാക്കി മാറ്റുന്നതിന്റെ അടിസ്ഥാനശിലയാകാന് പോകുന്നത് പുത്തന്‍ കണ്ടുപിടിത്തങ്ങളും സംരംഭങ്ങളുമാണ്. ഈ അടിത്തറയില്‍ നിന്ന് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സുസ്ഥിര സാങ്കേതിക വിദ്യാ നിയന്ത്രിത സാമ്പത്തിക വളര്‍ച്ച സാധ്യമാണ്. കൃത്യമായി പറഞ്ഞാല്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, അടല്‍ ഇന്നൊവേഷന് മിഷന് തുടങ്ങി നിരവധി പരിപാടികള്‍ ആരംഭിക്കാനുള്ള കാരണം ഇതാണ്. ഈ പദ്ധതികളുടെ എല്ലാം ഫലങ്ങള്‍ ഇപ്പോള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. ഇന്ന് സ്റ്റാര്‍ട്ടപ്പ്് മേഖലയില്‍ ലോകത്തില്‍ രണ്ടാമത്തെ വലിയ അവാസവ്യവസ്ഥയാണ് ഇന്ത്യ. രാജ്യത്ത് ഇതിനോടകം 10,000 സ്റ്റാര്‍ട്ടപ്പുകള്‍ പരിപാലിക്കപ്പെടുന്നുണ്ട്. ഇവയ്ക്കെല്ലാം ആവശ്യമായ ധനം ലഭ്യമാക്കാന്‍ വലിയ ക്രമീകരണങ്ങള്‍ ചെയ്്തിട്ടുണ്ട്.
സുഹൃത്തുക്കളെ,
ഇന്ന് നവീകരണത്തിന്റെ സൂചികയില്‍ (ഇന്നൊവേഷന് ഇന്റക്സ്) നാം സ്ഥിരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസത്തില്‍ നിന്നു പരിസ്ഥിതിയിലേയ്ക്കുള്ള നമ്മുടെ സമഗ്ര സമീപനത്തിന്റെ ഫലം ലോകം കണ്ടു തുടങ്ങിയിരിക്കുന്നു എന്നു സാരം. രാജ്യത്ത് ശാസ്ത്രീയ ചിന്തകള്‍ വളര്‍ത്തുന്നതിനും, ഗവേഷണ നിര്‍വഹണത്തിനുമുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക ഊന്നല്‍ നല്‍കിക്കഴിഞ്ഞു. നവീനതയാണ് 21-ാം നൂറ്റാണ്ടിന്റെ ബിസിനസ് പദം. നവീകരിക്കപ്പെടാത്ത സമൂഹങ്ങള്‍ നിഷ്ക്രിയമായി പോകും. ഇന്ത്യ സ്റ്റാര്‍ട്ടപ്പുകളുടെ ഒരു കേന്ദ്രമായി മാറിയിരിക്കുന്നത്്് നവീനതക്കുള്ള കരുത്ത്്് വളരെ കൂടുതലുണ്ട് എന്നതാണ് കാണിക്കുന്നത്. നാം ഇനിയും ഇത് അടിസ്ഥാനമാക്കി നവീകരണത്തിനും സംരംഭത്തിനുമുള്ള ഏറ്റവും ആകര്‍ഷക ലക്ഷ്യമായി ഇന്ത്യയെ മാറ്റും. എന്നാല്‍ ഇത് ഗവണ്മെന്റിന്റെ പരിശ്രമം കൊണ്ടു മാത്രം സാധിക്കില്ല. നിങ്ങളെ പോലുള്ള ചെറുപ്പക്കാരിലൂടെയാണ് അത് സംഭവിക്കുക. മികച്ച ആശയങ്ങള്‍ ഗവണ്മെന്റ് മന്ദിരങ്ങളിലും നല്ല ഓഫീസുകളിലുമല്ല ഉരുത്തിരിയുക. ഇതുപോലുള്ള കാമ്പസുകളില്‍ നിന്നാണ്, നിങ്ങളെ പോലുള്ള യുവ മനസുകളില്‍ നിന്നാണ്.
ഇന്ത്യയെ നവീകരിക്കൂ, മാനവികതയ്ക്കു വേണ്ടി നവീകരിക്കൂ എന്നാണ് നിങ്ങളോടും നിങ്ങളെ പോലുള്ള മറ്റനേകം ചെറുപ്പക്കാരോടുമുള്ള എന്റെ അഭ്യര്‍ത്ഥന.
കാലാവസ്ഥാ വ്യതിയാന ലഘൂകരണം മുതല്‍ മികച്ച കാര്‍ഷികോത്പാദനം വരെയും ശുദ്ധമായ ഊര്‍ജ്ജം മുതല്‍ ജലസംരക്ഷണം വരെയും, പോഷണ വൈകല്യത്തിനെതിരെയുള്ള പോരാട്ടം മുതല്‍ ഫലപ്രദമായ മാലിന്യസംസ്കരണം വരെയും നമുക്കു മുന്നിലുണ്ട്. ഇന്ത്യയിലെ പരീക്ഷണ ശാലകളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും മികച്ച ആശയങ്ങള്‍ വരും എന്നു നമുക്കു തീര്‍ച്ചയായും കരുതാം. ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയെ നവീകരിക്കുന്നതിനുമായി ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും സാധ്യമായതെല്ലാം നാം ചെയ്യുന്നുണ്ട്.
പുതിയ ഏഴ് ഐ.ഐ.ടി.കള്‍, ഏഴു പുതിയ ഐഐഎമ്മുകള്‍, രണ്ട് ഐസറുകള്‍, 11 ഐ.ഐ.ഐ.ടികള്‍ എന്നിവയ്ക്ക് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ അംഗീകാരം നല്കി. വിദ്യാഭ്യാസത്തിന്റെ സംവിധാനവും അടിസ്ഥാന സൗകര്യങ്ങളും പുനരുജ്ജീവിപ്പിക്കുന്നതിന് റൈസ് (റീവൈറ്റലൈസേഷന്‍ ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് സിസ്റ്റംസ് ഇന്‍ എജ്യൂക്കേഷന്‍) എന്ന പേരില്‍ ഒരു പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതിക്കായി അടുത്ത നാലുവര്‍ഷം ഒരു ലക്ഷം കോടി രൂപയാണ് ചെലവഴിക്കുക. പുതിയ സ്ഥാപനങ്ങളും പുതിയ അടിസ്ഥാന സൗകര്യങ്ങളും വളരെ അത്യാവശ്യമാണ്. എന്നാലും വൈദഗ്ധ്യമുള്ള മനുഷ്യവിഭവം നിര്‍മ്മിക്കപ്പെടുന്നതാണ് കൂടുതല്‍ പ്രധാനം. അതിനാണ് ഗവണ്മെന്റ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതും.
സുഹൃത്തുക്കളെ,
നിലവില്‍ രാജ്യത്തെ കാമ്പസുകളില്‍ ഏഴു ലക്ഷം എഞ്ചിനീയര്‍മാരാണ് പരിശീലനം നേടിക്കൊണ്ടിരിക്കുന്നത്്. ചിലര്‍ വെറും ബിരുദവുമായി പാസായി പോകുന്നു. അവരുടെ നൈപുണ്യം പ്രതീക്ഷിച്ചത്ര വികസിക്കുന്നില്ല. എങ്ങിനെ നിലവാരം മെച്ചപ്പെടുത്താം എന്നതിനെ കുറിച്ച് നിങ്ങള്‍ ചിന്തിക്കണം എന്നാണ് ഇവിടെ സന്നിഹിതരായിരിക്കുന്ന പ്രൊഫസര്‍മാരോടും വിദഗ്ധരോടും എനിക്ക്്് അഭ്യര്ത്ഥിക്കാനുള്ളത്്്. നിങ്ങള്‍ നിര്‍ദ്ദേശങ്ങളുമായി മുന്നോട്ടു വരണം. എണ്ണം മാത്രമല്ല, നിലവാരവും ഉറപ്പാക്കുക എന്നതു നമ്മുടെ എല്ലാവരുടെയും കൂട്ടുത്തരവാദിത്തമാണ്. ഗവണ്മെന്റ് ഇതിനും ശ്രമിക്കുകയാണ്.
ഗവണ്മെന്റ് നടപ്പാക്കിവരുന്ന പ്രധാന മന്ത്രിയുടെ റിസേര്‍ച്ച് ഫെലോ പദ്ധതിയെ കുറിച്ച് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിവുണ്ടാകുമല്ലോ. ഈ പദ്ധതി പ്രകാരം രാജ്യത്തെ സമര്‍ത്ഥരായ ആയിരം എഞ്ചിനിയറിംങ് വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണം നടത്തുന്നതിനായി സാമ്പത്തിക സഹായം ലഭ്യമാക്കി വരുന്നു. ഇതു മാത്രമല്ല, ഈ പദ്ധതിയിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തെ ഐഐടി, ഐഐഎസ് സി പോലെ മികച്ച സ്ഥാപനങ്ങളില്‍ പിഎച്ച.്്ഡി ചെയ്യുന്നിനുള്ള അവസരവും ലഭിക്കും. രാജ്യത്തിനുള്ളില്‍ ഗവേഷണം നടത്തുന്നതിനുള്ള മികച്ച അവസരമാണ് ഈ ഫെലോഷിപ്പ് വഴി നിങ്ങള്‍ ചെറുപ്പക്കാര്‍ക്ക് ലഭ്യമാക്കുന്നത്്. ഐഐടി ബോംബെയിലെ വിദ്യാര്‍ത്ഥികളും ഈ പദ്ധതിയുടെ പ്രയോജനം നേടണം.
സുഹൃത്തുക്കളെ,
ഇവിടെ ഇപ്പോള്‍ സന്നിഹിതരായിരിക്കുന്നവര്‍ ഒന്നുകില്‍ അധ്യാപകര്‍ അല്ലെങ്കില്‍ ഭാവിയിലെ നേതാക്കള്‍ ആണ്. നിങ്ങള്‍ രാജ്യത്തിന്റെ നയരൂപീകരണ മേഖലയില്‍ അല്ലെങ്കില്‍ ഏതെങ്കിലും സ്ഥാപനത്തില്‍ ആണ് പ്രവര്‍ത്തിക്കാന്‍ പോകുന്നത്. നിങ്ങള്‍ സ്വയം പുതിയ സ്റ്റാര്്ട്ടപ്പുകളില് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുമ്പോള്‍ സാങ്കേതിക വിദ്യയും നവീകരണവുമായി ബന്ധപ്പെട്ട് എന്താണ് നിങ്ങള്‍ ചെയ്യാന്‍ പോകുന്നത് എന്ന് നിങ്ങള്‍ക്ക് തീര്‍ച്ചയായും വ്യക്തമായ കാഴ്ച്ചപ്പാട് ഉണ്ടായിരിക്കണം.
സുഹൃത്തുക്കളെ,
പഴയ രീതികള്‍ നമുക്ക് പെട്ടെന്ന് ഉപേക്ഷിക്കാനാവില്ല. ഇതാണ് സമൂഹത്തിന്റെ പ്രശ്്്നം. ഭരണത്തിന്റെയും. ചിന്തിച്ചു നോക്കൂ, ഒരായിരം വര്‍ഷങ്ങള്‍ കൊണ്ട് നാം വളര്‍ത്തിയെടുത്ത ചില സ്വഭാവങ്ങള്‍, നൂറു വര്‍ഷമായി തുടര്‍ന്നു വരുന്ന സംവിധാനം, ആ സംവിധാനങ്ങള്‍ സ്വയം മാറണം എന്ന് ബോധ്യപ്പെടുത്തുക ബുദ്ധിമുട്ടാണ്.എന്നിരുന്നാലും ആത്മസമര്‍പ്പണം, പ്രചോദനം, അഭിലാഷം എന്നിവയാണ് നിങ്ങളുടെ ചിന്തകളുടെയും പ്രവൃത്തികളുടെയും കേന്ദ്രം. അപ്പോള്‍ എല്ലാ പ്രതിസന്ധികളെയും വിജയകരമായി തരണം ചെയ്യാന്‍ നിങ്ങള്‍ക്കു സാധിക്കും.
നിങ്ങള്‍ എല്ലാവരുടെയും ആഗ്രഹങ്ങള്‍, രാജ്യത്തെ ലക്ഷോപലക്ഷം ചെറുപ്പക്കാരുടെ ആഗ്രഹാഭിലാഷങ്ങള്‍ മനസില്‍ വച്ചുകൊണ്ടാണ് ഇന്ന് ഗവണ്മെന്റ് പ്രവര്ത്തിക്കുന്നത്്്. എനിക്കു നിങ്ങളോട് ഒന്നേ അഭ്യര്‍ത്ഥിക്കാനുള്ളു, വിജയിക്കുമോ ഇല്ലയോ, ഇതു ചെയ്യണമോ വേണ്ടയോ എന്നുള്ള വിഷമവൃത്തത്തെ മനസില്‍ നിന്ന് ഒഴിവാക്കുക. പകരം നിങ്ങളുടെ ആഗ്രഹങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഉയര്‍ന്ന ലക്ഷ്യങ്ങള്‍, ഉന്നതമായ ചിന്തകള്‍ നിങ്ങള്‍ കൂടുതല്‍ പ്രചോദിപ്പിക്കും, എന്നാല്‍ ആശയക്കുഴപ്പങ്ങള്‍ നിങ്ങളുടെ പ്രാഗത്ഭ്യത്തിന് അതിരുകള്‍ തീര്‍ക്കും.
സുഹൃത്തുക്കളെ,
കേവലം ആഗ്രഹം മാത്രം ഉണ്ടായാല്‍ പോരാ, ലക്ഷ്യം കൂടി ഉണ്ടായിരിക്കുന്നതാണ് പ്രധാനം. നിങ്ങളില്‍ ഇന്ന് ഈ സ്ഥാപനത്തില്‍ നിന്നു പാസാകുന്നവര്‍ അല്ലെങ്കില്‍ അടുത്ത വര്‍ഷങ്ങളില്‍ പാസാകുന്നവര്‍ എല്ലാവരും ഏതെങ്കിലും സ്ഥാപനങ്ങളില്‍ ചേരാനുള്ളവരാണ്, പുതിയ സ്ഥാപനത്തിനു അടിസ്ഥാനം ഇടാന്‍ പോകുന്നവരാണ്. ഇത്തരം പ്രവൃത്തികളില്‍ നിങ്ങള്‍ രാജ്യത്തിന്റെയും ഈ രാജ്യത്തെ ജനങ്ങളുടെയും ആവശ്യങ്ങള്‍ പരിഗണിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ കൂട്ടുകാര്‍ക്കും നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. ഈ രാജ്യത്തെ 125 കോടി പൗന്മാരുടെ ജീവിതം ക്ലേശരഹിതമാക്കാനുള്ള നിങ്ങളുടെ എല്ലാ പരിശ്രമങ്ങളിലും,എല്ലാ ആശയങ്ങളിലും ഗവണ്മെന്റ് നിങ്ങളുടെ ഒപ്പമുണ്ട്. അതുകൊണ്ടാണ് എപ്പോഴൊക്കെ ഞാന്‍ വിദ്യാര്‍ത്ഥികളോടും ശാസ്ത്രജ്ഞരോടും, സംരംഭകരോടും സംസാരിക്കുമ്പോള്‍, ഞാന്‍ ഐഐടി പോലുള്ള സ്ഥാപനങ്ങള്‍ക്കു ചുറ്റിലും സ്ഥിതിചെയ്യുന്ന നഗരാധിഷ്ഠിത ശാസ്ത്ര കൂട്ടായ്മകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത്.
വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, വ്യവസായവും സ്റ്റാര്‍ട്ടപ്പുകളുമായി ബന്ധപ്പെട്ടവര്‍ എന്നിവര്്ക്കെല്ലാം അവരുടെ ആവശ്യങ്ങള്‍ അനുസരിച്ച് ഒരു സ്ഥലത്ത് തന്നെ ഗവേഷണവും ആശയവിപുലീകരണവും നടത്താനുള്ള അവസരം ലഭ്യമാകും എന്നതാണ് അതിലെ കാര്യം.
ഉദാഹരണത്തിന് നിങ്ങളുടെ സ്ഥാപനം സ്ഥിതി ചെയ്യുന്ന മുംബൈ. ഇതിനു ചുറ്റുമുള്ള വിശാല മുംബൈയില്‍ 800 കോളജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണ്ട്. ഏകദേശം 9 ലക്ഷം യുവാക്കള്‍ ഈ മേഖലയിലെ സ്ഥാപനങ്ങളില്‍ പഠിക്കുന്നു. ഇന്ന് നാം ഇവിടെ ബിരുദദാനത്തിനായി സമ്മേളിച്ചിരിക്കുകയാണ്. ഇന്ന് ഈ സ്ഥാപനത്തിന്റെ വജ്രജൂബിലി കൂടിയാണ്. ഈ അവസരത്തില്‍ നിങ്ങളെ ഒരു പ്രതിജ്ഞയുമായി ബന്ധിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഐഐടി ബോംബെയ്ക്ക് ഒരു നഗരാധിഷ്ഠിത മികവിന്റെ കേന്ദ്രം കൂടിയാകാന്‍ സാധിക്കുമോ?
സുഹൃത്തുക്കളെ,
നിയമം വഴി ഗവണ്മെന്റ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന് കൂടുതല്‍ സ്വയം ഭരണാവകാശം നല്‍കിയിട്ടുള്ള വിവരം നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ. ഐഐഎമ്മില്‍ നിന്നു പഠനം പൂര്‍ത്തിയാക്കുന്നവര്‍ ഈ സ്ഥാപനങ്ങളില്‍ കുറച്ചു കൂടി ക്രിയാത്മകമായ പങ്ക് വഹിക്കണം എന്ന് ഗവണ്മെന്റ് ഊന്നി പറയുന്നു.
അവര്‍ക്ക് ഐഐഎമ്മിന്റെ ഭരണ സമിതിയില്‍ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. ഐഐടികളിലും സമാന നടപടികള്‍ സ്വീകരിക്കാവുന്നതാണ് എന്ന് എനിക്കു തോന്നുന്നു.
ഇങ്ങനെ ആയാല്‍ ഈ സ്ഥാപനത്തിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതൃ സ്ഥാപനത്തിനു വേണ്ടി കുറച്ചു മെച്ചപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ അവസരം ലഭിക്കും. എന്റെ മുന്നിലിരിക്കുന്ന ഓരോരുത്തരും ഭാവിയിലെ പൂര്‍വ വിദ്യാര്‍ത്ഥിയോ വിദ്യാര്‍ത്ഥിനിയോ ആണ്. ഈ സ്ഥാപനത്തെ പുതിയ ഉയരങ്ങളില്‍ എത്തിക്കുന്നതിന് പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്കു സുപ്രധാന പങ്കു വഹിക്കാന്‍ കഴിയും എന്ന എന്റെ ആശയത്തോട് നിങ്ങള്‍ യോജിക്കും എന്നാണ് ഞാന്‍ കരുതുന്നത്. ഐ.ഐ.ടി ബോംബെയ്ക്ക് 50000 പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഉണ്ട് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അവരുടെ അറിവില്‍ നിന്നും അനുഭവത്തില്‍ നിന്നും നിങ്ങള്‍ക്ക് നിരവധി പ്രയോജനങ്ങള്‍ ലഭിക്കും.
സുഹൃത്തുക്കളെ,
ഇവിടെ എത്തുവാന്‍ നിങ്ങള്‍ കഠിനമായി അധ്വാനിച്ചു. ദാരിദ്ര്യം അല്ലായിരുന്നെങ്കില്‍ നിങ്ങളുടെ അനേകം സഹപാഠികള്‍ കൂടി ഇവിടെ എത്തേണ്ടതായിരുന്നു. നിങ്ങള്‍ക്ക് അനേകം സിദ്ധികള്‍ ഉണ്ട്. ഇന്ന് നിങ്ങള്‍ക്ക് അതിന്റെ മികച്ച ഫലം കിട്ടുന്നു. നിങ്ങളെ പോലെ എത്രയോ ലക്ഷങ്ങള്‍ ഇവിടെ എത്തുവാന്‍ കഠിനാധ്വാനം ചെയ്തു പക്ഷെ വിജയിച്ചില്ല. അവര്‍ക്കു കഴിവ് ഇല്ലാഞ്ഞിട്ടല്ല. അവസരങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശവും ഇല്ലാതെ പോയതുകൊണ്ടാണ് അവര്‍ ഇവിടെ എത്താഞ്ഞത്. അത്തരം അനേകം വിദ്യാര്‍ത്ഥികള്‍ക്കു മാര്‍ഗ്ഗനിര്‍ദ്ദേശം നല്കി അവരുടെ ജീവിതത്തില്‍ പുതിയ പ്രകാശവും ഊര്‍ജ്ജവും ചൈതന്യവും പകരാന്‍ നിങ്ങള്‍ക്കു സാധിക്കും.
ഐഐടി ബോംബെ അടുത്തുള്ള സ്കൂളുകള്‍ക്കായി ഒരു ഔട്ട്റീച്ച് പദ്ധതി തയാറാക്കുന്നത് നന്നായിരിക്കും. ആ സ്കൂളുകളിലെ കുട്ടികളെ ഈ കാമ്പസില്‍ കൊണ്ടുവരാനുള്ള ക്രമീകരണങ്ങള്‍ ചെയ്യണം. അങ്ങനെ ശാസ്ത്ര ഗവേഷണത്തില്‍ അവരുടെ താല്പര്യം വര്‍ധിപ്പിക്കണം.
രാജ്യമെമ്പാടുമുള്ള സ്കൂളുകളില്‍ അടല്‍ ടിങ്കറിംങ് ലാബ് എന്ന ഒരു വന്‍ പരിപാടി നടന്നു വരുന്നതായി നിങ്ങള്‍ക്ക് അറിവുണ്ടാകും. നിര്‍മ്മിത ബുദ്ധി, 3- ഡി പ്രിന്റിങ് തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഓരോ കുട്ടിക്കും ഈ പരിപാടിയിലൂടെ പരിചയപ്പെടുത്തുന്നു.
സ്കൂളുകളിലെ ഔട്ട് റീച്ച് പരിപാടി ഈ ദൗത്യത്തിനു സഹായകരമാകും. ചിലപ്പോള്‍ ആ കൗമാര മസ്തിഷ്കങ്ങളില്‍ നിന്നാവും നമ്മെപോലെ മുതിര്‍ന്നവര്‍ക്ക് പുതിയ ആശയങ്ങള്‍ അല്ലെങ്കില്‍ പ്രചോദനം ലഭിക്കുക.
സുഹൃത്തുക്കളെ,
ഇന്നു നിങ്ങള്‍ക്ക് സമ്മാനിച്ചിരിക്കുന്ന ഈ ബിരുദം ലക്ഷ്യത്തോടുള്ള നിങ്ങളുടെ ആത്മസമര്‍പ്പണത്തിന്റെ പ്രതീകമാണ്. ഇതു മനസില്‍ സൂക്ഷിക്കുക. ഇതൊരു നാഴിക കല്ലു മാത്രം. യഥാര്‍ത്ഥ വെല്ലുവിളി ബാഹ്യലോകത്തില്‍ നിങ്ങളെ കാത്തിരിക്കുന്നതേയുള്ളു.
നിങ്ങള്‍ ഇതുവരെ നേടിയതും ഭാവിയില്‍ നേടാന്‍ പോകുന്നതും നിങ്ങളുടെ കുടംബത്തിന്റെയും ഈ രാജ്യത്തെ 125 കോടി പൗരന്മാരുടെയും നിങ്ങളുടെയും പ്രതീക്ഷകള്‍ അതിനോടു ചേര്‍ന്നു നില്ക്കുന്നു. നിങ്ങള്‍ നിര്‍മ്മിക്കാന്‍ പോകുന്നത് പുതിയ തലമുറകളുടെ ഭാവിയാണ്. ആധുനിക ഇന്ത്യയും കരുത്തുള്ളതാകും.
ലക്ഷോപലക്ഷം പ്രതീക്ഷകള്‍ സഫലീകരിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കട്ടെ. ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു. നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.
നിങ്ങളോടൊപ്പം കുറച്ചു സമയം ചെലവഴിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ആ അവസരത്തിന് ഞാന്‍ വളരെ കടപ്പെട്ടിരിക്കുന്നു.
നിങ്ങള്‍ക്കു നന്ദി.